റോം: സൗത്ത് സുഡാനിലെ തോംബുറ യാംബിയോ രൂപതയിൽനിന്ന് കഴിഞ്ഞമാസം 27ന് കാണാതായ ഫാ. ലൂക്ക് യുഗ്വെ ബോകൂസയും അദ്ദേഹത്തിന്റെ ഡ്രൈവർ മൈക്കിൾ ബെക്കോയും കൊല്ലപ്പെട്ടതായി രൂപത ബിഷപ് ഡോ. എഡ്വേർഡ് കുസ്സാല അറിയിച്ചു. നഗേറോയിൽനിന്നു തോംബുറയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഇവരെ കാണാതായത്. ഇവരുടെ സംസ്കാരം ഇന്നു നടക്കും. വൈദികന്റെ കൊലപാതകത്തിനു പിന്നിൽ വംശീയ, രാഷ്ട്രീയ കാരണങ്ങളാണെന്ന് ആരോപിച്ച് പ്രതികാരം ചെയ്യണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ നിരവധിപേർ ആവശ്യപ്പെട്ടിരുന്നു. പ്രതികാരം ക്രിസ്തീയമല്ലെന്നും സമാധാനം പുലർത്തണമെന്നും ബിഷപ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ബിഷപ്പിന്റെ ആവശ്യപ്രകാരം പ്രദേശത്തു സമാധാനം നിലനിർത്താൻ പ്രസിഡന്റ് സൈനികരെ നിയോഗിച്ചിട്ടുണ്ട്. നൈജീരിയയിൽ വൈദികനെ തട്ടിക്കൊണ്ടുപോയി അബൂജ: നൈജീരിയയിൽ ഒരാഴ്ചക്കകം രണ്ടാമതൊരു വൈദികനെക്കൂടി ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. അദാമാവാ സംസ്ഥാനത്തെ യോളാ രൂപത ബിഷപ് ദാമി മാസയാണ് ഇക്കാര്യം അറിയിച്ചത്. ഫാ. ഒലിവർ ബൂയെയാണ് ഏറ്റവുമൊടുവിൽ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 21നായിരുന്നു സംഭവം. കഴിഞ്ഞ 15ന് ഫാ. ബേസിൽ സുസുവോയെ തട്ടിക്കൊണ്ടുപോയിരുന്നു. വൻതുക മോചനദ്രവ്യം ആവശ്യപ്പെട്ട് ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയിൽ പതിവാണ്. സ്കൂളുകളിലും കോളജുകളിലുംനിന്ന് വിദ്യാർഥികളെ കൂട്ടമായും തട്ടിക്കൊണ്ടുപോകാറുണ്ട്. കഴിഞ്ഞ ഒന്പതിന് ഒന്പാറ നഗരത്തിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് തട്ടിക്കൊണ്ടുപോയ 24 പേരിൽ 15 പേരെ പോലീസ് രക്ഷിക്കുകയുണ്ടായി. 2014 ഏപ്രിൽ 15ന് 276 സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി. തുടർന്ന് ഇതുവരെ 70 സംഭവങ്ങളിലായി 1680 വിദ്യാർഥികളും 60 അധ്യാപകരും അക്രമികളുടെ ബന്ധനത്തിലായിട്ടുണ്ട്.
Source link