ബ്രസൽസ്: ഈസ്താംബൂൾ നഗരപ്രാന്തത്തിലെ എദിർണേകാപ്പിയിൽ നാലാം നൂറ്റാണ്ടിൽ സ്ഥാപിതമായ ദിവ്യരക്ഷകന്റെ പേരിലുള്ള പള്ളി മോസ്കാക്കി മാറ്റിയതിനെ വിമർശിച്ച് യൂറോപ്യൻ ബിഷപ്സ് കോൺഫറൻസുകളുടെ കേന്ദ്രസമിതി. തുർക്കിയുടെ ചരിത്രത്തെയും അതിന്റെ ക്രൈസ്തവ വേരുകളെയും തമസ്കരിക്കുന്നതും മതസൗഹാർദത്തിനുവേണ്ടി തുർക്കി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളുടെ വിശ്വാസ്യത തകർക്കുന്നതുമാണ് ഈ നീക്കമെന്ന് കേന്ദ്രസമിതി കുറ്റപ്പെടുത്തി. ഈമാസം ആദ്യവാരത്തിലാണ് ഖോറാ പള്ളിയെ മോസ്കാക്കി മാറ്റി അവിടെ ഇസ്ലാം മത ചടങ്ങുകൾ ആരംഭിച്ചത്. ഈ തീരുമാനത്തിനെതിരേ ലോകത്തിന്റെ പല ഭാഗത്തുനിന്നുമുണ്ടായ എതിർപ്പുകൾ തുർക്കി അവഗണിക്കുകയായിരുന്നു. ഈസ്താംബൂളിലെ ഹാഗിയ സോഫിയ പള്ളി മോസ്കാക്കി മാറ്റിയിട്ട് നാലു വർഷം കഴിയുന്പോഴാണ് വീണ്ടുമൊരു പള്ളിക്ക് ഈ അവസ്ഥ വരുന്നത്. മതസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്നാണ് ഈസ്താംബൂളിലെ ബർത്തലോമ്യോ പാത്രിയർക്കീസിന്റെ വക്താവ് പ്രതികരിച്ചത്. ഗ്രീസ് പ്രസിഡന്റ് കിറിയാക്കോസ് മിത് സോതാക്കിസ് പറഞ്ഞത് ഈ നടപടി ഈസ്താംബൂളിന്റെ ചരിത്രത്തോടുള്ള അവഹേളനമെന്നാണ്. ശക്തിപ്രകടനത്തിന്റെ ഭാഗമെന്ന് ഗ്രീക്ക് ഓർത്തഡോക്സ് സഭ കുറ്റപ്പെടുത്തി. യുനെസ്കോയുടെ വിശ്വപൈതൃക പട്ടികയിൽപ്പെടുന്ന ഖോറാ പള്ളിയിൽ ലോകപ്രസിദ്ധമായ മൊസെയ്ക് ചിത്രങ്ങളും ചുമർചിത്രങ്ങളും ധാരാളമുണ്ട്. അവ മറച്ചുവയ്ക്കുകയാണോ നശിപ്പിക്കുകയാണോ എന്നു വ്യക്തമല്ല. 1945 മുതൽ പള്ളി ഒരു മ്യൂസിയമായി പ്രവർത്തിച്ചുവരികയായിരുന്നു. നഗരമതിലുകൾക്കു വെളിയിലെ വയലുകളിൽ (ഖോറാ) ഒരു ആശ്രമസമുച്ചയത്തിന്റെ ഭാഗമായാണ് ഈ പള്ളി പണിയപ്പെട്ടത്. അതുകൊണ്ടാണ് ഖോറാ പള്ളി എന്ന പേര്.
Source link