KERALAMLATEST NEWS

മഴ ഉച്ചിയിൽ നിൽക്കുമ്പോഴാണോ കാര്യങ്ങൾ ചെയ്യുന്നത്? കൊച്ചിയിലെ വെളളക്കെട്ടിൽ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കനത്ത മഴയെ തുടർന്ന് കൊച്ചിയിലുണ്ടായ വെളളക്കെട്ടിൽ അധികൃതർക്കും പൊതുജനങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മഴ വന്ന് ഉച്ചിയിൽ നിൽക്കുമ്പോഴാണോ കാര്യങ്ങൾ ചെയ്യുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കഴിഞ്ഞ തവണ കാനകൾ ശുചീകരിച്ചത് പോലെ ഇത്തവണയും ഉണ്ടാകുമെന്നാണ് കരുതിയതെന്നും ഇത്തവണ അതുണ്ടായില്ലെന്നും അദ്ദേഹം വിമർശിച്ചു.

വെളളക്കെട്ട് ഒഴിവാക്കാൻ പൊതുജനങ്ങളുടെ സഹകരണം വേണമെന്നും ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കാനകളിൽ നിന്നും നീക്കം ചെയ്യുന്നതെന്നും ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.അതേസമയം, ഇടപ്പള്ളി തോട് ശുചീകരിക്കുന്നതിൽ ഇറിഗേഷൻ വകുപ്പിനുണ്ടായ വീഴ്ച മൂലമാണ് കഴിഞ്ഞ ദിവസം വെള്ളക്കെട്ടുണ്ടായതെന്നും അമിക്കസ് ക്യൂറി അറിയിച്ചു.

കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം കാക്കനാട്‌ ഇൻഫോ പാർക്കിൽ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യമുണ്ടായിരുന്നു. ആലുവ – ഇടപ്പള്ളി റോഡിലും സഹോദരൻ അയ്യപ്പൻ റോഡിലും വെള്ളം കയറി. കാനകൾ വൃത്തിയാക്കാത്തതിനാൽ പലയിടത്തും വെള്ളം ഒഴുകിപ്പോകിയിരുന്നില്ല.

അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷക്കാറ്റിന്റെ സ്വാധീനമുളളതിനാൽ സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുളള 11 ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ച മുന്നറിയിപ്പിലേതാണ് പുതിയ വിവരം.


Source link

Related Articles

Back to top button