വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസ് വിശുദ്ധ പദവിയിലേക്ക്
വത്തിക്കാൻ: ദിവ്യകാരുണ്യഭക്തിയിലൂടെ ശ്രദ്ധേയനായ വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. കാർലോയുടെ മധ്യസ്ഥതയിൽ നടന്ന അദ്ഭുതത്തിന് മാർപാപ്പ അംഗീകാരം നൽകിയതോടെയാണു വിശുദ്ധപദവിയിലേക്കുള്ള വഴി തെളിഞ്ഞത്. ഇതോടൊപ്പം കൊൺസൊലാറ്റ മിഷനറീസ് സഭാ സ്ഥാപകനും ഇറ്റാലിയൻ വൈദികനുമായ വാഴ്ത്തപ്പെട്ട ജൂസേപ്പെ അല്ലാമാനോയെയും സിറിയയിലെ 11 രക്തസാക്ഷികളെയും വിശുദ്ധരായി നാമകരണം ചെയ്യാനും മാർപാപ്പ അംഗീകാരം നൽകി. ആഗോള കത്തോലിക്കാസഭ ജൂബിലി വർഷമായി ആചരിക്കുന്ന അടുത്ത വർഷം നാമകരണം നടന്നേക്കുമെന്നാണ് സൂചന. നാമകരണ കാര്യങ്ങൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ കർദിനാൾ മാഴ്സെല്ലോ സെമെരാരോ ഇന്നലെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി നവവിശുദ്ധരുമായി ബന്ധപ്പെട്ട വിവിധ ഉത്തരവുകൾക്ക് അംഗീകാരം നേടി. 1991 മേയ് മൂന്നിന് ലണ്ടനിൽ ജനിച്ച വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസ് പതിനഞ്ചാം വയസിൽ 2006 ഒക്ടോബർ 12ന് ഇറ്റലിയിലെ മൊൻസായിൽ ലുക്കിമിയ ബാധിച്ചാണു മരിച്ചത്. മരണശേഷം അധികം വൈകാതെതന്നെ കാർലോയുടെ ജീവിതവിശുദ്ധിയെ അംഗീകരിക്കുന്നതിന് സഭയുടെ നാമകരണ നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്ന അഭിപ്രായം അവനെ അടുത്തറിഞ്ഞവരില്നിന്നും അവന്റെ ആത്മീയത തൊട്ടറിഞ്ഞവരില്‍നിന്നും ഉയര്‍ന്നുവന്നു. 2013ല്‍ നാമകരണ നടപടിക്രമങ്ങള്‍ക്ക് മിലാന് അതിരൂപതയില്‍ കര്‍ദിനാള്‍ ആഞ്ചലോ സ്കോള തുടക്കം കുറിച്ചു. 2020ൽ അസീസിയിൽ വച്ചാണ് ഫ്രാൻസിസ് മാർപാപ്പ കാർലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ഭൗതികദേഹം അസീസിയിലാണു കബറടക്കിയിരിക്കുന്നത്. ലാറ്റിനമേരിക്കൻ രാജ്യമായ കോസ്റ്ററിക്കയിലെ വലേറിയ എന്ന പെൺകുട്ടിക്കു ലഭിച്ച അദ്ഭുത രോഗസൗഖ്യമാണ് വാഴ്ത്തപ്പെട്ട കാർലോയുടെ വിശുദ്ധ പദവിക്കു നിദാനമായത്. സൈക്കിൾ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണത്തോടു മല്ലടിച്ചു ചികിത്സയിൽ കഴിയവേയാണ് വലേറിയയ്ക്ക് അദ്ഭുത സൗഖ്യമുണ്ടായത്. അപകടശേഷം വെന്റിലേറ്ററിലായിരുന്ന വലേറിയ ഏതു നിമിഷവും മരിക്കുമെന്ന അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് അമ്മ ലിലിയാന അസീസിയിലെത്തി വാഴ്ത്തപ്പെട്ട കാർലോയുടെ കബറിടത്തിൽ പ്രാർഥിക്കുകയായിരുന്നു. അവരുടെ തീർഥാടനം കഴിഞ്ഞ് പത്തു ദിവസത്തിനുശേഷം വലേറിയയെ തീവ്രപരിചരണ വിഭാഗത്തിൽനിന്നു മാറ്റുകയും പിന്നാലെ തലച്ചോറിനേറ്റ ക്ഷതം പൂർണമായും ഭേദമാകുകയും ചെയ്തു. അപകടം നടന്ന് രണ്ടു മാസത്തിനുശേഷം പൂർണ ആരോഗ്യവതിയായി 2022 സെപ്റ്റംബർ രണ്ടിന് വലേറിയയും അമ്മയും വാഴ്ത്തപ്പെട്ട കാർലോയുടെ കബറിടത്തിലെത്തി പ്രാർഥിക്കുകയും ചെയ്തിരുന്നു.
Source link