ആരാകും 12 കോടി സ്വന്തമാക്കുക? ഭാഗ്യാന്വേഷികൾ കാത്തിരുന്ന ദിവസം എത്തി
തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന വിഷു ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മറ്റന്നാൾ. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. 300 രൂപയാണ് ടിക്കറ്റ് നിരക്ക്.
വിപണിയിൽ പുറത്തിറക്കിയ 42 ലക്ഷം ടിക്കറ്റുകളിൽ ഇനി വിൽക്കാനുള്ളത് 92,200 ടിക്കറ്റുകൾ മാത്രമാണ്. ഇന്നുവൈകുന്നേരം നാല് മണിവരെയുള്ള കണക്കാണിത്. ഇന്നും നറുക്കെടുപ്പ് ദിനമായ മറ്റന്നാൾ ((29.05.2024) ഉച്ചയ്ക്ക് മുമ്പുമായി ഇത്രയും ടിക്കറ്റുകൾ കൂടി വിറ്റു പോകുമെന്നാണ് വിലയിരുത്തൽ.
ഒരു കോടി വീതം ആറു പരമ്പരകൾക്ക് നൽകുന്ന രണ്ടാം സമ്മാനവും 10 ലക്ഷം വീതം സമ്മാനം നൽകുന്ന (ആറു പരമ്പരകൾക്ക്) മൂന്നാം സമ്മാനവും ആറു പരമ്പരകൾക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നൽകുന്ന വിധത്തിലാണ് ഘടന നിശ്ചയിച്ചിട്ടുള്ളത്. അഞ്ചു മുതൽ ഒൻപതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നൽകും.
250 രൂപ ടിക്കറ്റ് വിലയുള്ള 10 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന മൺസൂൺ ബമ്പറിന്റെ പ്രകാശനവും 29ന് വിഷു ബമ്പർ നറുക്കെടുപ്പിനോടനുബന്ധിച്ച് നടക്കും. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിൽപ്പന ഏജന്റുമാരും ലോട്ടറി കച്ചവടക്കാരും വഴി നേരിട്ടാണ്. ഓൺലൈൻ, വ്യാജ ടിക്കറ്റുകളിൽ വഞ്ചിതരാകരുതെന്ന് ലോട്ടറി വകുപ്പ് അറിയിക്കുന്നു. നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായ www.statelottery.kerala.gov.in യിൽ ലഭ്യമാകും.
Source link