അൽകരാസ് സ്റ്റൈൽ
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ സ്പെയിനിന്റെ യുവതാരം കാർലോസ് അൽകരാസ് മൂന്നാം റൗണ്ടിൽ. നാല് സെറ്റ് നീണ്ട രണ്ടാം റൗണ്ട് പോരാട്ടത്തിൽ നെതർലൻഡ്സിന്റെ ജെസ്പർ ഡി ജോങിനെയാണ് അൽകരാസ് കീഴടക്കിയത്. മൂന്നാം സെറ്റിൽ മാത്രമാണ് അൽകരാസ് കോർട്ടിൽ ഡി ജോങിന് അവസരം നൽകിയത്. സ്കോർ: 6-3, 6-4, 2-6, 6-2. വനിതാ സിംഗിൾസിൽ അമേരിക്കയുടെ സോഫിയ കെനിൻ, സ്പെയിനിന്റെ പൗല ബഡോസ എന്നിവർ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. സീഡില്ലാത്ത ഇരുവരും സീഡുള്ള താരങ്ങളെ കീഴടക്കിയാണ് മുന്നേറിയത്. 21-ാം സീഡുകാരിയായ കരോളിൻ ഗാർസ്യയെ 3-6, 3-6ന് കെനിൻ തോൽപ്പിച്ചു. 26-ാം സീഡായ ബ്രിട്ടന്റെ കാറ്റി ബോൾട്ടറിനെയാണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ബഡോസ കീഴടക്കിയത്. സ്കോർ: 4-6, 7-5, 6-4. എട്ടാം സീഡായ ടുണീഷ്യയുടെ ഒണ്‍സ് ജബേറും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കൊളംബിയയുടെ കാമില ഒസോറിയൊയെയാണ് ജബേർ കീഴടക്കിയത്, 6-3, 1-6, 6-3. ജോക്കോ മുന്നേറ്റം നിലവിലെ ചാന്പ്യനായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് പുരുഷ സിംഗിൾസിൽ രണ്ടാം റൗണ്ടിൽ. ഫ്രഞ്ച് താരം പിയറി ഹ്യൂഗ്സ് ഹെർബർട്ടിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് ജോക്കോവിച്ചിന്റെ മുന്നേറ്റം. സ്കോർ: 6-4, 7-6 (7-3), 6-4. ഈ വർഷം ഇതുവരെ ഒരു ഫൈനൽ കളിക്കാൻ ജോക്കോവിച്ചിനു സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ജോക്കോയുടെ ലോക ഒന്നാം നന്പർ സ്ഥാനത്തിന് ഇറ്റലിയുടെ യാനിക് സിന്നർ ശക്തമായ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഹ്യൂഗ്സിനെതിരായ രണ്ടാം സെറ്റിൽ മാത്രമേ ജോക്കോ പതറിയുള്ളൂ. സെർവ് നഷ്ടപ്പെടുത്തിയ ജോക്കോ ടൈബ്രേക്കറിലൂടെയായിരുന്നു രണ്ടാം സെറ്റ് നേടിയത്.
Source link