കൃഷ്‌ണകുമാർ രണ്ട് ലക്ഷത്തിന് മേൽ വോട്ട് നേടിയാൽ സന്തോഷിക്കുന്നത് മുകേഷോ? കൊല്ലത്തെ സംസാരം ഇങ്ങനെ
ഏഴു ഘട്ടങ്ങൾ നീളുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് മാമാങ്കത്തിന് ശനിയാഴ്ച തിരശീല വീഴുന്നതോടെ ആകാംക്ഷയുടെ നെറുകയിൽ ഫലം കാത്തിരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും ചങ്കിടിപ്പിന്റെ നാളുകളാണിനി. ജൂൺ 4 ലെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഉറ്റുനോക്കുകയാണ് ഏവരും. കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ ആരാകും വാഴുക, ആരാകും വീഴുക എന്ന ഉത്ക്കണ്ഠയുടെ മണിക്കൂറുകളാകും ഇനി വോട്ടർമാരുടെയും സ്ഥാനാർത്ഥികളുടെയും മനസിൽ. യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.എസ്.പിയിലെ എൻ.കെ പ്രേമചന്ദ്രൻ മൂന്നാമതും വാഴുമോ എന്ന് ഏവരും ഉറ്റു നോക്കുമ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എമ്മിലെ എം. മുകേഷ് ജയിച്ച് എം.പി ആകുമോ അതോ കൊല്ലം എം.എൽ.എ ആയി തുടരുമോ എന്ന ചോദ്യത്തിനും ഉത്തരമാകും. എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പിയിലെ ജി.കൃഷ്ണകുമാർ അത്ഭുതമൊന്നും കാട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും പാർട്ടിക്ക് നല്ലൊരു മുന്നേറ്റം മണ്ഡലത്തിൽ ഉണ്ടാക്കാനായോ എന്നതാകും ബി.ജെ.പി കേന്ദ്രങ്ങൾ ഉറ്റുനോക്കുക.
കുറഞ്ഞ പോളിംഗ് ശതമാനം
2014 ലെയും 2019 ലെയും പോളിംഗ് ശതമാനത്തെക്കാൾ കുറവാണ് ഈ തിരഞ്ഞെടുപ്പിലെ ശതമാനം എന്നതാണ് മുന്നണികളെ അസ്വസ്ഥരാക്കുന്നത്. 2014 ൽ 72.10 ശതമാനം പോളിംഗായിരുന്നെങ്കിൽ 2019 ൽ 74.66 ശതമാനമായി ഉയർന്നു. എന്നാൽ ഇക്കുറി 68.09 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 2019 ലെ തിരഞ്ഞെടുപ്പിലെക്കാൾ 64,000 വോട്ടർമാർ ഇക്കുറി വിട്ടുനിന്നുവെന്നാണ് കണക്കുകൾ നൽകുന്ന സൂചന. കടുത്ത വേനൽചൂടും പോളിംഗ് ഇഴഞ്ഞുനീങ്ങിയതും വോട്ടർമാരിൽ പലരെയും വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചതായാണ് വിലയിരുത്തിയത്. കുറഞ്ഞ പോളിംഗ് ശതമാനക്കണക്കിന്റെ പ്രതിഫലനം വിജയിക്കുന്ന സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷത്തിലാകും തെളിയുക. സിറ്റിംഗ് എം.പി കൂടിയായ എൻ.കെ പ്രേമചന്ദ്രൻ തുടർച്ചയായി മൂന്നാം തവണയും വിജയപ്രതീക്ഷ പുലർത്തുന്നുണ്ടെങ്കിലും പോളിംഗ് ശതമാനത്തിലെ കുറവ് തന്റെ ഭൂരിപക്ഷത്തിൽ മുൻതവണത്തെ അപേക്ഷിച്ച് വിള്ളലുണ്ടാക്കുമെന്ന സംശയത്തിലാണ്. 2014 ൽ ഭേദപ്പെട്ട ഭൂരിപക്ഷത്തിലും 2019 ൽ റെക്കാഡ് ഭൂരിപക്ഷത്തിലും വിജയിച്ച പ്രേമചന്ദ്രന് മൂന്നാം തവണയും ജയം ആവർത്തിക്കുമെന്നതിൽ സംശയമില്ല. കഴിഞ്ഞ 10 വർഷമായി തങ്ങളിൽ നിന്ന് വഴുതിപ്പോയ കൊല്ലം സീറ്റ് എം. മുകേഷിലൂടെ തിരിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് സി.പി.എമ്മും എൽ.ഡി.എഫും. പ്രേമചന്ദ്രനെ തോൽപ്പിക്കുകയെന്നത് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ കൂടി ലക്ഷ്യമാണ്. പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവ് തങ്ങളെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി നേതൃത്വം. തുടക്കത്തിൽ ത്രികോണപ്പോരിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ കൃഷ്ണകുമാറെന്ന സിനിമ താരത്തിലൂടെ ബി.ജെ.പി ക്ക് കഴിഞ്ഞെങ്കിലും പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളിൽ ആ ടെമ്പോ നിലനിർത്താനായോ എന്ന സംശയം അവർക്കുണ്ട്. എങ്കിലും വിജയമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
