ഗുണ്ടാവിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്‌പി 31ന് വിരമിക്കേണ്ട ഉദ്യോഗസ്ഥൻ; യാത്രയയപ്പിനുള്ള പന്തൽ പൊളിച്ചു
ആലപ്പുഴ: തമ്മനം ഫൈസൽ ഒരുക്കിയ ഗുണ്ട വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എംജി സാബുവിനൊപ്പമുള്ള രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. ഡിവൈഎസ്‌പിക്കെതിരെയും നടപടിയുണ്ടാകും. ഈ മാസം 31ന് റിട്ടയർ ചെയ്യാനിരിക്കെയാണ് ഡിവൈഎസ്‌പി ഗുണ്ടാ വിരുന്നിൽ പങ്കെടുത്തത്. ഡിവൈഎസ്‌പിക്ക് യാത്രയയപ്പിന് വേണ്ടി ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിന് മുമ്പിൽ ഒരുക്കിയ പന്തൽ ഇതിന് പിന്നാലെ പൊളിച്ചുനീക്കി.
ഗുണ്ടാവിരുന്നിൽ ഡിവൈഎസ്‌പിക്കൊപ്പം പങ്കെടുത്തതിന്റെ പേരിലാണ് രണ്ട് പൊലീസുകാർക്കെതിരെ അച്ചനടക്ക നടപടി സ്വീകരിച്ചത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ആലപ്പുഴ സായുധ സേന ക്യാമ്പിൽ നിന്ന് ക്രൈം ബ്രാഞ്ച് ഓഫീസിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ. ഒരാൾ ഡിവൈഎസ്പിയുടെ വാഹനത്തിന്റെ ഡ്രൈവറും മറ്റൊരാൾ സ്‌ക്വാഡ് അംഗമാണ്.
കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി എസ്‌ഐയും സംഘവും ഫൈസലിന്റെ വീട്ടിൽ എത്തിയതോടെ ഡിവൈഎസ്‌പി ശുചിമുറിയിൽ ഒളിക്കുകയായിരുന്നു. സംസ്ഥാനത്ത് ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ഓപ്പറേഷനുമായി മുന്നോട്ടു പോകുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥനടക്കമുള്ള പൊലീസുകാർ തമ്മനം ഫൈസൽ സംഘടിപ്പിച്ച വിരുന്നിൽ അതിഥിയായി എത്തിയത്. സ്ഥലത്ത് പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഡിവൈഎസ്പിയെയും മൂന്ന് പൊലീസുകാരെയും അവിടെ കണ്ടത്. ഇവിടെ എത്തിയത് എന്തിനാണെന്ന് ചോദിച്ചപ്പോൾ തമ്മനം ഫൈസൽ വിരുന്നൊരുക്കിയതാണെന്ന് ഡിവൈഎസ്പിയും സംഘവും പറഞ്ഞത്.
വാഗമണ്ണിൽ പോയി അങ്കമാലിയിലേക്ക് എത്തിയതാണെന്നാണ് പൊലീസുകാർ പറഞ്ഞിരുന്നു. എന്നാൽ അവരുടെ സംസാരത്തിൽ ചില പൊരുത്തക്കേടുകളുണ്ടായിരുന്നു എന്നാണ് വിവരം. സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘം ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് ഡിപ്പാർട്ട്‌മെന്റിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കൂടാതെ പൊലീസ് ആസ്ഥാനത്ത് നിന്ന് ഇതേക്കുറിച്ച് എറണാകുളം റൂറലിൽ വിവരം തേടിയിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്.
Source link