ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം കന്യാകുമാരി വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും. സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന വിവേകാനന്ദപ്പാറയിൽ 45 മണിക്കൂറാണ് മോദി ധ്യാനമിരിക്കുക. .മോദിയുടെ ധ്യാനം മറ്റൊരു തരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണമാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ച ട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടി എഐസിസി ഇലക്ഷൻ കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.
ധ്യാന പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഡി.എം.കെയും നിവേദനം നൽകി. അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ തമിഴ്നാട് ഘടകം മേധാവി കെ സെൽവപെരുന്തഗൈയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.പക്ഷേ, ധ്യാനം പ്രചാരണമായി കാണാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. 2014ലെയും 2019ലെയും ലോക്സഭാ തിരഞ്ഞെടുപ്പു കാലയളവുകളിലും നരേന്ദ്രമോദി സമാനമായ രീതിയിൽ പ്രചാരണത്തിനുശേഷം രണ്ടുദിവസത്തോളം ധ്യാനം നടത്തിയിരുന്നു. ധ്യാനം വാർത്തകളിൽ നിറയുമ്പോഴും പ്രധാനമന്ത്രി ധ്യാനത്തിനായി കന്യാകുമാരി തിരഞ്ഞെടുത്തതിന് പിന്നിലെ ഉദ്ദേശലക്ഷ്യങ്ങൾ അന്വേഷിക്കുകയാണ് ഭൂരിഭാഗവും.
ധ്യാനം പരോക്ഷ പ്രചാരണം
മോദിയുടെ ധ്യാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമുള്ള പരോക്ഷ പ്രചാരണമാണെന്ന ആരോപണം ഇതിനകം തന്നെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചുകഴിഞ്ഞു. മോദിയുടെ മണ്ഡലമായ വാരാണസി അടക്കം ഉത്തർപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാൾ, ബീഹാർ, ഒഡീഷ, ഹിമാചൽപ്രദേശ് ജാർഖണ്ഡ്, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് എന്നിവിടങ്ങളിലെ 57 പാർലമെന്റ് മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ബിജെപിയെ സംബന്ധിച്ച് അതി നിർണായകമാണ്.
400 സീറ്റ് നേടുക എന്ന ലക്ഷ്യത്തിലേക്ക് കുതിക്കാൻ ശനിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്ന ഭൂരിപക്ഷം മണ്ഡലങ്ങളിലെയും വിജയം അതി നിർണായകമാണ്. തുടക്കത്തിൽ 400 സീറ്റ് ഉറപ്പെന്ന മട്ടിൽ മുന്നേറിക്കൊണ്ടിരുന്ന എൻഡിഎ മുന്നണിക്ക് ഇപ്പോൾ ഇക്കാര്യത്തിൽ അത്ര ആത്മവിശ്വാസം പോരെന്നാണ് രാഷ്ട്രീയ നിരീക്ഷകൾ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്. അഗ്നിവീർ പദ്ധതി തൊഴിലില്ലാതാക്കിയെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം ഉത്തർപ്രദേശിലെയും ബീഹാറിലെയും ഉൾപ്പടെ യുവാക്കൾ ഏറ്റെടുത്തോ എന്ന സംശയം ബിജെപിക്കുണ്ട്. അങ്ങനെയെങ്കിൽ ഇവിടെ പ്രതീക്ഷിച്ച വിജയം ഉണ്ടായേക്കാനിടയില്ല എന്നും അവർ കരുതുന്നുണ്ട്.
