മിഷണറി ദന്പതികൾ ഹെയ്തിയിൽ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽനിന്നുള്ള യുവ മിഷണറി ദന്പതികൾ ഹെയ്തിയിൽ കൊല്ലപ്പെട്ടു. മിസൗറി സംസ്ഥാനത്തുനിന്നുള്ള യുഎസ് ജനപ്രതിനിധിസഭാംഗം ബെൻ ബേക്കറിന്റെ മകൾ നതാലിയയും ഭർത്താവ് ഡേവി ലോയ്ഡുമാണ് വ്യാഴാഴ്ച ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ മരിച്ചത്. മിഷൻ ഹെയ്തി എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറും ഹെയ്തി പൗരനുമായ ജുഡ് മോണ്ടിസും കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി മൂന്നു ട്രക്കുകളിലെത്തിയ ഗുണ്ടകളാണ് അക്രമം നടത്തിയതെന്ന് സംഘടന അറിയിച്ചു. ഡേവിയെ ഇവരുടെ വീടിനുള്ളിലേക്കു കൊണ്ടുപോയി കെട്ടിയിട്ടു മർദിച്ചു. ഇതിനിടെ മറ്റൊരു ഗുണ്ടാസംഘവും സ്ഥലത്തെത്തി ആക്രമണത്തിൽ പങ്കുചേർന്നു. തുടർന്ന് ദന്പതികളെ വെടിവച്ചു കൊല്ലുകയായിരുന്നു. ഗുണ്ടാസംഘങ്ങൾ ഭരിക്കുന്ന ഹെയ്തിയിൽ ശക്തമായ നടപടി വേണമെന്ന് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടു. കെനിയയുടെ നേതൃത്വത്തിനുള്ള അന്താരാഷ്ട്ര ദൗത്യസേനയെ ഉടൻ ഹെയ്തിയിൽ വിന്യസിക്കണമെന്നും യുഎസ് സന്ദർശിക്കുന്ന കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയോട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇക്കാര്യം ആവശ്യപ്പെട്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഹെയ്തിയിലെ ഗുണ്ടാസംഘങ്ങളെ കെനിയൻ സേന അമർച്ച ചെയ്യുമെന്ന് വില്യം റൂട്ടോ പറഞ്ഞു.
Source link