ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽപ്പെട്ട സാർഗൊധാ സിറ്റിയിൽ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടയാളെ ജനക്കൂട്ടം ക്രൂരമായി മർദിച്ച് അവശനാക്കി വഴിയരികിൽ തള്ളിയശേഷം അദ്ദേഹത്തിന്റെ വീടും ഫാക്ടറിയും അഗ്നിക്കിരയാക്കി. ഇന്നലെ രാവിലെയായിരുന്നു സംഭവം. മതനിന്ദ ആരോപിച്ച് വീട്ടിലേക്ക് ഇരച്ചെത്തിയ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള ജനക്കൂട്ടം വീടിനുള്ളിലെ വസ്തുവകകളും വീടിനോടു ചേർന്നു പ്രവർത്തിക്കുന്ന ഷൂ ഫാക്ടറിയും അഗ്നിക്കിരയാക്കുകയായിരുന്നു. വീടിനുള്ളിലെയും ഫാക്ടറിയിലെയും സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. ഖുറാനെ അവഹേളിച്ചെന്നാരോപിച്ചായിരുന്നു ജനക്കൂട്ടത്തിന്റെ അതിക്രമം. അതേസമയം, ആരോപണം കെട്ടിച്ചമച്ചതാണെന്നും സൂചനയുണ്ട്. വീട്ടുടമയെ ജനക്കൂട്ടം റോഡരികിലിട്ട് ചവിട്ടുന്നതിന്റെയും രക്തത്തിൽ കുളിച്ച് അദ്ദേഹം കിടന്നു പിടയുന്നതിന്റെയും വീട്ടിലേക്ക് ജനക്കൂട്ടം ഇരച്ചുകയറുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അഗ്നിരക്ഷാസേനയെത്തി വീട്ടിലെ തീ കെടുത്തുന്പോഴും ജനക്കൂട്ടം ആക്രമണം തുടരുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. സ്ഥലത്ത് കൂടുതൽ പോലീസ് സംഘത്തെ വിന്യസിച്ചതായി സാർഗൊധാ ജില്ലാ പോലീസ് സൂപ്രണ്ട് ആസാദ് ഇജാസ് മാൽഹി പറഞ്ഞു. പ്രദേശത്തെ രണ്ട് ക്രിസ്ത്യൻ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായും അദ്ദേഹം അറിയിച്ചു. അതേസമയം, പാക്കിസ്ഥാൻ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും മതത്തിന്റെ മറവിൽ ഒരു അനീതിയും വച്ചുപൊറുപ്പിക്കില്ലെന്നും പഞ്ചാബ് പ്രവിശ്യ ആഭ്യന്തര സെക്രട്ടറി നൂർ അൽ അമീൻ മെംഗൽ വ്യക്തമാക്കി. കുറ്റവാളികൾക്കെതിരേ നിയമപ്രകാരം നടപടിയെടുക്കുമെന്നും വിപുലമായ അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഏതെങ്കിലും തരത്തിൽ ശത്രുതയുള്ള ന്യൂനപക്ഷ വിഭാഗക്കാരെ മനഃപൂർവം മതനിന്ദക്കുറ്റം ആരോപി ച്ച് ആക്രമിക്കുന്നത് പാക്കിസ്ഥാനിൽ പതിവാണ്.
Source link