KERALAMLATEST NEWS

കൊച്ചിയിൽ വെള്ളക്കെട്ട് രൂക്ഷം, വീടുകളിൽ വെള്ളം കയറി; അഞ്ച് ജില്ലകളിൽ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വരും മണിക്കൂറുകളിൽ കൊല്ലം, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ മഴ ശക്തമാകും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയും രൂക്ഷമാണ്. എറണാകുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്.

കാക്കനാട്‌ ഇൻഫോ പാർക്കിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ആലുവ – ഇടപ്പള്ളി റോഡിലും സഹോദരൻ അയ്യപ്പൻ റോഡിലും വെള്ളം കയറി. കാനകൾ വൃത്തിയാക്കാത്തതിനാൽ പലയിടത്തും വെള്ളം ഒഴുകിപ്പോകുന്നില്ല. നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. കനത്ത മഴ രാവിലെ ഏഴ് മണിക്ക് തുടങ്ങിയതാണ്. വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ചിലയിടങ്ങളിൽ കക്കൂസ് മാലിന്യം അടക്കം കലർന്ന വെള്ളമാണ് റോഡുകളിലെത്തിയത്. പകർച്ച വ്യാധി അടക്കമുള്ളവയ്ക്ക് ഇത് കാരണമാകും.

തിരുവനന്തപുരത്തും പലയിടത്തും നാശനഷ്ടങ്ങളുണ്ടായി. നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ചുറ്റുമതിൽ തകർന്നു. വർക്കല പാപനാശത്ത് കുന്നിടിഞ്ഞു. പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു.

ആലപ്പുഴയിൽ ഇന്നലെ മഴയിൽ വിവിധ താലൂക്കുകളിലായി ഇരുന്നൂറിലധികം വീടുകളിൽ വെള്ളം കയറിയിരുന്നു. കഴിഞ്ഞ ദിവസം രണ്ട് വീടുകൾ ഭാഗികമായി തകർന്നിരുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 90 സെ. മീ ഉയർത്തിയിട്ടുണ്ട്. 60 സെ. മീ കൂടി ഉയർത്തിയേക്കുമെന്ന് പ്രദേശവാസികൾ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഇത്തവണ സംസ്ഥാനത്ത് കാലവർഷ സീസണിൽ (ജൂൺ – സെപ്തംബർ ) സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.

* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യത.

* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.

* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാദ്ധ്യത.

* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത.

* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക

* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.


Source link

Related Articles

Back to top button