ഇത് മറികടക്കാൻ ഹിന്ദുവികാരം തീവ്രമാക്കി വോട്ടുനേടുകയാണ് ധ്യാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. കോൺഗ്രസും ഇന്ത്യയും അധികാരത്തിൽ എത്തിയാൽ ന്യൂനപക്ഷങ്ങൾക്ക് മാത്രമാണ് ഗുണമെന്ന് റാലികളിൽ മോദിതന്നെ ആവർത്തിച്ച് പറയുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിലെ രീതിയിൽ നിന്ന് മാറി കടുത്ത വർഗീയ പരാമർശങ്ങളിലേക്ക് ബിജെപി കടന്നതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. തീവ്ര ഹിന്ദുവികാരം വോട്ടെടുപ്പിന്റെ അവസാനംവരെ ജ്വലിപ്പിച്ച് നിറുത്തി പരമാവധി വോട്ടുകൾ തങ്ങൾക്കനുകൂലമാക്കാനാണ് വിവേകാന്ദപ്പാറ തന്നെ ധ്യാനത്തിന് തിരഞ്ഞെടുത്തെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
മാതൃകാപുരുഷൻ
സ്വാമി വിവേകാനന്ദനെ മാതൃകാപുരുഷനായി പ്രധാനമന്ത്രി മോദി പണ്ടേ ബഹുമാനിച്ചിരുന്നു. സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച രാമകൃഷ്ണ മിഷനിൽ ചെറുപ്പത്തിൽ തന്നെ മോദി അംഗമായിരുന്നു. ‘സ്വാമി വിവേകാനന്ദന് ഇന്ത്യയെക്കുറിച്ച് മഹത്തായ ഒരു ദർശനം ഉണ്ടായിരുന്നു, ഈ ദർശനം നിറവേറ്റുന്നതിനായി ഇന്ത്യ പ്രവർത്തിക്കുന്നത് അദ്ദേഹം അഭിമാനത്തോടെ വീക്ഷിക്കുകയാണെന്ന് എനിക്ക് ഉറപ്പുണ്ട്’ എന്ന് കഴിഞ്ഞ വർഷം മിഷന്റെ 125-ാം വാർഷിക ആഘോഷത്തിൽ മോദി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിൽ വിജയം ഏറക്കുറെ ഉറപ്പിച്ച മോദി തന്റെ എക്കാലത്തെയും മാതൃകാ പുരുഷനായ വിവേകാനന്ദനെ സ്മരിക്കുന്നതിനുവേണ്ടിയാണ് ധ്യാനമിരിക്കാൻ ഇവിടെയെത്തിയതെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.
ദക്ഷിണേന്ത്യ കൈപ്പിടിയിലൊതുക്കും?
ഈ വർഷത്തെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുമ്പോൾ തന്നെ ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം 400 സീറ്റെന്നതായിരുന്നു.കേരളം ഉൾപ്പെട്ട ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പരമാവധി സീറ്റുകൾ നേടിയാലേ ഇത് സാദ്ധ്യമാകൂ എന്നും അവർ നന്നായി മനസിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മാസങ്ങൾ ഉള്ളപ്പോൾ തന്നെ ഇതിനുള്ള വഴികളും അവർ കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള യാത്രകളിൽ മൂന്നിലൊന്നും കഴിഞ്ഞ മൂന്നുവർഷത്തിനിടെയായിരുന്നു എന്നത് ഇതിന് ഏറ്റവും വലിയ ഉദാഹരണം.
ഏറെ പ്രതീക്ഷ വച്ചുപുലർത്തുന്ന തമിഴ്‌നാട്ടിൽ മാത്രം 2024ൽ ഏഴ് തവണയാണ് മോദി എത്തിയത്. തമിഴ്‌നാട്ടിലെ 39 സീറ്റുകളിൽ ഏറിയകൂറും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി ഉയരുമെന്ന് നേരത്തേ തന്നെ മോദി പ്രവചിച്ചു. ഇക്കഴിഞ്ഞ 20 ന് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു: “ജനങ്ങളുടെ വികാരത്തിൽ ഞങ്ങൾ ഇതിനകം ഒരു കുതിച്ചുചാട്ടം കണ്ടുകഴിഞ്ഞു, ഈ മേഖലയിൽ ഞങ്ങൾക്ക് സീറ്റ് വിഹിതത്തിലും വോട്ട് വിഹിതത്തിലും വലിയ മാറ്റം കാണുന്നുണ്ട്’. ഉയർന്ന വിജയത്തിന്റെ സൂചനയായാണ് ധ്യാനിക്കാൻ കന്യാകുമാരിയിലെ വിവേകാന്ദപ്പാറ തന്നെ തിരഞ്ഞെടുത്തതെന്നാണ് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്.
വിവേകാനന്ദപ്പാറ
ഇന്ത്യയുടെ തെക്കേ മുനമ്പായ കന്യാകുമാരിയിൽ നിന്ന് 500 മീറ്റർ മാറി കടലിലാണ് വിവേകാനന്ദപ്പാറ. 1892 ഡിസംബറിൽ സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന പാറയിൽ 1070 ലാണ് ഇന്നുകാണുന്ന തരത്തിൽ സ്മാരകമുയർന്നത്. ഇവിടേക്ക് ഇപ്പോൾ ബോട്ട് സർവീസുണ്ട്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്ന് ആയിരങ്ങളാണ് ഓരോദിവസവും ഇവിടെ സന്ദർശിക്കാനെത്തുന്നത്. പ്രധാനമന്ത്രി മോദി ആദ്യമായാണ് ഇവിടെ ധ്യാനത്തിനെത്തുന്നത്.
Source link