എക്‌സാലോജിക്കിന് വിദേശത്തും അക്കൗണ്ട്, കോടികൾ ഒഴുകി; കൂടുതൽ കാര്യങ്ങൾ ഇന്ന് ഉച്ചയോടെ വെളിപ്പെടുത്തുമെന്ന് ഷോൺ ജോ‌ർജ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ഡയറക്ടറായ എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ആരോപണം. ബിജെപി നേതാവ് അഡ്വ. ഷോൺ ജോർജ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കമ്പനിയുടെ വിദേശത്തെ അക്കൗണ്ടിലേയ്ക്ക് കോടികൾ എത്തിയെന്നും ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോൺ ജോർജ് ഹൈക്കോടതിയിൽ ഉപഹ‌ർജി നൽകി.

എസ്‌എൻസി ലാവ്‌ലിൻ, പിഡബ്ള്യുസി അടക്കമുള്ള കമ്പനികൾ എക്‌സാലോജിക്കിന് പണം നൽകിയെന്നും ഷോൺ ആരോപിക്കുന്നു. സിഎംആർഎല്ലും എക്‌സാലോജിക്കും തമ്മിലുള്ള ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷോൺ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എക്‌സാലോജിക്കിന്റെ വിദേശ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇന്ന് രാവിലെ 11.30ന് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നാണ് ഷോൺ ജോർജ് അറിയിച്ചിരിക്കുന്നത്.

ഷോൺ ജോർജ് രജിസ്‌ട്രാർ ഓഫ് കമ്പനീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എക്‌സാലോജിക്കിനും സിഎംആർഎല്ലിനും കേരള സംസ്ഥാന വ്യവസായ വികസന കോ‌ർപ്പറേഷനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിൽ പരാമർശിച്ച പിവി പിണറായി വിജയനാണെന്നും ഷോൺ ഉന്നയിച്ചിരുന്നു.

സിഎംആർഎൽ ഇല്ലാത്ത സേവനത്തിന് വീണവിജയനും അവരുടെ സോഫ്റ്റ്‌വെയർ സ്ഥാപനമായ എക്സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്ന് നേരത്തെ ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ആദായനികുതിയും റെവന്യു ഏജൻസികളും അന്വേഷിച്ചിരുന്ന എക്സാലോജിക് കമ്പനിക്കെതിരായ പരാതി വൻകിട സാമ്പത്തിക വഞ്ചനാകേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറുകയും ചെയ്തിരുന്നു.


Source link

Exit mobile version