CINEMA

മലയാള സിനിമയ്ക്കും കേരളത്തിനും നന്ദി; പ്രീതി സിന്റയിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങി സന്തോഷ് ശിവൻ

മലയാള സിനിമയ്ക്കും കേരളത്തിനും നന്ദി; പ്രീതി സിന്റയിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങി സന്തോഷ് ശിവൻ | Malayalam cinema | Santosh Sivan | Peer Angino Award | Preity Zinta | Pierre Angino | Cannes Film Festival | cinematography | Bollywood | photography award | Hollywood | Kerala | Malayalam cinematographer | Indian cinema award | Indian cinematography | zoom lens invention | Dil Se movie | Javegh Ashraf | cinematographers meeting | Chhaya Chhaya

മലയാള സിനിമയ്ക്കും കേരളത്തിനും നന്ദി; പ്രീതി സിന്റയിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങി സന്തോഷ് ശിവൻ

മനോരമ ലേഖകൻ

Published: May 26 , 2024 12:57 PM IST

1 minute Read

സൂം ലെൻ‍സ് വികസിപ്പിച്ച പ്രതിഭയായ പിയർ ആഞ്ജിനൊയുടെ പേരിലുള്ളതാണ് 2013 മുതൽ കാനിൽ നൽകിവരുന്ന ഈ പുരസ്കാരം.

കാൻ ചലച്ചിത്രോത്സവത്തിൽ ഛായാഗ്രഹണ മികവിലെ അതിവിശിഷ്ട അംഗീകാരമായ പിയർ ആഞ്ജിനൊ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ സന്തോഷ് ശിവന്‍ ബോളിവുഡ് നടി പ്രീതി സിന്റയോടൊപ്പം റെഡ് കാർപറ്റിൽ. ഫ്രഞ്ച് നടി മെലാനി ലോറന്റ് സമീപം Photo Credit: LOIC VENANCE/AFP

ആ നിമിഷങ്ങളിലെ താരപ്രഭയിൽ സന്തോഷ് ശിവനെ ഒപ്പിയെടുക്കാൻ കാനിലെ ക്യാമറക്കണ്ണുകൾ മത്സരിച്ചു. ഛായാഗ്രഹണ മികവിലെ അതിവിശിഷ്ട അംഗീകാരമായ പിയർ ആഞ്ജിനൊ പുരസ്കാര ശിൽപത്തിനു തന്നെ ക്യാമറ ലെൻസിന്റെ രൂപം. പുഞ്ചിരിയോടെ അത് ബോളിവുഡ് താരം പ്രീതി സിന്റയിൽനിന്ന് ഏറ്റുവാങ്ങിയ മലയാളത്തിന്റെ പ്രിയ ഛായാഗ്രാഹകൻ കരിയറും ജീവിതവും ഏതാനും വാക്കുകളിൽ വിവരിച്ച് നന്ദി പറഞ്ഞു. 

മൺമറ​ഞ്ഞ അമ്മയും അച്ഛനും സഹോദരനും ഇപ്പോഴിതു കണ്ട് സന്തോഷിക്കുന്നുണ്ടാകുമെന്നു പറഞ്ഞ സന്തോഷ് ശിവൻ‍ ജന്മനാടായ കേരളത്തിനോടാണ് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നതെന്നും പറഞ്ഞു. ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന അച്ഛൻ ശിവൻ, അമ്മ ചന്ദ്രമണി, ഈയിടെ അന്തരിച്ച സഹോദരനും സംവിധായകനുമായ സംഗീത് ശിവൻ എന്നിവരെയാണ് അദ്ദേഹം സ്മരിച്ചത്. 

‘ഛായാഗ്രഹണം അതിരുകളില്ലാത്ത കലയാണ്. മലയാള സിനിമയിൽനിന്നാണ് അടിസ്ഥാനപാഠങ്ങൾ പഠിച്ചത്. മലയാളത്തിൽനിന്ന് തമിഴിലും അവിടെനിന്ന് ഹിന്ദി സിനിമയിലും പിന്നെ ഹോളിവുഡിലും പ്രവർത്തിക്കാൻ കഴിഞ്ഞു. സിനിമറ്റോഗ്രഫേഴ്സ് സംഗമത്തിൽ പങ്കെടുക്കാൻ ഒരിക്കൽ ക്ഷണം കിട്ടി. 15 ദിവസത്തോളം അവിടെ തങ്ങി മടങ്ങാൻ നേരം ജപ്പാൻകാർ എന്നെ യാത്രയച്ചത് ‘ഛയ്യ ഛയ്യ’ പാട്ട് പാടി നൃത്തം വച്ചായിരുന്നു’ – അദ്ദേഹം ഓർമകൾ പങ്കുവച്ചു. 

സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിച്ച ‘ദിൽ സെ’ (1998) യിലൂടെ സിനിമയിലെത്തിയ പ്രീതിക്കൊപ്പം കാനിലെ വേദിയിൽ ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേഗ് അഷ്റഫും ഉണ്ടായിരുന്നു. 

സിനിമറ്റോഗ്രഫിയിൽ‍ വിപ്ലവം കൊണ്ടുവന്ന സൂം ലെൻ‍സ് വികസിപ്പിച്ച പ്രതിഭയായ പിയർ ആഞ്ജിനൊയുടെ പേരിലുള്ളതാണ് 2013 മുതൽ കാനിൽ നൽകിവരുന്ന ഈ പുരസ്കാരം. ഈ ബഹുമതി സ്വന്തമാക്കുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് സന്തോഷ് ശിവൻ.

English Summary:
Santosh Sivan Receives Peer Angino Award at Cannes Presented by Preity Zinta

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-santosh-sivan mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-preityzinta mo-entertainment-common-cannesfilmfestival 52p49iu2arhhevm4gqno80fgkt


Source link

Related Articles

Back to top button