'ഇടി'ച്ചു കയറി ടർബോ; 50 കോടി കലക്‌ഷന് നന്ദി പറഞ്ഞ് വൈശാഖ്

‘ഇടി’ച്ചു കയറി ടർബോ; 50 കോടി കലക്‌ഷന് നന്ദി പറഞ്ഞ് വൈശാഖ് -movie | Manorama Online

‘ഇടി’ച്ചു കയറി ടർബോ; 50 കോടി കലക്‌ഷന് നന്ദി പറഞ്ഞ് വൈശാഖ്

മനോരമ ലേഖിക

Published: May 27 , 2024 05:11 PM IST

1 minute Read

അൻപതു കോടി ക്ലബിൽ ‘ഇടി’ച്ചു കയറി മമ്മൂട്ടിയുടെ ടർബോ. ചിത്രത്തിന്റെ ആഗോള ബോക്സ്ഓഫിസ് കലക്‌ഷൻ 52 കോടി കടന്നു. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുന്നതിനു മുൻപാണ് ചിത്രത്തിന്റെ റെക്കോർഡ് നേട്ടം. വലിയ വിജയം സമ്മാനിച്ച പ്രേക്ഷകർക്ക് സംവിധായകൻ വൈശാഖ് സമൂഹമാധ്യമത്തിലൂടെ നന്ദി പറഞ്ഞു. 

“50 കോടി ക്ലബിലേക്ക് ഇടിച്ചു കയറി ജോസ്. ഒപ്പം നിന്ന എല്ലാവർക്കും സ്നേഹവും ആലിംഗനങ്ങളും. ഞ​ങ്ങളെന്തായാലും പെട്ടെന്നൊന്നും നിർത്താൻ ഉദ്ദേശിച്ചിട്ടില്ല. കട്ടയ്ക്ക് കൂടെ നിന്ന പ്രേക്ഷകർക്ക് ഒരായിരം നന്ദി,” വൈശാഖ് കുറിച്ചു. കേരളത്തിലും റെക്കോർഡ് കലക്‌ഷനുമായായിരുന്നു ‘ടർബോ’യുടെ തേരോട്ടം. ആദ്യ ദിനം ചിത്രം വാരിയത് 6.2 കോടി. 2024ല്‍ ആദ്യദിനം ഏറ്റവുമധികം കലക്‌ഷന്‍ നേടുന്ന മലയാള ചിത്രമായി ഇതോടെ ടർബോ മാറി. മലൈക്കോട്ടൈ വാലിബൻ (5.86 കോടി), ആടുജീവിതം (5.83) എന്നീ സിനിമകളുടെ റെക്കോർഡ് ആണ് ‘ടർബോ’ തിരുത്തി കുറിച്ചത്.

മമ്മൂട്ടി

ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്‌ഷൻ കോമഡി രംഗങ്ങൾ കൊണ്ടും ടർബോ തിയറ്ററുകളിൽ തീ പടർത്തുകയാണ്. തിയറ്ററുകളിലേക്കുള്ള ജന ഒഴുക്ക് കാരണം 224 എക്സ്ട്രാ ഷോകളാണ് ആദ്യ ദിനം ലഭിച്ചത്. ഇതാണ് കലക്‌ഷൻ ഉയരാൻ കാരണമായത്. എറണാകുളം ജില്ലയിൽ 40ലധികം ഷോകളാണ് വിവിധ തിയറ്ററുകളിലായി ചാർട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലയിൽ 22 ലധികം ഷോകളും കോഴിക്കോട്, മലപ്പുറം ജില്ലകളിലായി അൻപതിലധികം ലേറ്റ് നൈറ്റ് ഷോകളും ചാർട്ട് ചെയ്തു. പ്രി ബുക്കിങിലൂടെയും ചിത്രം രണ്ട് കോടിക്കടുത്ത് നേടിയിരുന്നു.

രണ്ടാം ദിനവും മൂന്നു കോടിക്കു മുകളിലാണ് കേരളത്തിലെ കലക്‌ഷൻ. ഏകദേശം നൂറിലധികം എക്സ്ട്രാ ഷോകൾ രണ്ടാം ദിവസും നടന്നു. രണ്ടു മണിക്കൂർ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ.  ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

മേക്കിങ് വിഡിയോയിൽ നിന്നും

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കന്നഡ താരം രാജ് ബി. ഷെട്ടിയാണ് പ്രധാന വില്ലനായി എത്തുന്നത്. ആക്‌ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യർ.

English Summary:
Mammootty’s Turbo smashes Box Office records with 50 crore collection in just a week.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-titles0-turbo mo-entertainment-movie-mammootty mo-entertainment-common-viralpost f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 24qmjimoicr6a5pu8kahbsqvgg


Source link
Exit mobile version