ന്യൂയോർക്ക്: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ 11 അംഗങ്ങളെ ഇറക്കാൻ സാധിച്ചില്ലെങ്കിലും ഓസ്ട്രേലിയയ്ക്ക് ജയം. ലോകകപ്പ് ടീമിലുള്ള 11 കളിക്കാരെയാണ് ഓസ്ട്രേലിയയ്ക്ക് അണിനിരത്താൻ സാധിക്കാതിരുന്നത്. ലോകകപ്പ് സംഘത്തിലെ ഒന്‍പതുപേരുമായി നമീബിയയ്ക്കെതിരേ കളിച്ച ഓസ്ട്രേലിയ 10 ഓവർ ബാക്കിവച്ച് ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി. സ്കോർ: നമീബിയ 119/9 (20), ഓസ്ട്രേലിയ 123/3 (10). ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് ബൗളിംഗ് തെരഞ്ഞെടുത്തു. അതോടെ ചീഫ് സെലക്ടർ ജോർജ് ബെയ്ലിയും ഫീൽഡിംഗ് കോച്ച് ആന്ദ്രേ ബൊറോവെക്കും മൈതാനത്തെത്തി ആളെണ്ണം തികച്ചു. പേരെഴുതാത്ത ജഴ്സി ധരിച്ചായിരുന്നു ഇവർ കളത്തിലെത്തിയത്. ഓസീസ് ബൗളർമാരായ ആദം സാംപ മൂന്നും ജോഷ് ഹെയ്സൽവുഡ് രണ്ടും വിക്കറ്റ് വീഴ്ത്തി. സാനെ ഗ്രീനായിരുന്നു (30 പന്തിൽ 38) നമീബിയയുടെ ടോപ് സ്കോറർ. 120 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്കുവേണ്ടി ഡേവിഡ് വാർണർ (21 പന്തിൽ 51 നോട്ടൗട്ട്) അർധസെഞ്ചുറി നേടി. ടിം ഡേവിഡ് (16 പന്തിൽ 23), മിച്ചൽ മാർഷ് (14 പന്തിൽ 18), ജോഷ് ഇംഗ്ലിഷ് (നാല് പന്തിൽ അഞ്ച്) എന്നിവരുടെ വിക്കറ്റാണ് ഓസ്ട്രേലിയയക്ക് നഷ്ടപ്പെട്ടത്. മാത്യു വേഡ് (അഞ്ച് പന്തിൽ 12 നോട്ടൗട്ട്) വാർണറിനൊപ്പം പുറത്താകാതെ നിന്നു. ഐപിഎൽ ഫൈനലിലും പ്ലേ ഓഫിലും പങ്കെടുത്ത താരങ്ങൾ വിശ്രമത്തിനുശേഷം ടീമിനൊപ്പം ചേരാത്തതാണ് ആളെണ്ണം തികയ്ക്കാൻ ഓസ്ട്രേലിയൻ ടീം ബുദ്ധിമുട്ടാൻ കാരണം. ജൂണ്‍ ആറിന് ഒമാനെതിരേയാണ് ലോകകപ്പിൽ ഓസ്ട്രേലിയയുടെ ആദ്യ മത്സരം.
Source link