മിന്നൽ പ്രളയത്തിന് സാദ്ധ്യത; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ജൂൺ രണ്ടുവരെ നിർണായകം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ദിവസം വരെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ രണ്ടുവരെ കേരളത്തിൽ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം എല്ലാ ജില്ലകളിലും ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചു.കൊച്ചി,തിരുവനന്തപുരം നഗരങ്ങൾ വെള്ളത്തിൽ മുങ്ങി. തലസ്ഥാനത്ത് ഒന്നര മണിക്കൂറിൽ 52 മില്ലി മീറ്ററും നോർത്ത് പറവൂറിൽ രണ്ടു മണിക്കൂറിൽ 94 മില്ലി മീറ്ററും മഴ പെയ്തു. കളമശേരിയിൽ ഒരു മണിക്കൂറിൽ 60 മില്ലീ മീറ്ററും കണ്ണൂർ ചേരുവഞ്ചേരിയിൽ അര മണിക്കൂറിൽ 61 മില്ലി മീറ്ററും പെയ്തു.
മിന്നൽ പ്രളയത്തിന് സാദ്ധ്യത
മിന്നൽ പ്രളയമുണ്ടാകാം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാവും. കൂമ്പാര മേഘങ്ങൾ രൂപപ്പെട്ട് മേഘവിസ്ഫോടനം സംഭവിക്കാം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും കൂടും.
കാലവർഷം സ്ഥിരീകരിക്കുന്നത്
കേരളത്തിലും കർണാടകയിലും ലക്ഷദ്വീപിലുമായി സ്ഥാപിച്ചിട്ടുള്ള 14 മഴമാപിനികളിൽ ഒമ്പതെണ്ണത്തിലെങ്കിലും തുടർച്ചയായി രണ്ടുദിവസം 2.5 മില്ലിമീറ്ററോ അതിൽ കൂടുലോ മഴ രേഖപ്പെടുത്തണം. അറബിക്കടലിലെ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടണം. ഭൂമിയിൽ നിന്ന് ഉയരത്തിലേക്കു പോകുന്ന ചൂടിന്റെ വികിരണ തോത് കുറയണം. ഇവ ഒത്തുവരുമ്പോഴാണ് കാലവർഷമാവുന്നത്. കഴിഞ്ഞ വർഷം ജൂൺ എട്ടിനാണെത്തിയത്. 2022ൽ മേയ് 29നെത്തി.
കേരളത്തിൽ കനത്ത മഴ
കഴിഞ്ഞ ദിവസം നാലു മണിക്കൂറിലേറെ തുടർച്ചയായി പെയ്ത മഴയിൽ സംസ്ഥാനത്ത് പലയിടത്തും വെള്ളക്കെട്ട്. തിരുവനന്തപുരം, കൊച്ചി നഗരങ്ങൾ മഴയിൽ മുങ്ങി. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോടും കിള്ളിയാറും കരകവിഞ്ഞു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ശ്രീകോവിലിനുചുറ്റും വെള്ളം നിറഞ്ഞു. 100 ഓളം വീടുകളിൽ വെള്ളം കയറി. കമ്പോളമായ ചാലയിലും മുട്ടൊപ്പം വെള്ളം.
കൊല്ലത്ത് മുണ്ടയ്ക്കലിൽ കടലാക്രമണം. ആലപ്പുഴയിൽ ദേശീയ പാതയിലുൾപ്പടെ വെള്ളം കയറി. മൂന്നു വീട് പൂർണമായും 13 വീട് ഭാഗീകമായും തകർന്നു.1000ത്തോളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. 12 ക്യാമ്പുകളിലായി 392 കുടുംബങ്ങളുണ്ട്. തിരുവല്ലയിൽ മൂന്നു വീടുകൾ ഭാഗീകമായി തകർന്നു.മണിമലയാർ കരകവിഞ്ഞു. കോട്ടയത്ത് മീനച്ചിലാർ കരകവിഞ്ഞു. ഇടുക്കിയിൽ ചെറുതോണി പുഴയിൽ ജലനിരപ്പുയർന്നു.
കൊച്ചിയിൽ ഇൻഫോപാർക്ക് ക്യാമ്പസിലും കളമശേരി മൂലേപ്പാടത്തെ നൂറോളം വീടുകളിലും വെള്ളം കയറി. ഫയർഫോഴ്സ് ജിഗ്ഗി ബോട്ട് എത്തിച്ച് മൂലേപ്പാടത്തെ കുടുംബങ്ങളെ മാറ്റി. കുന്നുംപുറം ആലപ്പാട് നഗറിൽ വെള്ളം കയറിയ വീടുകളിൽ നിന്ന് ജെ.സി.ബിയുടെ സഹായത്തോടെയാണ് താമസക്കാരെ മാറ്റിയത്.
Source link