പിന്നണി ഗായകൻ ഹരിശ്രീ ജയരാജ് നിര്യാതനായി

ആലുവ: സിനിമാ പിന്നണി ഗായകൻ ഹരിശ്രീ ജയരാജ് (54) നിര്യാതനായി. ഇന്നലെ പുലർച്ചെ അഞ്ചരയോടെ നെഞ്ചുവേദന അനുഭവപ്പെട്ട ജയരാജിനെ അശോകപുരം കാർമ്മൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൂന്ന് പതിറ്റാണ്ടായി സംഗീത മേഖലയിൽ പ്രവർത്തിക്കുന്നു. ‘കുടുംബശ്രീ ട്രാവത്സ്” എന്ന ചിത്രത്തിൽ വിജയ് യേശുദാസ്, ഗണേഷ് സുന്ദരം എന്നിവർക്കൊപ്പം ‘തപ്പും തകിലടി…” എന്ന ഗാനമാലപിച്ചാണ് പിന്നണി ഗാനരംഗത്തെത്തിയത്. നൂറോളം മൊഴിമാറ്റ ചിത്രങ്ങളിലും ഗാനമാലപിച്ചു. കലാഭവൻ, ഹരിശ്രീ തുടങ്ങിയ ട്രൂപ്പുകളിലും പ്രവർത്തിച്ചു. ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് യു.സി കോളേജ് എൻ.എസ്.എസ് ശ്മശാനത്തിൽ സംസ്കരിച്ചു.

അശോകപുരം മനക്കപ്പടി ജയ ഭവനിൽ രാധാകൃഷ്ണ പണിക്കരുടെയും നളിനിയുടെയും മകനാണ്. ഭാര്യ: രശ്മി. മകൾ: മീനാക്ഷി (ബിരുദ വിദ്യാർത്ഥി).


Source link
Exit mobile version