ഐസിസിക്കെതിരേ ഉപരോധത്തിന് അമേരിക്ക

വാഷിംഗ്ടൺ ഡിസി: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുക്കുന്നതിനു നടപടികൾ പരിഗണിക്കുന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് (ഐസിസി) എതിരേ ഉപരോധം ചുമത്താനുള്ള നീക്കത്തിൽ അമേരിക്ക. ഇതിനായി കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ പ്രവർത്തിക്കാൻ തയാറാണെന്നു സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സെനറ്റിലെ വിദേശബന്ധ സമിതിക്കു മുന്പാകെ പറഞ്ഞു. ഗാസ യുദ്ധത്തിന്റെ പേരിൽ നെതന്യാഹു, ഇസ്രേലി പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ്, ഹമാസ് നേതാക്കളായ ഇസ്മയിൽ ഹനിയ, മുഹമ്മദ് ദെയ്ഫ്, യെഹ്യ സിൻവർ എന്നിവർക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ ഐസിസിക്ക് അപേക്ഷ നല്കിയതായി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ തിങ്കളാഴ്ച അറിയിച്ചിരുന്നു. ഹമാസിനെയും ഇസ്രയേലിനെയും ഒരുപോലെ താരതമ്യം ചെയ്യാനാവില്ലെന്നായിരുന്നു യുഎസ് പ്രസിഡന്റ് ബൈഡന്റ് പ്രതികരണം. ഐസിസിക്കെതിരേ ഉപരോധത്തിനു യുഎസിലെ പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടി നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അമേരിക്കയിലെയും അതിന്റെ സഖ്യകക്ഷികളിലെയും സംരക്ഷിത വ്യക്തികൾക്കെതിരേ നടപടിയെടുക്കുന്ന ഐസിസി ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. യുഎസിൽ പ്രവേശനം വിലക്കൽ, വീസ റദ്ദാക്കൽ, ഇടപാടുകൾ വിലക്കൽ മുതലായ നടപടികൾ ഉപരോധത്തിന്റെ ഭാഗമായിരിക്കും. ഇസ്രയേലും അമേരിക്കയും ഐസിസിയെ അംഗീകരിക്കാത്ത രാജ്യങ്ങളാണ്. എന്നാൽ അറസ്റ്റ് വാറന്റുണ്ടായാൽ ഐസിസി അംഗങ്ങളായ മറ്റു രാജ്യങ്ങൾക്ക് നടപ്പിലാക്കാനുള്ള ബാധ്യതയുണ്ടാകും. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ ഐസിസി അറസ്റ്റ് വാറന്റ് നേരിടുന്ന റഷ്യൻ പ്രസിഡന്റ് പുടിൻ ബ്രിക്സ് ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്ക സന്ദർശിക്കുന്നത് ഒഴിവാക്കിയിരുന്നു.
Source link