വീണ്ടും കാണാം പാരീസില്‍
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ 2024 എഡിഷനില്‍നിന്ന് പുറത്തായെങ്കിലും സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിനെ പാരീസില്‍ വീണ്ടും കാണാം. ഫ്രഞ്ച് ഓപ്പണ്‍ 14 തവണ സ്വന്തമാക്കിയ നദാല്‍ 2025 എഡിഷനില്‍ ഒരുപക്ഷേ മത്സരിച്ചേക്കില്ല എന്നാണ് പുറത്തുവരുന്ന സൂചനകൾ. എന്നാല്‍, റോളങ് ഗാരോസില്‍ വീണ്ടും നദാല്‍ റാക്കറ്റ് കൈയിലേന്തും, 2024 പാരീസ് ഒളിമ്പിക്സിന്. ജൂണ്‍ മൂന്നിന് 38 വയസ് പൂര്‍ത്തിയാകുന്ന നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ ജര്‍മനിയുടെ നാലാം സീഡായ അലക്സാണ്ടര്‍ സ്വരേവിനോടാണ് പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് നദാല്‍ കീഴടങ്ങിയതുകണ്ട് അദ്ദേഹത്തിന്റെ ആരാധകര്‍ കണ്ണീരൊഴുക്കി. അതെ, ഫ്രഞ്ച് ഓപ്പണ്‍ ഏറ്റവും അധികം തവണ (14) സ്വന്തമാക്കിയ നദാല്‍ ഇത്തരത്തില്‍ പരാജയപ്പെടുന്നത് അംഗീകരിക്കാന്‍ ആരാധകര്‍ക്ക് ബുദ്ധിമുട്ടാണ്. എന്നാൽ, സീസണിലെ അടുത്ത ഗ്രാന്സ്ലാമായ വിംബിള്‍ഡണിനു മുന്‍പ് നദാല്‍ പാരീസ് ഒളിമ്പിക്സില്‍ പങ്കെടുക്കും. 2008 ബെയ്ജിംഗ് ഒളിമ്പിക്സ് സ്വര്‍ണജേതാവാണ് നദാൽ. റാങ്കിംഗ് അനുസരിച്ച് ഒളിമ്പിക്സില്‍ മത്സരിക്കാനുള്ള യോഗ്യത നദാലിന് ഇല്ല. എന്നാൽ, ഗ്രാൻസ്ലാം ചാമ്പ്യന്‍ എന്ന നിലയില്‍ നദാലിന് മത്സരിക്കാനുള്ള ടിക്കറ്റ് ലഭിക്കും. ഇന്നേക്ക് 58-ാം ദിനം ജൂലൈ 26നാണ് പാരീസ് ഒളിമ്പിക്സ് മിഴിതുറക്കുക. ഇതില്‍ കൂടുതല്‍ എന്തു ചെയ്യാന്‍? രണ്ട് ഓസ്ട്രേലിയന്‍ ഓപ്പണ്‍, 14 ഫ്രഞ്ച് ഓപ്പണ്‍, രണ്ട് വിംബിള്‍ഡണ്‍, നാല് യുഎസ് ഓപ്പണ്‍ എന്നിങ്ങനെ 22 ഗ്രാന്സ്ലാം സിംഗിള്‍സ് കിരീടങ്ങളുള്ള താരമാണ് റാഫ എന്ന റാഫേല്‍ നദാല്‍ പെരേര. മുപ്പത്തേഴ് കഴിഞ്ഞ, പരിക്ക് പ്രശ്നങ്ങള്‍ അലട്ടുന്ന നദാല്‍ ഇനി ഒരു തിരിച്ചുവരവ് നടത്തുമോ…? ടെന്നീസിലെ ക്ലാസിക്ക് താരമായ സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററിനും തന്റെ അവസാന സമയങ്ങളില്‍ തുടര്‍പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. നദാല്‍ വിരമിക്കാറായി എന്നാണ് ഫെഡററിന്റെ അഭിപ്രായം. 2005ല്‍ കന്നിശ്രമത്തില്‍ 19-ാം വയസില്‍ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയതുമുതല്‍ പാരീസിലെ റോളങ് ഗാരോസില്‍ നദാല്‍ 115 മത്സരങ്ങള്‍ കളിച്ചു. സ്വരേവിന് എതിരായത് ഉള്‍പ്പെടെ വെറും നാല് മത്സരങ്ങളില്‍ മാത്രമാണ് തോറ്റത്. 2024 മോശം സീസണ് എല്ലാ കണ്ണുകളും റാഫയില്‍ ആണെന്നു പറയാം. കാരണം, താരം വിരമിക്കില്‍ പ്രഖ്യാപിക്കുമോ എന്നതാണ് ആളുകള്‍ കാത്തിരിക്കുന്നത്. ലോക നാലാം നമ്പര്‍ താരത്തോടാണ് നദാല്‍ പരാജയപ്പെട്ട് പുറത്തായത് എന്നതും ശ്രദ്ധേയം. നിലവില്‍ നദാലിന്റെ റാങ്ക് 275 ആണെന്നത് വിസ്മരിച്ചുകൂടാ. 2023 ഓസ്ട്രേലിയന്‍ ഓപ്പണിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നദാല്‍ ആ സീസണില്‍ കളത്തിലെത്തിയില്ല. അതോടെ 20 വര്‍ഷത്തിനിടെ 100 റാങ്കിനു പുറത്തായി. 2024 ബ്രിസ്ബെയ്ന്‍ ഇന്റര്‍നാഷണലിലൂടെ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ക്വാര്‍ട്ടറില്‍ ജോര്‍ദാന്‍ തോംസണിനോട് പരാജയപ്പെട്ടു. മത്സരത്തില്‍ തോംസണ്‍ മൂന്ന് മാച്ച് പോയിന്റ് സേവ് ചെയ്തെന്നതും നദാലിന്റെ ബലഹീനത വിളിച്ചോതി. മത്സരത്തിനിടെ മസിലിനു പരിക്കേറ്റ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍നിന്ന് വിട്ടുനിന്നു. തുടർന്ന് അരങ്ങേറിയ ഇന്ത്യന്‍ വെല്‍സിലും പങ്കെടുത്തില്ല. ബാഴ്സലോണ ഓപ്പണിന്റെ റൗണ്ട് ഓഫ് 32ല്‍ ഓസ്ട്രേലിയയുടെ അലക്സ് ഡി മിനൗറിനോടും മാഡ്രിഡ് ഓപ്പണില്‍ പ്രീക്വാര്‍ട്ടറില്‍ ചെക് താരം ജിരി ലെഹെക്കയോടും പരാജയപ്പെട്ട് പുറത്തായി. ഇറ്റാലിയന്‍ ഓപ്പണിന്റെ റൗണ്ട് ഓഫ് 64ല്‍ പോളണ്ടിന്റെ ഹ്യൂബര്‍ട്ട് ഹര്കാക്സിനോടും തോറ്റ് പുറത്തായശേഷമാണ് ഫ്രഞ്ച് ഓപ്പണിനെത്തിയത്. 2025 സീസണില്‍ നദാല്‍ കളത്തില്‍ ഉണ്ടാകുമോ എന്നതിനായാണ് ടെന്നീസ് ലോകത്തിന്റെ ഇപ്പോഴത്തെ കാത്തിരിപ്പ്.
Source link