കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തൃശൂർ: പെരിഞ്ഞനത്ത് ഹോട്ടലിൽനിന്നു കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഉസൈബ ഇന്നു പുലർച്ചെയാണ് മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിന്‍ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് വിഷബാധയുണ്ടായത്.

ഇതേ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച നൂറിലേറെ പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച രാത്രിയാണ് ഹോട്ടലില്‍ നിന്നും പാര്‍സല്‍ വാങ്ങിയ ഭക്ഷണം ഇവര്‍ വീട്ടില്‍ വച്ച് കഴിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഞായറാഴ്ച രാവിലെ വീട്ടിലുള്ള മറ്റ് മൂന്നുപേര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. അപ്പോഴും ഉസൈബക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് ശാരീരിക അസ്വസ്ഥതകള്‍ തോന്നിയ ഉസൈബയെ പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയിലേക്കും വൈകീട്ട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്.

വില്ലനായത് മയോണൈസെന്ന് പ്രാഥമിക നിഗമനം

ഭക്ഷ്യവിഷ ബാധയേറ്റ സംഭവത്തിൽ വില്ലനായത് മയോണൈസെന്ന് പ്രാഥമിക നിഗമനം. മഴക്കാലത്ത് കൂടുതൽ ഭക്ഷ്യവിഷബാധയ്ക്ക് വഴിയൊരുക്കുന്ന പശ്ചാത്തലത്തിൽ വ്യാപകമായി പരിശോധന തുടരാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നീക്കം. ഹോട്ടലിൽ നിന്ന് നേരിട്ട് കഴിച്ചവർക്കും പാഴ്‌സൽ കൊണ്ടുപോയി കഴിച്ചവർക്കുമെല്ലാം വിഷബാധയേറ്റിരുന്നു.

ആരോഗ്യ വകുപ്പും പഞ്ചായത്ത്, ഫുഡ് ആൻഡ് സേഫ്‌റ്റി അധികൃതരും പൊലീസും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് മയോണൈസ് വില്ലനായതായി സൂചന ലഭിച്ചത്. രണ്ടാഴ്ചയ്ക്കകം പരിശോധനാ ഫലം വരും. അപ്പോഴേ ഇത് സ്ഥിരീകരിക്കാനാവൂ. മുൻപും ഭക്ഷ്യവിഷബാധയ്ക്ക് മയോണൈസ് കാരണമായി. തുടർന്ന്, സംസ്ഥാനത്തെ ഹോട്ടലിലും റെസ്റ്റോറന്റിലും ഉൾപ്പെടെ എല്ലായിടത്തും പച്ച മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് ഒഴിവാക്കിയിരുന്നു. പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയൊണൈസാണ് വിതരണം ചെയ്യുകയെന്ന് ഹോട്ടലുടമകൾ വ്യക്തമാക്കിയിരുന്നെങ്കിലും ശരിയായ രീതിയിൽ പാകം ചെയ്യാത്തതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.


Source link

Exit mobile version