കോട്ടയം സ്വദേശി ബൈജു വർക്കി കേംബ്രിഡ്ജ് മേയർ

ലണ്ടൻ: ബ്രിട്ടനിലെ ചരിത്ര പ്രസിദ്ധമായ കേംബ്രിഡ്ജ് സിറ്റി കൗൺസിലിന്റെ മേയറായി കോട്ടയം ആർപ്പൂക്കര സ്വദേശി ബൈജു വർക്കി തിട്ടാല സ്ഥാനമേറ്റു. ഒരു വർഷമായി കേംബ്രിഡ്ജ് സിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി മേയറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സാധാരണ കുടിയേറ്റക്കാരനായി കുടുംബസമേതം ബ്രിട്ടനിലെത്തിയ ബൈജു തന്റെ കഠിന പ്രയത്നത്തിലൂടെയാണ് കേംബ്രിഡ്ജ് നഗരത്തിന്റെ നഗരപിതാവ് എന്ന പദവിയിലേക്ക് എത്തുന്നത്. യുകെയിൽ വിവിധ ജോലികൾ ചെയ്തുവന്നിരുന്ന ബൈജു 2008ൽ കേംബ്രിഡ്ജ് റീജണൽ കോളജിൽ ചേർന്നതാണ് വഴിത്തിരിവായത്. തുടർന്ന് 2013ൽ ആംഗ്ലിയ റസ്കിൻ സർവകലാശാലയിൽനിന്ന് എൽഎൽബിയും ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിൽനിന്ന് എംപ്ലോയ്മെന്റിൽ ഉന്നത ബിരുദവും നേടി. പഠനത്തോടൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു. തൊഴിലിടങ്ങളിൽ തൊഴിലാളികൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരേയും മലയാളി നഴ്സ്മാരുടെ ഉൾപ്പെടെയുള്ള തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നിയമപോരാട്ടം നടത്തിവരവേയാണ് 2018ൽ ആദ്യമായി കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൻ വാർഡിൽനിന്ന് ലേബർ ടിക്കറ്റിൽ കൗൺസിലറായി വിജയിച്ചത്. അറിയപ്പെടുന്ന ക്രിമിനൽ ഡിഫൻസ് സോളിസിറ്റർ കൂടിയാണ് ബൈജു. കോട്ടയം കരിപ്പൂത്തട്ട് തിട്ടാല പാപ്പച്ചൻ-ആലീസ് ദമ്പതികളുടെ മകനാണ്. കേംബ്രിഡ്ജിൽ നഴ്സിംഗ് ഹോം യൂണിറ്റ് മാനേജരായി ജോലിചെയ്യുന്ന ഭാര്യ ആൻസി കോട്ടയം മുട്ടുചിറ മേലുകുന്നേൽ കുടുംബാംഗമാണ്. വിദ്യാർഥികളായ അന്ന, അലൻ, അൽഫോൻസ എന്നിവർ മക്കളാണ്.
Source link