KERALAMLATEST NEWS

മത്തി കിലോയ്ക്ക് 380 രൂപ, പെടയ്ക്കണ വിലയുമായി മത്സ്യവിപണി

പാലക്കാട്: കടുത്ത വേനലില്‍ അറബിക്കടല്‍ ചൂടായതോടെ കേരളതീരങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞു. ജില്ലയിലെ ഡാമുകളിലും ജലാശയങ്ങളിലും മത്സ്യ ഉത്പാദനം വലിയതോതില്‍ കുറഞ്ഞതോടെ വിപണിയില്‍ മത്തി ഉള്‍പ്പെടെ മീനുകള്‍ക്ക് പൊള്ളു വിലയാണ്. മത്തി കിലോ 380 രൂപയാണ് വില, അയല 350, ചെമ്മീന്‍ 950 എന്നിങ്ങനെപോകുന്നു പെടപെടക്കണ വില. മത്സ്യങ്ങള്‍ ഇപ്പോള്‍ കൂടുതലും എത്തുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. കടല്‍ മത്സ്യങ്ങളുടെ വരവു കുറഞ്ഞതും മീന്‍ വില കൂടാന്‍ കാരണമായിട്ടുണ്ട്.

ദിനംപ്രതി മലമ്പുഴ ഡാമില്‍ ശരാശരി 1.5 ടണ്‍ മത്സ്യംവരെ ലഭിച്ചിരുന്നത്, ഇപ്പോള്‍ 600 കിലോയായി കുറഞ്ഞു. മലമ്പുഴ, വാളയാര്‍, കാഞ്ഞിരപ്പുഴ, പോത്തുണ്ടി, മംഗലംഡാം, മീങ്കര, ചുള്ളിയാര്‍, ശിരുവാണി തുടങ്ങി ഡാമുകളെ ആശ്രയിച്ചു കഴിയുന്ന ആയിരത്തിലേറെ മത്സ്യബന്ധന തൊഴിലാളികളെ ഇതു സാരമായി ബാധിച്ചു.

കട്‌ല, രോഹു, മൃഗാല, കരിമീന്‍, തിലാപ്പിയ, പൊടിമീന്‍ എന്നിവയാണു ജില്ലയില്‍ പ്രധാനമായും വളര്‍ത്തുന്ന മീനുകള്‍. തിലാപ്പിയ ആണു കൂടുതല്‍. കട്‌ല, രോഹു, മൃഗാല തുടങ്ങിയ വലിയ മീനുകള്‍ക്കു കിലോയ്ക്ക് 150 രൂപയാണു വില. തിലാപ്പിയയ്ക്കു 180 രൂപയോളം വിലയുണ്ട്. ഒരു ദിവസം 8 കിലോഗ്രാം വരെ മത്സ്യം ഒരു തൊഴിലാളിക്ക് ലഭിക്കുമായിരുന്നു. ഇപ്പോഴത് രണ്ടു കിലോയായി കുറഞ്ഞു.

മത്സ്യക്കൃഷി ഉപജീവനമാക്കിയ 3000പേര്‍

ജില്ലയില്‍ മത്സ്യക്കൃഷി ചെയ്തു ജീവിക്കുന്ന മൂവായിരത്തോളം പേരുണ്ട്. പുഴകളിലും തോടുകളിലും നിന്നു മീന്‍ പിടിച്ചു ജീവിക്കുന്ന ആദിവാസികള്‍ക്കും വേനല്‍ ദുരിത കാലമാണ്. പുഴകളും തോടുകളും വറ്റിവരണ്ടു. അട്ടപ്പാടി, മലമ്പുഴ, പറമ്പിക്കുളം, മംഗലംഡാം എന്നിവിടങ്ങളില്‍ ഒട്ടേറെ ആദിവാസികള്‍ പുഴകളില്‍ നിന്നും മറ്റും മീന്‍ പിടിച്ച് ഉപജീവനം നടത്തുന്നവരുണ്ട്.


Source link

Related Articles

Back to top button