പെരിയാറിലെ മത്സ്യക്കുരുതി (ഡെക്ക്) ചത്തമത്സ്യം വലിച്ചെറിഞ്ഞ് പ്രതിഷേധം; ഒരു കമ്പനി അടച്ചുപൂട്ടാൻ നോട്ടീസ്

കൂടുതൽ കമ്പനികൾക്കെതിരെ നടപടി വന്നേക്കും

കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ ഇടയാറിലെ അലയൻസ് മറൈൻ ഇൻഡസ്ട്രീസ് കമ്പനി അടച്ചുപൂട്ടാൻ മലനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകി. പുഴയിലേക്ക് മലിനജലം ഒഴുക്കിയതിനാണ് നടപടി. കൂടുതൽ കമ്പനികൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

പെരിയാർ തീരത്തെ വ്യവസായശാലകൾ എൻവയോൺമെന്റൽ എൻജിനിയർ സജീഷ് ജോയിയുടെ നേതൃത്വത്തിൽ പരിശോധിച്ചു. സബ് കളക്ടർ കെ. മീരയുടെ നേതൃത്വത്തിലെ സംഘം ഇന്ന് ഏലൂരിൽ സന്ദർശനം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.

ഇന്നലെ രാവിലെ ഏലൂരിലെ മലനീകരണ നിയന്ത്രണ ബോർഡ് ഓഫീസിന് മുന്നിൽ നാട്ടുകാരുടെ കനത്ത പ്രതിഷേധമുയർന്നു. ചത്തമത്സ്യം വലിച്ചെറിഞ്ഞുള്ള പ്രതിഷേധം സംഘർഷത്തിന് ഇടയാക്കി. പൊലീസും സമരക്കാരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. മത്സ്യകർഷകരും കോൺഗ്രസ്, എ.ഐ.വൈ.എഫ്,​ പരിസ്ഥിതി പ്രവർത്തകരുമാണ് പ്രതിഷേധിച്ചത്. മത്സ്യകർഷകർക്ക് നഷ്ടപരിഹാരവും ആറുമാസത്തെ സൗജന്യ റേഷനും നൽകാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.

അന്വേഷണത്തിന് വിദഗ്ദ്ധ സമിതി

സംഭവത്തിൽ അന്വേഷണത്തിന് ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഏഴംഗ സമിതി രൂപീകരിച്ചു. മന്ത്രി സജി ചെറിയാന്റെ നിർദ്ദേശത്തെ തുടർന്നാണ് അക്വാകൾച്ചർ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിനു വർഗീസ് ചെയർമാനായി വിദഗ്ദ്ധ സമിതി രൂപീകരിച്ചത്. 24നകം വിശദമായ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. കുഫോസിലെ അഞ്ചംഗ സംഘത്തെയും അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. അന്വേഷണ സംഘം മീൻ, വെള്ളം, മണ്ണ് എന്നിവയുടെ സാമ്പിൾ ശേഖരിച്ചു. ഇവ കുഫോസ് ലാബിൽ പരിശോധിക്കും.


Source link

Exit mobile version