CINEMA

കാഴ്‌ചയ്‌ക്കാരുടെ എണ്ണത്തിനായി സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം നിരാശാജനകം: സന അൽത്താഫ്

കാഴ്‌ചയ്‌ക്കാരുടെ എണ്ണം കൂട്ടുന്നതിന് സ്വകാര്യതയിലേക്കു നടത്തുന്ന കടന്നു കയറ്റം നിരാശാജനകം: സന അൽത്താഫ് | Sana Althaf Wedding

കാഴ്‌ചയ്‌ക്കാരുടെ എണ്ണത്തിനായി സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം നിരാശാജനകം: സന അൽത്താഫ്

മനോരമ ലേഖകൻ

Published: May 29 , 2024 09:12 AM IST

Updated: May 29, 2024 09:18 AM IST

1 minute Read

ഹക്കിം ഷാജഹാനും സന അൽത്താഫും

വിവാഹ റിസപ്ഷൻ അനുവാദമില്ലാതെ പകർത്തിയ ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ തുറന്നടിച്ച് നടിയും മോഡലുമായ സന അൽത്താഫ്. ഈയടുത്താണ് നടൻ‌ ഹക്കിം ഷാജഹാനും സന അൽത്താഫും വിവാഹിതരായത്. റജിസ്റ്റർ വിവാഹമായിരുന്നു. കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമായി നടത്തിയ സ്വകാര്യ വിരുന്നിലാണ് അനുവാദമില്ലാതെ ചില ഓൺലൈൻ മാധ്യമങ്ങൾ പങ്കെടുത്തതും ദൃശ്യങ്ങൾ പകർത്തിയതും. 
കാഴ്ചക്കാരുടെ എണ്ണം കൂട്ടുന്നതിന് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്നത് നിരാശാജനകമാണെന്ന് സന അൽത്താഫ് പ്രതികരിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സന സംഭവത്തിലുള്ള രോഷം പ്രകടിപ്പിച്ചത്. പല മാധ്യമങ്ങളും ചടങ്ങു കവർ ചെയ്യാൻ അനുവാദം ചോദിച്ചിരുന്നെങ്കിലും വിനയപൂർവം അതു നിരസിക്കുകയായിരുന്നെന്നും സന പറഞ്ഞു. ചടങ്ങ് സ്വകാര്യമായി നടത്താനാണ് ആഗ്രഹിച്ചതെന്ന് സന വ്യക്തമാക്കി. 

സനയുടെ വാക്കുകൾ: ‘‘ഈയടുത്ത് ഞങ്ങൾ വളരെ സ്വകാര്യമായി ഒരു കുടുംബ ചടങ്ങ് നടത്തിയിരുന്നു. ഇതിൽ ചില ഓൺലൈൻ മാധ്യമങ്ങൾ ഞങ്ങളറിയാതെ പങ്കെടുക്കുകയും ചടങ്ങ് ചിത്രീകരിക്കുകയും ഞങ്ങളുടെ അനുവാദമില്ലാതെ ആ വിഡിയോ ഓൺലൈനിൽ പങ്കുവയ്ക്കുകയും ചെയ്തു. ആ ചടങ്ങ് കവർ ചെയ്യാൻ പല മാധ്യമങ്ങളും ഞങ്ങളെ സമീപിച്ചെങ്കിലും വിനയപൂർവം ഞങ്ങൾ നിരസിക്കുകയായിരുന്നു. കാരണം, ആ ചടങ്ങ് അത്രയും സ്വകാര്യമായി നടത്താനായിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്. അതുകൊണ്ട്, അവരോട് അതിൽ പങ്കെടുക്കേണ്ടതില്ലെന്നും പറഞ്ഞു. കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളുടെ നിരാശാജനകമായ അവസ്ഥ ഏറെ ദുഃഖിപ്പിക്കുന്നു. കാഴ്‌ചയ്‌ക്കാരുടെ എണ്ണം കൂട്ടുന്നതിന് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് അവർ നടത്തുന്ന നഗ്നമായ കടന്നുകയറ്റം വളരെ നിരാശാജനകമാണ്.’’
വിക്രമാദിത്യനിൽ ദുൽഖറിന്റെ സഹോദരി വേഷത്തിലൂടെയാണു സന അഭിനയരംഗത്തേക്കു കടന്നത്. തുടർന്നു മറിയം മുക്കിൽ ഫഹദ് ഫാസിലിന്റെ നായിക സലോമിയായും വേഷമിട്ടു. റാണി പത്‌മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയൻ തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്ത സന തമിഴിൽ ചെന്നൈ 28ന്റെ രണ്ടാം ഭാഗത്തിലും ആർകെ നഗറിലും പ്രധാന വേഷങ്ങൾ ചെയ്തു.

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലാണ് ഹക്കിം ഷാജഹാൻ ആദ്യം അഭിനയിക്കുന്നത്. രക്ഷാധികാരി ബൈജു, കൊത്ത്, വിശുദ്ധ മെജോ, പ്രിയൻ ഓട്ടത്തിലാണ്, അർച്ചന 31, കടകൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി, പൊറാട്ട് നാടകം എന്നീ സിനിമകളാണ് ഹക്കിമിന്റെ ഇനി റിലീസിനൊരുങ്ങുന്ന സിനിമകൾ. 

English Summary:
“Sana Althaf Condemns Media for Unauthorized Wedding Reception Coverage: A Stand for Privacy

7rmhshc601rd4u1rlqhkve1umi-list 64mg1egbene687a14764t0icqt mo-entertainment-common-malayalammovienews mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button