ലുക്ക്മാൻ; ലെവർ വീണു… യൂറോപ്പ ലീഗ് കിരീടം അറ്റലാന്റയ്ക്ക്

ഡബ്ലിൻ (അയർലൻഡ്): ജർമൻ ബുണ്ടസ് ലിഗ ചാന്പ്യന്മാരായ ബയെർ ലെവർകുസെന്റെ അപരാജിത കുതിപ്പിനു വിരാമം. 2023 മേയ് 27ന് ബുണ്ടസ് ലിഗ 2022-23 സീസണിലെ അവസാന മത്സരത്തിൽ വിഎഫ്എൽ ബോച്ചെമിനേതിരേ 3-0നു പരാജയപ്പെട്ടതിനുശേഷം 2023-24 സീസണിൽ ലെവർകുസെൻ നടത്തിയ അപരാജിത കുതിപ്പിനാണ് വിരാമമായത്. കൃത്യമായി പറഞ്ഞാൽ 361 ദിവസത്തിനുശേഷം മറ്റൊരു 3-0 പരാജയം ലെവറിന്റെ തല തകർത്തു. യുവേഫ യൂറോപ്പ ലീഗ് ഫൈനലിൽ ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റ 3-0ന് ലെവർകുസെനെ കീഴടക്കി കിരീടം സ്വന്തമാക്കി. തുടർച്ചയായി 51 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറിയശേഷം ലെവർകുസെന്റെ വൻവീഴ്ചയായി അത്. ലുക്ക്മാൻ ട്രിക്ക് യൂറോപ്പ കിരീടത്തിലൂടെ ചരിത്രനേട്ടം കുറിക്കാൻ തയാറെടുത്ത ലെവർകുസെനെ ആദ്യ 26 മിനിറ്റിനുള്ളിൽ അറ്റലാന്റ 2-0നു പിന്നിലാക്കി. അഡെമോള ലുക്ക്മാനായിരുന്നു രണ്ട് ഗോളും സ്വന്തമാക്കിയത്. രണ്ടാം പകുതിയിലും ജർമൻ ചാന്പ്യന്റെ വലയിൽ പന്ത് നിക്ഷേപിച്ച് ലുക്ക്മാൻ ഹാട്രിക്കും പൂർത്തിയാക്കി. 12, 26, 75 മിനിറ്റുകളിലായിരുന്നു ലുക്ക്മാന്റെ ഗോളുകൾ. 1975നുശേഷം യുവേഫ കപ്പ്/യൂറോപ്പ ലീഗ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന താരമാണ് ലുക്ക്മാൻ. 1968-69നുശേഷം ഒരു ഇറ്റാലിയൻ ടീമിനായി യൂറോപ്യൻ ഫൈനലിൽ ഗോൾ നേടുന്ന താരം എന്ന നേട്ടവും ഇംഗ്ലണ്ടിൽ ജനിച്ച് നൈജീരിയയ്ക്കുവേണ്ടി ദേശീയതലത്തിൽ കളിക്കുന്ന ലുക്ക്മാൻ സ്വന്തമാക്കി. അറ്റലാന്റ വന്പ് ലെവർകുസെനെ തോൽപ്പിച്ച അറ്റലാന്റ ഒരു സുപ്രഭാതത്തിൽ വന്പു കാണിച്ചതല്ല. ഇറ്റാലിയൻ സീരി എയിൽ നാപ്പോളി, എഎസ് റോമ ടീമുകളെ അറ്റലാന്റ കീഴടക്കിയിരുന്നു. മാത്രമല്ല, യൂറോപ്പ ലീഗ് ഫൈനലിലേക്കുള്ള യാത്രയ്ക്കിടെ സ്പോർട്ടിംഗ് സിപി, ലിവർപൂൾ, മാഴ്സെ ടീമുകളെയും അറ്റലാന്റ തോൽപ്പിച്ചു. ഏറ്റവും ഒടുവിൽ 2023-24 സീസണിൽ ലെവർകുസെനെ കീഴടക്കുന്ന ആദ്യ ടീമുമായി അറ്റലാന്റ. 116 വർഷത്തെ പാരന്പര്യമുള്ള അറ്റലാന്റ തങ്ങളുടെ ചരിത്രത്തിൽ ആദ്യമായി നേടുന്ന യൂറോപ്യൻ കിരീടവും രണ്ടാമത് മാത്രം ട്രോഫിയുമാണ്. 1962-63 സീസണിൽ കോപ്പ ഇറ്റാലിയ നേടിയത് മാത്രമാണ് അറ്റലാന്റയുടെ ഷെൽഫിലെ മറ്റൊരു ട്രോഫി.
Source link