തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ രാവിലെതന്നെ മഴ തുടങ്ങിയിരിക്കുകയാണ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മദ്ധ്യകേരളത്തിൽ ഇന്ന് മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് നൽകിയിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. കൊച്ചി കളമശേരിയിൽ പത്ത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി. ഓറഞ്ച് അലർട്ടുള്ള കോട്ടയത്ത് 11 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. മണിമലയാറ്റിലെയും മീനച്ചിലാറ്റിലെയും ജലനിരപ്പ് ഉയർന്നുതന്നെ നിൽക്കുകയാണ്.
കേരള തീരത്ത് ഇന്നുരാവിലെ 11.30 മുതൽ രാത്രി 11.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 55 സെന്റിമീറ്ററിനും 70 സെന്റിമീറ്ററിനും ഇടയിൽ മാറിവരുവാൻ സാദ്ധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തെക്കൻ കേരളതീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതേസമയം, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Source link