അലയടിച്ചത് നിശബ്ദ തരംഗം
ഈ തിരഞ്ഞെടുപ്പിൽ പ്രത്യേകിച്ച് രാഷ്ട്രീയ തരംഗമൊന്നും അലയടിച്ചില്ലെങ്കിലും സംസ്ഥാന സർക്കാരിനെതിരായ നിശബ്ദ തരംഗം അലയടിച്ചുവെന്നും അത് തനിക്ക് പ്രയോജനം ചെയ്തെന്നും എൻ.കെ പ്രേമചന്ദ്രൻ പറയുമ്പോൾ കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനയും, പൗരത്വ നിയമത്തിലൂടെ ന്യൂനപക്ഷങ്ങളെ പാർശ്വവത്ക്കരിക്കുന്ന കേന്ദ്രനീക്കവുമായിരുന്നു എൽ.ഡി.എഫിന്റെ പ്രചരണായുധങ്ങൾ. സംസ്ഥാനസർക്കാരിന്റെ പ്രവർത്തനമോ വികസനമോ എവിടെയും ചർച്ചയായില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും കേരളത്തിലെ ഇരുമുന്നണികളുടെയും ജനവിരുദ്ധതയും അക്കമിട്ട് നിരത്തിയായിരുന്നു എൻ.ഡി.എ പ്രചാരണം. കഴിഞ്ഞ ഒരു വർഷമായി വ്യക്തമായ ലക്ഷ്യത്തോടെയുള്ള പാർട്ടി സംഘടനാ സംവിധാനവും പ്രചാരണത്തിൽ ഇരുമുന്നണികൾക്കുമൊപ്പം നിൽക്കാൻ ബി.ജെ.പിയെ പ്രാപ്തമാക്കിയെന്നാണ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഭൂരിപക്ഷം എത്രത്തോളം ?
എൻ.കെ പ്രേമചന്ദ്രൻ 2019 ൽ 1,48,846 എന്ന റെക്കാഡ് ഭൂരിപക്ഷം നേടിയാണ് സി.പി.എമ്മിലെ കെ.എൻ ബാലഗോപാലിനെ തോൽപ്പിച്ചത്. 2014 ൽ സി.പി.എമ്മിലെ എം.എ ബേബിയെ തോൽപ്പിച്ചത് 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിലും. പ്രതികൂലമായ ഘടകങ്ങളൊന്നും ഇല്ലാത്ത ഇക്കുറി 2019 ൽ ലഭിച്ച ഭൂരിപക്ഷം നിലനിർത്താൻ പ്രേമചന്ദ്രനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും സർക്കാർ വിരുദ്ധ വികാരവും ന്യൂനപക്ഷവിഭാഗങ്ങളിൽ നിന്നുള്ള അകമഴിഞ്ഞ പിന്തുണയും ഇത്തവണയും വിജയത്തെ പ്രതികൂലമായി ബാധിക്കില്ലെങ്കിലും 2019 ലെ ഭൂരിപക്ഷത്തിനടുത്തു വരുമോ എന്നാണറിയേണ്ടത്. മുൻതിരഞ്ഞെടുപ്പുകളിൽ നേടിയ വോട്ടിംഗ് ശതമാനത്തിൽ നിന്ന് എത്രശതമാനം വർദ്ധിപ്പിക്കാമെന്നാണ് ബി.ജെ.പി നേതൃത്വം ഉറ്റുനോക്കുന്നത്. 2014 ൽ കൊല്ലത്ത് എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന പി.എം വേലായുധന് ലഭിച്ചത് വെറും 58,671 വോട്ടായിരുന്നു. പോൾ ചെയ്ത വോട്ടിന്റെ 6.67 ശതമാനം. എന്നാൽ 2019 ൽ അഡ്വ. കെ.വി സാബു 1,03,339 വോട്ട് നേടി ശതമാനം 10.66 ആയി ഉയർത്തി. മണ്ഡലത്തിലെ ബി.ജെ.പി പ്രവർത്തകർക്ക് പോലും സുപരിചിതനല്ലാത്ത സ്ഥാനാർത്ഥി ആയിരുന്നു കെ.വി സാബു. ഇക്കുറി ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവും സിനിമ താരവുമായ കൃഷ്ണകുമാർ വോട്ട് ശതമാനം ഗണ്യമായി ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം. ഇക്കാര്യത്തിൽ എൽ.ഡി.എഫിനുള്ള പ്രത്യേക താത്പര്യവും കാണാതെ പോകരുത്. അതായത്, കൃഷ്ണകുമാർ രണ്ട് ലക്ഷത്തിനു മേൽ വോട്ടുകൾ നേടിയാൽ അത് കൂടുതൽ ബാധിക്കുക യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രനെ ആയിരിക്കുമെന്നതാണ് അവർ മന:പായസം ഉണ്ണുന്നതിന്റെ പൊരുൾ. കൃഷ്ണകുമാറിന് വോട്ട് ഇതിലും കൂടുതൽ ലഭിച്ചാൽ പ്രേമചന്ദ്രന്റെ ഭൂരിപക്ഷത്തിൽ ഗണ്യമായ കുറവുണ്ടാക്കാനോ, എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിന്റെ വിജയം സുനിശ്ചിതമാക്കാനോ കഴിയുമെന്ന കണക്കുകൂട്ടലുമുണ്ട് എൽ.ഡി.എഫിന്.
