ഫ്രാങ്ക്ഫർട്ട്: ഇസ്ലാമിസ്റ്റുകൾ നൈജറിലെ തില്ലാബേരി പ്രദേശത്തെ ഏഴു ഗ്രാമങ്ങൾ കീഴടക്കി ശരിയത്ത് നിയമം നടപ്പാക്കുന്നതായി ഓപ്പൺ ഡോർസ് എന്ന സന്നദ്ധ സംഘടന അറിയിച്ചു. ഗ്രാമവാസികളെ ഒന്നിച്ചുകൂട്ടിയ തീവ്രവാദികൾ 15 വയസിന് മുകളിലുള്ള ഓരോരുത്തരും 50,000 നൈജർ ഫ്രാങ്ക് (ഏകദേശം 7,000 രൂപ) അടയ്ക്കുകയോ അല്ലെങ്കിൽ ഇസ്ലാമിലേക്കു മതപരിവർത്തനം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ടു. ഈ മതനികുതി (ജസിയ) അടയ്ക്കുന്നവർക്ക് ഗ്രാമത്തിൽ തുടർന്നു താമസിക്കാമെങ്കിലും അവർക്ക് അടിമകളുടെ സ്ഥാനമേ ഉണ്ടായിരിക്കുകയുള്ളൂ. അവരുടെ സ്ഥാവരജംഗമവസ്തുക്കളെല്ലാം ഇസ്ലാമിസ്റ്റുകളുടെ വകയായിരിക്കും. ജസിയ അടയ്ക്കുകയോ മതം മാറുകയോ ചെയ്യാത്തവരെല്ലാം നാടു വിടണം. ധരിച്ചിരിക്കുന്ന വസ്ത്രമല്ലാതെ മറ്റൊന്നും എടുക്കാൻ പാടില്ല. തില്ലാബേരിയിൽനിന്ന് 357 ക്രൈസ്തവകുടുംബങ്ങൾ ഇതിനകം പലായനം ചെയ്തു സമീപത്തുള്ള മക്കാലോണ്ടി പട്ടണത്തിൽ അഭയം തേടിയിരിക്കുകയാണ്. ദിനംപ്രതി അഭയാർഥികൾ എത്തുന്നുമുണ്ട്. കടുത്ത വേനലിൽ മരച്ചുവടുകളിലാണ് ഇവർ അന്തിയുറങ്ങുന്നത്. മഴക്കാലമെത്തുന്പോൾ സ്ഥിതി കൂടുതൽ വഷളാകും. നൈജീരിയ, ബുർക്കിനാഫാസോ, മാലി രാജ്യങ്ങളുടെ അതിർത്തികളോടു ചേർന്ന നൈജറിന്റെ പ്രദേശങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ ഇസ്ലാമിസ്റ്റുകളുടെ അക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. ക്രൈസ്തവരെയും പരന്പരാഗത ആഫ്രിക്കൻ മതവിശ്വാസികളെയും സുരക്ഷാഭടന്മാരെയും ആക്രമിക്കുന്ന ഇക്കൂട്ടരുടെ ഭീകരതയെ ചെറുക്കാൻ സർക്കാർ 2017ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും അതു ഫലപ്രദമായിട്ടില്ല. പതിനായിരങ്ങളാണ് ഇതുവരെ നൈജറിൽനിന്ന് അഭയാർഥികളായി ജന്മദേശം വിട്ടു കഴിയുന്നത്.
Source link