KERALAMLATEST NEWS

വളർത്തു നായയുടെ നഖം കൊണ്ട് മുറിവേറ്റു, ചികിത്സ തേടിയില്ല; പാലക്കാട് ഹോമിയോ  ഡോക്‌ടർ പേവിഷ  ബാധയേറ്റ് മരിച്ചു

പാലക്കാട്: പേവിഷ ബാധയെ തുടർന്ന് ഹോമിയോ ഡോക്‌ടർ മരിച്ചു. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂരിലാണ് സംഭവം. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്‌മാന്റെ ഭാര്യ റംലത്താണ് (42) പേവിഷ ബാധയേറ്റ് മരിച്ചത്. രണ്ട് മാസം മുൻപ് വീട്ടിലെ വളർത്തു നായയുടെ നഖം തട്ടി റംലത്തിന് മുറിവേറ്റിരുന്നു. എന്നാൽ വളർത്തു നായ ആയതിനാൽ റംലത്ത് ചികിത്സ തേടിയിരുന്നില്ല. പിന്നീട് ദിവസങ്ങൾക്ക് ശേഷം നായ ചത്തു. ഞായറാഴ്ചയാണ് റംലത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ തൃശൂ‌ർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നിരീക്ഷണത്തിൽ കിടത്തിയ റംലത്തും ഭർത്താവ് ഉസ്മാനും തിങ്കളാഴ്ച പുലർച്ചെ മെഡിക്കൽ കോളേജ് അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രാവിലെ ഒൻപത് മണിയോടെ വീട്ടിലെത്തിയ റംലത്തിന് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മരണ വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി. ഇവരുമായി ഇടപഴകിയ എല്ലാവരോടും കുത്തിവയ്‌പെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button