മുന്നണികളെ മാറി മാറി വരിച്ചു
1957 മുതലുള്ള കൊല്ലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും മാറിമാറി വിജയിപ്പിച്ചതായി കാണാം. 2014, 2019 തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച പ്രേമചന്ദ്രൻ 1996 ലും 1999ലും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ചിരുന്നു. 2008ലെ മണ്ഡല പുനക്രമീകരണത്തിന്റെ ഭാഗമായാണ് കൊല്ലം ലോക്‌സഭാ മണ്ഡലം ഇപ്പോഴത്തെ നിലയിൽ രൂപീകൃതമായത്. ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലം ലോക്‌സഭയുടെ ഭാഗമായി വരുന്നത്. കുണ്ടറ ഒഴികെ ആറിടത്തും എൽ.ഡി.എഫിന്റെ എം.എൽ.എ മാർ. കർഷക സംഘടനകളും ചെറുകിട വ്യവസായങ്ങളും നിരവധിയുള്ള കൊല്ലത്ത് ഇടത് പാർട്ടികൾക്ക് ശക്തമായ വേരോട്ടമാണുള്ളത്. സി.പി.എമ്മിനൊപ്പം ആർ.എസ്.പിയും കോൺഗ്രസും ഇവിടെ വിജയിച്ചിട്ടുണ്ട്. 1957ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി വിജയം കണ്ടെങ്കിലും 1962 മുതൽ 1977വരെ ആർ.എസ്.പി നേതാവായിരുന്ന എൻ. ശ്രീകണ്ഠൻ നായരാണ് തുടർച്ചയായി വിജയിച്ചത്. 1980 ൽ കോൺഗ്രസ് സ്ഥാനാർത്ഥി ബി. കെ നായർ അട്ടിമറി വിജയം നേടി. 1984 ൽ കോൺഗ്രസ് സ്ഥാനാർത്ഥി എസ്. കൃഷ്ണകുമാർ വിജയിച്ചു. 1989, 1991 ലും കൃഷ്ണകുമാർ വിജയം ആവർത്തിച്ചു. 1996 ലാണ് എൻ.കെ പ്രേമചന്ദ്രൻ ആദ്യമായി ഇവിടെ വിജയിച്ചത്. രണ്ട് വർഷത്തിനു ശേഷം 1998 ലും പ്രേമചന്ദ്രനായിരുന്നു ജയം. എന്നാൽ 1999 ൽ ആർ.എസ്.പിയിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത സി.പി.എം, പി. രാജേന്ദ്രനിലൂടെ തങ്ങളുടെ അധീനതയിലാക്കി. 2004 ലും പി.രാജേന്ദ്രൻ വിജയം ആവർത്തിച്ചെങ്കിലും 2009 ൽ കോൺഗ്രസിലെ എൻ. പീതാംബരക്കുറുപ്പിനോട് പരാജയപ്പെട്ടു. 2014 ൽ ആർ.എസ്.പി മുന്നണിമാറി യു.ഡി.എഫിലെത്തിയതോടെ വീണ്ടും മത്സരരംഗത്തെത്തിയ എൻ.കെ പ്രേമചന്ദ്രൻ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ എം.എ ബേബിയെ അട്ടിമറിച്ച് ജയം സ്വന്തമാക്കി. 2019 ലും വിജയം ആവർത്തിച്ചു. കൊല്ലത്ത് ഹാട്രിക് വിജയം നേടാൻ പ്രേമചന്ദ്രനാകുമോ ? 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം എം. മുകേഷിലൂടെ സീറ്റ് തിരികെ പിടിക്കാൻ സി.പി.എമ്മിനാകുമോ ? ബി.ജെ.പി എന്തെങ്കിലും അത്ഭുതം കാട്ടുമോ ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിന് ജൂൺ 4 വരെ കാത്തിരുന്നാൽ മതി.
Source link