‘എല്ലാ ദിവസവും പത്ത് ലക്ഷം രൂപ നൽകും, ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് പിന്നിലൊരു കാരണമുണ്ട്’

ജീവകാരുണ്യപ്രവ‌ർത്തനങ്ങളിലും കായിക രംഗത്തും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ടെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ (ബോച്ചെ). എന്തുകാര്യവും മിതമായി ചെയ്യുമ്പോഴാണ് സന്തോഷം കിട്ടാറുളളതെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ബോച്ചെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘സാമൂഹ്യസേവനം 90കളിലാണ് ആരംഭിക്കുന്നത്. അന്നാണ് അച്ഛൻ എനിക്കായി പുതിയ സംരഭം കോഴിക്കോട് ആരംഭിക്കുന്നത്. അപ്പോൾ അതിന്റെ ആദ്യവർഷം തന്നെ എനിക്ക് ഒരു ഐഡിയ തോന്നി. പാവങ്ങൾക്ക് അരി കൊടുക്കാമെന്ന്. ലാഭത്തിന്റെ വിഹിതമെടുത്ത് അരി കൊടുക്കാമെന്ന് തീരുമാനിച്ചു. അന്ന് നോട്ടീസൊക്കെ വീടുകളിൽ എത്തിച്ച് ചെറിയ രീതിയിൽ ഒരു പരിപാടി സംഘടിപ്പിച്ചു. അങ്ങനെ ചെയ്യുമ്പോൾ ഒരു സംതൃപ്തിയുണ്ടായി. മനസിനൊരു സന്തോഷമുണ്ടായി.

ഇതൊക്കെ ചെയ്യുന്നത് സ്വന്തം സന്തോഷത്തിനും വേണ്ടിയാണ്. എന്റെ അച്ഛനും മ​റ്റുളളവരെ സഹായിക്കുമായിരുന്നു. ഞാൻ എന്റെ 18-ാമത്തെ വയസിലാണ് ബിസിനസിൽ വരുന്നത്. അന്ന് ലാഭം ഉണ്ടാക്കാനല്ല ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയത്. ലാഭം കിട്ടിയ സന്തോഷത്തിലാണ് ചെയ്തത്. എന്ത് കാര്യമാണെങ്കിലും വ്യത്യസ്തമായിട്ട് ചെയ്യുക. ഇപ്പോൾ കാരുണ്യ പ്രവർത്തനങ്ങളിലായാലും കായികപരമായാലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതാണ് ‘ബോച്ചെ സ്‌​റ്റൈൽ’. ഇപ്പോൾ എന്തും മിതമായി ചെയ്യുമ്പോഴാണ് അതിന്റെ രസം കിട്ടാറുളളത്.

വയനാട്ടിൽ എ വി ​റ്റി ഗ്രൂപ്പിന്റെ 1000 ഏക്കർ എസ്​റ്റേ​റ്റും ഫാക്ടറിയും വാങ്ങി. കൃഷിയും ടൂറിസവും കണക്കാക്കിയാണ് വാങ്ങിയത്. അവിടെ പോയപ്പോൾ ചായ വി​റ്റാൽ എങ്ങനെയാണെന്ന് തോന്നി. എസ്‌​റ്റേ​റ്റ് വാങ്ങിയതുകൊണ്ടാണ് ഈ ആശയം തോന്നിയത്. തുടർന്ന് ചായയുടെ സാദ്ധ്യതകളെക്കുറിച്ച് പഠിച്ചു. ലോക നിലവാരത്തിൽ പഠിച്ചാൽ പല കമ്പനികളും പ്രതിവർഷം 1000 കോടിയുടെ ബിസിനസാണ് ഇതിലൂടെ ചെയ്യുന്നത്. അപ്പോൾ എങ്ങനെ വ്യത്യസ്തമായി മാർക്ക​റ്റ് ചെയ്യാമെന്ന് നോക്കി. വിദേശരാജ്യങ്ങളിൽ കാണുന്ന ഒരു രീതിയാണ് ലക്കി ഡ്രോ കൂപ്പണുകൾ. ഇത് കേരളത്തിൽ കാര്യമായിട്ട് ആരും ചെയ്യുന്നത് കണ്ടിട്ടില്ല.

40 രൂപയാണ് ഒരു ബോച്ചേ ടീ പാക്ക​റ്റിന്. അത് വാങ്ങുമ്പോൾ ഒരു ലക്കി ഡ്രോ കൂപ്പൺ സൗജന്യമായി കിട്ടും. അതുകിട്ടി കഴിഞ്ഞാൽ എല്ലാ ദിവസം രാത്രി നറുക്കെടുപ്പ്. വിജയികൾക്ക് എല്ലാ ദിവസവും പത്ത് ലക്ഷം രൂപ കൊടുക്കും. 13,704 ക്യാഷ് പ്രൈസുകൾ. 25 കോടിയുടെ ബംപർ പ്രൈസ്. ഇങ്ങനെയുളള മാർക്ക​റ്റിംഗിന് പ്രത്യേകിച്ച് ആളുകളില്ല. ഞാൻ തന്നെയാണ് ചെയ്യുന്നത്’- ബോച്ചെ പറഞ്ഞു.


Source link
Exit mobile version