ലണ്ടൻ: കഴിഞ്ഞവർഷം ലോകത്തു വധശിക്ഷകൾ വൻതോതിൽ വർധിച്ചെന്നും ഇറാനാണ് ഇതിനു കാരണമെന്നും ആംനസ്റ്റി ഇന്റർനാഷണൽ സംഘടനയുടെ വാർഷിക റിപ്പോർട്ട്. 2023 വർഷത്തിൽ 16 രാജ്യങ്ങളിലായി 1,153 പേരാണു വധശിക്ഷയ്ക്കിരയായത്. ചൈന, ഉത്തരകൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ കണക്ക് ഇതിൽ ഉൾപ്പെടുന്നില്ല. എട്ടു വർഷത്തിനുശേഷം ഏറ്റവും കൂടുതൽ പേർ വധശിക്ഷയ്ക്കിരയായ വർഷമായിരുന്നു 2023. 2015ലെ 1,634 ആണ് ഇതിനു മുന്‍പത്തെ ഉയർന്ന കണക്ക്. 2023ലെ വധശിക്ഷകളിൽ 74 ശതമാനവും (853 പേർ) ഇറാനിലായിരുന്നു. 2022ൽ 576ഉം 2021ൽ 314ഉം ആയിരുന്നു സംഖ്യ. ഇറാനിലെ വധശിക്ഷകളിൽ പകുതിയിലധികവും മയക്കുമരുന്നു കുറ്റകൃത്യങ്ങളുടെ പേരിലാണ്. പാശ്ചാത്യ വികസിത രാജ്യങ്ങളിൽ അമേരിക്കയിൽ മാത്രമാണു വധശിക്ഷ തുടരുന്നത്. 2023ൽ 24 പേർ അമേരിക്കയിൽ വധശിക്ഷയ്ക്കിരയായി. 2022ൽ 18 ആയിരുന്നു. വധശിക്ഷ നിലവിലുള്ള ബലാറൂസ്, ജപ്പാൻ, മ്യാൻമർ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിൽ ഒരാൾപോലും കഴിഞ്ഞവർഷം ഇതിനിരയായില്ല. ചൈനയിൽ ഓരോ വർഷവും ആയിരക്കണക്കിനു പേർ വധശിക്ഷയ്ക്കിരയാകുന്നുണ്ടെന്നാണ് അനുമാനം. പക്ഷേ കണക്കുകൾ സർക്കാർ പുറത്തുവിടാത്തതിനാൽ ആംനസ്റ്റിയുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. ഉത്തരകൊറിയ, വിയറ്റ്നാം രാജ്യങ്ങളിലെ കണക്കും ലഭ്യമല്ല.
Source link