ടെല്‍ അവീവ്: റാഫയില്‍ സൈനിക നടപടി നിര്‍ത്തിവെക്കാന്‍ ഇസ്രായേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ റാഫ നഗരത്തിലുള്ള ഷബൂറ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ തുടർച്ചയായി വ്യോമാക്രമണം നടത്തി. ആക്രമണത്തിന്റെ ശബ്ദം ഭയാനകമായിരുന്നുവെന്ന് സമീപത്തെ കുവൈറ്റ് ആശുപത്രിയിലെ സന്നദ്ധപ്രവർത്തകൻ പറഞ്ഞതായി ബിബിസി റിപ്പോർട്ടു ചെയ്തു. ആക്രമണത്തിന്റെ തീവ്രത കാരണം ആശുപത്രിയിലെ രക്ഷാ പ്രവർത്തകർക്ക് ക്യാമ്പിലേക്ക് എത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റാഫയിൽ ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണം അവസാനിപ്പിക്കണം എന്ന് വെള്ളിയാഴ്ചയാണ് ഐ.സി.ജെ നിർദേശം നൽകിയത്.റാഫ നഗരത്തിലെ ജനങ്ങൾക്കെതിരെ ഇസ്രയേൽ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്ന ഐ.സി.ജെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഹമാസ് വക്താവ് പറഞ്ഞു. എന്നാൽ, റാഫയിൽ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള സ്വയം പ്രതിരോധ പോരാട്ടമാണ് ഇസ്രയേൽ നടത്തുന്നത് എന്ന് മനസ്സിലാക്കാതെയാണ് ഐ.സി.ജെയുടെ നടപടിയെന്ന് ഇസ്രയേൽ പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Source link