KERALAMLATEST NEWS

മലബാറിലെ ഹോട്ടലുകളിലും വീടുകളിലും കറിവയ്‌ക്കാൻ പോത്തിറച്ചി വാങ്ങാൻ ഇനി ഒന്ന് മടിക്കും

കണ്ണൂർ: മത്സ്യ-മാംസാദികളുടെ വില കുതിച്ചുയരാൻ തുടങ്ങിയതോടെ തീൻ മേശയിൽനിന്ന് നോൺ വെജ് വിഭവങ്ങൾ കുറയുന്നു. കടുത്ത വേനലിൽ കടലിൽ മത്സ്യങ്ങൾ കിട്ടാതായതാണ് മത്സ്യങ്ങൾക്ക് വില കൂടാൻ കാരണം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യവരവ് കുറഞ്ഞതും വിലക്കയറ്റത്തിനിടയാക്കി. സാധാരണക്കാർ ഏറെ വാങ്ങുന്ന മത്തിക്ക് വരെ പൊള്ളുന്ന വിലയാണ്. കഴിഞ്ഞ ആഴ്ച 200 രൂപയുണ്ടായ ഒരു കിലോ മത്തിക്ക് നിലവിൽ 260 രൂപയാണ്. ഇതുതന്നെ പലപ്പോഴും പഴകിയതാണ് ലഭിക്കുന്നത്.

വലിയ അയലയ്ക്ക് രണ്ട് ദിവസം മുൻപ് 280 രൂപയായിരുന്നത് 300 രൂപയായി വർദ്ധിച്ചു. ചിലയിടങ്ങളിൽ 350 രൂപ വരെ ഈടാക്കുന്നുണ്ട്. വലിയ അയക്കൂറയ്ക്ക് വില 1000 കടക്കുകയാണ്. അടുത്ത മാസം ട്രോളിംഗ് കൂടി വരുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത.

ചിക്കൻ വിലയിലും വലിയ വർദ്ധനവാണ് കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായത്. നിലവിൽ 270 രൂപയാണ് വില. ചൂട് കൂടിയതോടെ കോഴി ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. കനത്ത ചൂടിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തുപോകുന്നത് ഫാമുകളിൽ ഉത്പാദനത്തെ ബാധിച്ചു. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതും തിരിച്ചടിയായി. കോഴിയുടെ തൂക്കവും കാര്യമായി കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ രണ്ട് കിലോയിൽ താഴെ തൂക്കമുള്ള കോഴികൾ മാത്രമാണ് എത്തുന്നത്. പച്ചക്കറി വിലയും ദിനം പ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ അടുക്കളയിൽ വീട്ടമ്മമാർ അങ്കലാപ്പിലാണ്.

പോത്തിറച്ചി വില വർദ്ധന ഇന്നു മുതൽ

മലബാർ മേഖലയിൽ ഇന്നു മുതൽ പോത്തിറച്ചിയുടെ വില വർദ്ധന നിലവിൽ വരും. മലബാറിൽ പോത്തിറച്ചി കിലോയ്ക്ക് 300 മുതൽ 330 വരെയുള്ളപ്പോൾ മധ്യതെക്കൻ ജില്ലകളിൽ ഇത് 400 രൂപ വരെയാണ്. കോഴിക്കോട് ഇപ്പോൾ തന്നെ പോത്തിറച്ചി കിലോക്ക് 400 രൂപയിലെത്തിയിട്ടുണ്ട്. ഉത്തരേന്ത്യയിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വരവ് കുറഞ്ഞതോടെയാണ് വില വർദ്ധിപ്പിക്കാൻ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കെത്തിക്കുന്നതിന്റെ ഭീമമായ ചിലവും വരവ് കുറയാൻ കാരണമായിട്ടുണ്ട്.

ചൂട് കൂടിയതാണ് കോഴി വില വർദ്ധിക്കാൻ പ്രധാന കാരണം.നിലവിൽ ഉത്പാദനവും കുറവാണ്. ഇത്തരം പ്രതിസന്ധികൾ കച്ചവടത്തെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.

ഇസ്മായിൽ പൂക്കോം,​ ജില്ല സെക്രട്ടറി, കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി

നിലവിൽ മത്സ്യ വില

(കിലോയ്ക്ക്)​

മത്തി 260​

ചെറിയ അയല 200

വലിയ അയല 300

കറ്റ്ല-400

തിരുത 450

മടൽ 450

കടുവ 400


Source link

Related Articles

Back to top button