CINEMA

‘തെങ്ങിൽ കയറുന്ന റിമയുടെ ചിത്രം മൊബൈലിൽ പകർത്തി യുവാവ്’


റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. തെങ്ങിൽ കയറുന്ന റിമയുടെ ചിത്രം ഒരു യുവാവ് മൊബൈലിൽ പകർത്തുന്നതാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ കാണാനാകുക. ദേശീയ രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ ‘ബിരിയാണി’ക്കു ശേഷം സജിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
തിയറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി, എന്നു പേരിട്ട സിനിമ അൻജന- വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പും വി.എ ശ്രീകുമാറും ചേർന്നാണ് സിനിമയുടെ നിർമാണം. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിച്ച ‘തെക്ക് വടക്ക്’ എന്ന സിനിമയ്ക്കു ശേഷം അൻജന- വാർസ് നിർമിക്കുന്ന സിനിമയാണിത്. ചിത്രീകരണം വർക്കലയിലും പരിസരങ്ങളിലുമായി പൂർത്തിയായി. 

“ഇന്നത്തെ  ലോകത്ത് മനുഷ്യർ സ്വന്തം വിശ്വാസങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചു യാഥാർത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് കഥയുടെ പ്രമേയം”- സംവിധായകൻ സജിൻ ബാബു പറയുന്നു.
“വൈറൽ യുഗത്തിന്റെ കഥയാണിത്. തിയറ്ററുകളിലൂടെ തിയറ്റർ സിനിമ ജനങ്ങളിൽ എത്തണം എന്നതാണ് ആഗ്രഹം. നല്ല മലയാളം സിനിമകൾ ലോകോത്തര ഫെസ്റ്റിവൽ വേദികളിൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതി മാറണം”- നിർമ്മാതാവ് അൻജന ഫിലിപ്പ് പറഞ്ഞു.

“അത്രയധികം തൊട്ടടുത്ത് നടക്കുന്ന സംഭവങ്ങളെയാണ് തിയറ്റർ സിനിമ കണ്ടെത്തി അവതരിപ്പിക്കുന്നത്. നടന്ന സംഭവങ്ങളുമായി ഒട്ടേറെ സാമ്യം തോന്നുന്നതാണ് പ്രമേയം”- നിർമ്മാതാവ് വി.എ. ശ്രീകുമാറിന്റെ വാക്കുകൾ.
കനി കുസൃതിക്ക് മികച്ച നടിക്കുള്ള മോസ്കോ ഫിലിം ഫെസ്റ്റിവൽ അവാർഡ്, സംസ്ഥാന പുരസ്ക്കാരം, ഫിലിം ഫെയർ അവാർഡ് തുടങ്ങിയവ നേടിക്കൊടുത്ത സജിൻ ബാബുവിന്റെ ബിരിയാണി സിനിമ ലോക ശ്രദ്ധ ഏറെ നേടിയിരുന്നു. ലോകത്തെമ്പാടുമായി 150 ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച സിനിമ സംവിധാനം, രചന തുടങ്ങിയവയ്ക്കായി 45 പുരസ്ക്കാരങ്ങൾ നേടി. ബിരിയാണിക്കു ശേഷം സജിൻ ബാബു രചിച്ച് സംവിധാനം ചെയ്യുന്ന സിനിമ തിയറ്റർ, തിയറ്റർ റിലീസിലൂടെയാണ് പ്രേക്ഷകരിൽ എത്തുന്നത്.  

സരസ ബാലുശ്ശേരി, ഡൈൻ ഡേവിഡ്, പ്രമോദ് വെളിയനാട്, കൃഷ്ണൻ ബാലകൃഷ്ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്മി പത്മ, മീന രാജൻ, ആർജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് അഭിനേതാക്കൾ.  ക്യാമറ: ശ്യാമപ്രകാശ് എം എസ്, എഡിറ്റിങ്: അപ്പു എൻ ഭട്ടതിരി, സിങ്ക് സൗണ്ട്: ഹരികുമാർ മാധവൻ നായർ, മ്യൂസിക്: സയീദ് അബ്ബാസ്, ആർട്ട്: സജി ജോസഫ്, കോസ്റ്റ്യും: ഗായത്രി കിഷോർ, വിഎഫ്എക്സ്: പ്രശാന്ത് കെ നായർ, പ്രോസ്തെറ്റിക് –മേക്കപ്പ്: സേതു ശിവാനന്ദൻ ആശ് അഷ്റഫ്, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ഉണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അജിത്ത് സാഗർ, ഡിസൈൻ: പുഷ്360.


Source link

Related Articles

Back to top button