കൊല്ലം: 40 ദിവസത്തോളം മരുത്തടിക്കാരുടെ ഉറക്കം കെടുത്തിയ പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ മരുത്തടി മൂലയിൽ തോപ്പ് ഭാഗത്തുള്ള ടൈറ്റസ് ജോർജിന്റെ വീട്ടിലെ മതിലിനോട് ചേർന്ന് മത്സ്യബന്ധന ബോട്ടിൽ ഉപയോഗിക്കുന്ന റോപ്പ് കൂട്ടിയിട്ട് ടാർപ്പ കൊണ്ട് മൂടിയിരുന്നതിനിടയിൽനിന്നാണ് പാമ്പിനെ പിടികൂടിയത്.
റോപ്പ് എടുക്കാൻ വന്ന ടൈറ്റസാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടൻ തന്നെ വനംവകുപ്പിന്റെ റെസ്‌ക്യൂ ടീമിനെ വിവരം അറിയിക്കുകയും അവരെത്തി ഏഴര അടിയോളം നീളവും ഒൻപത് കിലോയോളം ഭാരവുമുള്ള പെരുമ്പാമ്പിനെ പിടികൂടുകയുമായിരുന്നു.
കഴിഞ്ഞമാസം 17നാണ് മരുത്തടി മൂലയിൽ തോപ്പ് ഭാഗത്ത് പെരുമ്പാമ്പിനെ ആദ്യമായി കാണുന്നത്. തുടർന്ന് ആളുകൾ മരുത്തടി കൗൺസിലർ സുമിയെ വിവരമറിയിക്കുകയും കൗൺസിലർ സ്ഥലത്തെത്തി വനം വകുപ്പുമായി ബന്ധപ്പെട്ട് റെസ്‌ക്യൂ ടീമിന്റെ ഫോൺ നമ്പർ വാങ്ങി പ്രദേശവാസികൾക്ക് നൽകുകയും ചെയ്തിരുന്നു. ആദ്യം കണ്ട സമയം പരിസരം പരിശോധിച്ചിരുന്നെങ്കിലും പെരുമ്പാമ്പിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
മഴസമയത്താണ് പാമ്പുകൾ വരാനുള്ള സാധ്യത കൂടുതലെന്നും പാമ്പുകളെ കാണുകയാണെങ്കിൽ 8547812499 എന്ന നമ്പറിൽ അറിയിക്കണമെന്നും റെസ്‌ക്യൂ ടീം അറിയിച്ചു.
Source link