ബാങ്കോക്ക്: തൊഴിൽതേടി വിദേശത്തെത്തിയ മലയാളി യുവാക്കളെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയതായി പരാതി. അബുദാബിയിൽ നിന്ന് തായ്‌ലൻഡിലെത്തിയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളെയാണ് സായുധ സംഘം തട്ടിക്കൊണ്ടുപോയി തടവിലാക്കിയിരിക്കുന്നത്. യുവാക്കൾ നിലവിൽ മ്യാൻമറിലെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചിരിക്കുന്നത്.
വള്ളിക്കൊപ്പറ്റ സ്വദേശികളായ ശുഹൈബ്, സഫീർ എന്നിവരാണ് തടവിലായിരിക്കുന്നത്. മാർച്ച് 27നാണ് ഇവർ സന്ദർശക വിസയിൽ ദുബായിലെത്തിയത്. ഇതിനിടെ തായ്‌ലൻഡിലെ കമ്പനിയിൽ ജോലി ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷ നൽകി. ഓൺലൈൻ അഭിമുഖത്തിന് പിന്നാലെ ജോലി ലഭിച്ചതായുള്ള അറിയിപ്പും തായ്‌ലൻഡിലേയ്ക്കുള്ള വിമാന ടിക്കറ്റും ഇവർക്ക് ലഭിച്ചു.
മേയ് 22നാണ് ഇരുവരും തായ്‌ലൻഡിലെ സുവർണഭൂമി വിമാനത്താവളത്തിലെത്തിയത്. പുറത്തിറങ്ങിയ ഇവരെ ഏജന്റ് എത്തി സ്വീകരിക്കുകയും സായുധ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോവുകയുമായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. ഫോണിൽ ബന്ധപ്പെട്ട യുവാക്കളാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്.
ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യാനാണ് ഇവരെ നിയോഗിച്ചിരിക്കുന്നതെന്നാണ് വിവരം. സംഭവത്തിൽ ബന്ധുക്കൾ വിദേശകാര്യ മന്ത്രാലയത്തിനുൾപ്പെടെ പരാതി നൽകിയിരിക്കുകയാണ്. യുവാക്കളുടെ മോചനത്തിനായുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കാൻ നാട്ടുകാർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി യുവാക്കൾ ഇത്തരത്തിൽ ഏജന്റുമാരുടെ കെണിയിൽപ്പെട്ട് തായ്‌ലൻഡിൽ തടവിൽ കഴിയുകയാണെന്നാണ് വിവരം. പ്രതിവർഷം ഇന്ത്യക്കാരടക്കം നിരവധി യുവാക്കളാണ് ജോലി തേടി തായ്‌ലൻഡിലെത്തുന്നത്.
Source link