മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ഇലക്ഷൻ പ്രചാരണത്തിനിടെ സ്റ്റേജ് തകർന്ന് ഒന്പതു പേർ മരിച്ചു.പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഹോർഹെ അൽവാരസ് മായ്നസ് വടക്കൻ നഗരമായ സാൻ പെദ്രോ ഗാർസ ഗാർസ്യയിലെ വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കേയായിരുന്നു സംഭവം. ശക്തമായ കാറ്റിൽ സ്റ്റേജ് നിലംപൊത്തുകയായിരുന്നു. മരിച്ചവരിൽ ഒരു കുഞ്ഞും ഉൾപ്പെടുന്നു. അന്പതു പേർക്കാണു പരിക്കേറ്റത്. സ്ഥാനാർഥി മായ്നസും അദ്ദേഹത്തിന്റെ ടീമും ഇതിൽ ഉൾപ്പെടുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നു കൊടുങ്കാറ്റ് വീശുകയായിരുന്നുവെന്നു മായ്നസ് പറഞ്ഞു. കൊടുങ്കാറ്റിനും ഇടിവെട്ടോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ പ്രദേശത്തെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശിച്ചു. മുപ്പത്തെട്ടുകാരനായ മായ്നസ് മധ്യ-ഇടതു നിലപാടുകൾ പുലർത്തുന്ന സിറ്റിസൺസ് മൂവ്മെന്റ് പാർട്ടി സ്ഥാനാർഥിയാണ്. ഭരണം നടത്തുന്ന മറേന പാർട്ടിയുടെ സ്ഥാനാർഥി ക്ലോഡിയ ഷെയിൻബോമും പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥി ഗാൽവെസുമാണ് അഭിപ്രായ സർവേകളിൽ മുന്നിൽ.
Source link