ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2024 സീസണ് ഫൈനൽ പോരാട്ടം ആരൊക്കെ തമ്മിൽ എന്ന് ഇന്നറിയാം. ക്വാളിഫയർ ഒന്ന് ജയിച്ച് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് നേരത്തേതന്നെ ഫൈനൽ ബെർത്ത് ഉറപ്പിച്ചിരുന്നു. 26ന് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ കോൽക്കത്തയുടെ എതിരാളി ആരാണെന്ന് നിശ്ചയിക്കുന്ന ക്വാളിഫയർ രണ്ട് പോരാട്ടമാണ് ഇന്ന് അരങ്ങേറുക. എലിമിനേറ്റർ ജയിച്ചെത്തിയ രാജസ്ഥാൻ റോയൽസും ക്വാളിഫയർ ഒന്നിൽ പരാജയപ്പെട്ട സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ഫൈനൽ ടിക്കറ്റിനായുള്ള പോരാട്ടം. പിച്ചും ടോസും എം.എ. ചിദംബരം സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുന്നതാണ്. ബൗളർമാർക്ക് കൂടുതൽ പിന്തുണ ഇവിടുത്തെ പിച്ചിൽനിന്ന് ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ മധ്യ ഓവറുകളിൽ സ്കോർ ചെയ്യുക എന്നത് ബുദ്ധിമുട്ടായിരിക്കും. രണ്ടാം ഇന്നിംഗ്സിനിടെ മഞ്ഞിന്റെ സാന്നിധ്യം ഉണ്ടാകുമെന്നതിനാൽ ടോസ് ലഭിക്കുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. 2024 സീസണിൽ ഏഴ് മത്സരങ്ങൾ ഇവിടെ നടന്നതിൽ അഞ്ച് ജയവും ചേസ് ചെയ്യുന്ന ടീമുകളാണ് നേടിയത്. ബൗളിംഗ് x ബാറ്റിംഗ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോർ പടുത്തുയർത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റിംഗ് നിരയും രാജസ്ഥാൻ റോയൽസിന്റെ ബൗളിംഗ് നിരയും തമ്മിലുള്ള പോരാട്ടമാണ് ഇന്നത്തെ പ്രത്യേകത. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഹെൻറിച്ച് ക്ലാസൻ, നിതീഷ് കുമാർ റെഡ്ഡി എന്നിവരടങ്ങുന്ന സ്ഫോടനാത്മക ബാറ്റിംഗാണ് ഹൈദരാബാദിന്റെ കരുത്ത്. ഓപ്പണിംഗിൽ ലെഫ്റ്റ് ആം സ്വിംഗറായ ട്രെന്റ് ബോൾട്ട്, മധ്യ ഓവറുകളിൽ ലോകോത്തര സ്പിന്നർമാരായ ആർ. അശ്വിനും യുസ്വേന്ദ്ര ചഹലും, ഡെത്ത് ഓവർ കൈകാര്യം ചെയ്യുന്ന സീമർമാരായ സന്ദീപ് ശർമ, ആവേശ് ഖാൻ എന്നിവരാണ് രാജസ്ഥാന്റെ വിധി നിശ്ചയിക്കുക. നേർക്കുനേർ ചിത്രം 2024 സീസണിൽ ഇരുടീമും ഒരു തവണ മാത്രമാണ് ഏറ്റുമുട്ടിയത്. ഈമാസം രണ്ടിന് നടന്ന മത്സരത്തിൽ ഹൈദരാബാദ് ഒരു റണ്ണിന് ജയിച്ചു. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ രാജസ്ഥാനും ഹൈദരാബാദും 19 തവണ ഏറ്റുമുട്ടി. ജയത്തിൽ 10-9ന് ഹൈദരാബാദിന് നേരിയ മുൻതൂക്കമുണ്ട്. സണ്‍റൈസേഴ്സ് 2016ലും രാജസ്ഥാൻ റോയൽസ് 2008ലും ഐപിഎൽ ചാന്പ്യന്മാരായി. ഇരുടീമും തങ്ങളുടെ മൂന്നാം ഐപിഎൽ ഫൈനലിനായാണ് ഇന്ന് ഏറ്റുമുട്ടുന്നത്.
Source link