കുസൃതി വിടാതെ കനി, പ്രഭയോടെ ദിവ്യ; കാനിൽ കയ്യടിനേടി മലയാളി അഭിനേതാക്കൾ

കുസൃതി വിടാതെ കനി, പ്രഭയോടെ ദിവ്യ; കാനിൽ കയ്യടിനേടി മലയാളി അഭിനേതാക്കൾ | Kani Kusruti and Divya Prabha at cannes 2024
കുസൃതി വിടാതെ കനി, പ്രഭയോടെ ദിവ്യ; കാനിൽ കയ്യടിനേടി മലയാളി അഭിനേതാക്കൾ
മനോരമ ലേഖകൻ
Published: May 26 , 2024 12:44 PM IST
2 minute Read
കനി കുസൃതി, ദിവ്യപ്രഭ (Photo by Christophe SIMON / AFP)
കനി കുസൃതി ലോക സിനിമയുടെ ശ്രദ്ധാ കേന്ദ്രമായി കാൻ ചലച്ചിത്രോത്സവത്തിൽ നിൽക്കുമ്പോൾ അച്ഛൻ മൈത്രേയൻ യുഎസിലും അമ്മ ജയശ്രീ കണ്ണൂരിലുമായിരുന്നു. ‘രണ്ടാഴ്ച മുൻപ് കനി കൊച്ചിയിൽ വന്നപ്പോഴാണ് ഞങ്ങൾ തമ്മിൽ കണ്ടത്. ഞങ്ങൾ കാണുമ്പോൾ സിനിമ ചർച്ചയാകില്ല. കുറെ നേരം സംസാരിക്കും, നല്ല ഭക്ഷണം കഴിക്കും. എങ്കിലും ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ സിനിമയുടെ സംവിധായിക പായൽ കപാഡിയയെ കുറിച്ച് കനി പറഞ്ഞിരുന്നു’– കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.എ.കെ.ജയശ്രീ പറഞ്ഞു. കനിയുടെ സിനിമാ വിവരങ്ങൾ ഡോ.ജയശ്രീ അറിയുന്നത് വല്ലപ്പോഴും അഭിമുഖങ്ങൾ കാണുമ്പോഴാണ്.
ഗോവയിലാണ് കനി ഇപ്പോൾ താമസം. തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ പ്ലസ് വൺ പഠിക്കുന്ന കാലത്താണ് നാടകത്തിലേക്ക് എത്തിയത്. ‘അഭിനയ’ എന്ന നാടക സംഘത്തിനൊപ്പം അഭിനയിക്കാൻ പോയത് സ്വന്തം ഇഷ്ടത്തിനാണ്. 16 വയസ്സു മുതൽ സ്വന്തം താൽപര്യത്തിനു ജീവിക്കാൻ ജയശ്രീയും മൈത്രേയനും കനിക്ക് അനുമതി നൽകിയിരുന്നു. പ്ലസ് ടു കഴിഞ്ഞപ്പോൾ കുറച്ചുകാലം സംസ്കൃത കോളജിൽ ചേർന്നു പഠിച്ചതും അവിടം മടുത്തപ്പോൾ നിർത്തിയതുമെല്ലാം കനി പറഞ്ഞാണ് അറിഞ്ഞതെന്നു ജയശ്രീ. ഡാൻസ് പഠിക്കണമെന്നു പറഞ്ഞപ്പോൾ മൈത്രേയനാണ് ബെംഗളൂരുവിൽ ആട്ടക്കളരിയിൽ കൊണ്ടാക്കിയത്. കുറച്ചു നാൾ ഡാൻസ് പഠിച്ച ശേഷം സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. തുടർന്ന് പാരിസിൽ നാടകം പഠിക്കാൻ ചേർന്നു. അവിടെ നിന്നാണ് ലോകമെങ്ങും അഭിനയ സംഘവുമായി ചുറ്റിയത്.
രഞ്ജിത് ഏകോപനം നിർവഹിച്ച ‘കേരള കഫേ’ എന്ന ചിത്രത്തിലെ ഐലൻഡ് എക്സ്പ്രസ് എന്ന ഹ്രസ്വചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ കനി കുസൃതി, പിന്നീട് കോക്ടെയ്ൽ, ശിക്കാർ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. മലയാളത്തിനു പുറമേ ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിലും അഭിനയിച്ചു. ഹ്രസ്വചിത്രങ്ങളെന്നോ വെബ്സീരീസെന്നോ വ്യത്യാസമില്ലാതെയായിരുന്നു അഭിനയം. സജിൻ ബാബു സംവിധാനം ചെയ്ത ‘ബിരിയാണി’യിലെ ഖദീജയെ അവതരിപ്പിച്ച് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും രാജ്യാന്തര മേളകളിലെ അംഗീകാരവും നേടി.
കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ മലയാളം–ഹിന്ദി ചിത്രത്തിലെ നടിമാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, എന്നിവർ വേദിയിൽ (Photo by LOIC VENANCE / AFP)
∙∙∙∙∙∙∙
സ്കൂൾ പഠനകാലത്തു തന്നെ മോണോ ആക്ടിലും നാടകാഭിനയത്തിലുമൊക്കെ സജീവമായിരുന്നു ദിവ്യപ്രഭ. സിനിമ പശ്ചാത്തലം ഇല്ലാത്ത കുടുംബം. എന്നിട്ടും, സിനിമയോടുള്ള തീവ്രമായ താൽപര്യം ദിവ്യയെ വെള്ളിത്തിരയിലെത്തിച്ചു. ചുരുങ്ങിയ കാലം കൊണ്ട് അഭിനയത്തിൽ സ്വന്തം പ്രതിഭ തെളിയിച്ചു. ‘ഈശ്വരൻ സാക്ഷിയായി’ ടെലിസീരിയലിലെ അഭിനയത്തിന് 2015 ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടി. ‘എ വെരി നോർമൽ ഫാമിലി’ എന്ന നാടകത്തിലും അഭിനയിച്ചിട്ടുണ്ട്.
തൃശൂർ അയ്യന്തോൾ സ്വദേശി പരേതനായ പി.എസ്.ഗണപതി അയ്യരുടെയും ലീലാമണിയുടെയും മകളാണ്. തൃശൂരിൽ ലീഗൽ കൺസൽറ്റന്റായിരുന്നു പിതാവ്. കൊല്ലം സെന്റ് മാർഗരറ്റ് സ്കൂളിലും ടികെഎം കോളജിലുമായി പഠനം. അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ. കൊഗ്നിസന്റ് ടെക്നോളജീസിൽ ഉദ്യോഗസ്ഥയായ സഹോദരി വിദ്യപ്രഭയ്ക്കൊപ്പം കോയമ്പത്തൂരിലാണ് അമ്മ ഇപ്പോൾ താമസിക്കുന്നത്. ദിവ്യപ്രഭ കൊച്ചിയിൽ.
കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ മലയാളം–ഹിന്ദി ചിത്രത്തിന്റെ സംവിധായിക പായൽ കപാഡിയ ചിത്രത്തിലെ നടിമാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം എന്നിവർക്കൊപ്പം വേദിയിൽ (Photo by LOIC VENANCE / AFP)
സമൂഹ മാധ്യമങ്ങളിലെ റീലുകളിലോ ഉദ്ഘാടനപ്പൂരങ്ങളിലോ ദിവ്യയെ കാണുക പ്രയാസം. 10 വർഷം മുൻപിറങ്ങിയ മോഹൻലാൽ ചിത്രം ‘ലോക്പാൽ’ ആദ്യ ചിത്രം. ഒരുപാടു ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ല. എന്നാൽ, ലോകവേദിയിൽ 2 ചലച്ചിത്ര മേളകളിൽ ദിവ്യപ്രഭ ശ്രദ്ധ നേടി – മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘അറിയിപ്പ്’ ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ മത്സരിച്ചു; മികച്ച നടിക്കുള്ള ജൂറി നാമനിർദേശം ദിവ്യപ്രഭ നേടുകയും ചെയ്തു. ഇപ്പോൾ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ‘അറിയിപ്പ്’ ഒടിടിയിൽ കണ്ടതാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്റെ സംവിധായിക പായൽ കപാഡിയയുടെ ശ്രദ്ധയിലേക്ക് ദിവ്യപ്രഭയെ എത്തിച്ചത്. ടേക് ഓഫ്, തമാശ, വികൃതി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
English Summary:
Kani Kusruti and Divya Prabha at cannes 2024
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-kanikusruti mo-entertainment-common-malayalammovienews mo-entertainment-common-viralnews 2sdaups3u0dt7mb6eqot1dca3q f3uk329jlig71d4nk9o6qq7b4-list mo-entertainment-common-cannesfilmfestival
Source link