മോദി ഇന്ന് തിരുവനന്തപുരത്ത്, കോപ്റ്ററിൽ കന്യാകുമാരിക്ക്

തിരുവനന്തപുരം:സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന കന്യാകുമാരിയിലെ വിവേകാനന്ദപാറയിൽ 45 മണിക്കൂർ ധ്യാനമിരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും.

ലോക് സഭാ തിരഞ്ഞെടുപ്പിൽ അവസാനഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം തീരുന്ന ദിവസമാണിന്ന്. വോട്ടെടുപ്പ് നടക്കുന്ന ജൂൺ ഒന്നുവരെയാണ് ധ്യാനം.

പ്രചാരണപരിപാടികളിൽ പങ്കെടുത്തശേഷമാണ് ഉച്ചയ്ക്ക് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രതിരോധ മേഖലയിൽ എത്തുന്നത്. ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്ക് തിരിക്കും. തിരുവനന്തപുരത്ത് സ്വീകരണമോ ചടങ്ങുകളോ ഇല്ല.

വിമാനത്താവളത്തിലും കന്യാകുമാരിയിലും അതിശക്തമായസുരക്ഷ ഒരുക്കിയിട്ടുണ്ട്.

അതേസമയം, മോദിയുടെ ധ്യാനം മറ്റൊരു തരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണമാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ച ട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടി എ.ഐ.സി.സി ഇലക്ഷൻ കമ്മിഷന് പരാതി നൽകി. ധ്യാന പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഡി.എം.കെയും നിവേദനം നൽകി. അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ തമിഴ്നാട് ഘടകം മേധാവി കെ സെൽവപെരുന്തഗൈയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.

2014ലെയും 2019ലെയും ലോക്സഭാ തിരഞ്ഞെടുപ്പു കാലയളവുകളിലും നരേന്ദ്രമോദി സമാനമായ രീതിയിൽ പ്രചാരണത്തിനുശേഷം രണ്ടുദിവസത്തോളം ധ്യാനം നടത്തിയിരുന്നു. രണ്ട് തവണയും ഉത്തരാഖണ്ഡിൽ ആയിരുന്നു ധ്യാനം.


Source link
Exit mobile version