റഷ്യ വിക്ഷേപിച്ചത് ബഹിരാകാശ ആയുധം: യുഎസ്
വാഷിംഗ്ടൺ ഡിസി: കഴിഞ്ഞയാഴ്ച റഷ്യ വിക്ഷേപിച്ച ഉപഗ്രഹം ബഹിരാകാശ ആയുധമാണെന്നു കരുതുന്നതായി അമേരിക്ക. മറ്റ് ഉപഗ്രഹങ്ങളെ തകർക്കാനുള്ള ശേഷി ഇതിനുണ്ടെന്ന് അനുമാനിക്കുന്നതായി പെന്റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാറ്റ് റൈഡൻ പറഞ്ഞു. അമേരിക്കയുടെ ഉപഗ്രഹം ഭ്രമണം ചെയ്യുന്ന അതേ പാതയിലാണു റഷ്യ ഉപഗ്രഹത്തെ എത്തിച്ചിരിക്കുന്നത്. അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടതു ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ ഉപഗ്രഹം ബഹിരാകാശ ആയുധമാണെന്ന സൂചന അമേരിക്കയുടെ ബഹിരാകാശ കമാൻഡും നല്കുകയുണ്ടായി. കോസ്മോസ് 2576 എന്ന ഉപഗ്രഹമാണു റഷ്യ കഴിഞ്ഞയാഴ്ച ഭൂമിയോടു ചേർന്ന ഭ്രമണപഥത്തിൽ എത്തിച്ചത്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിനുവേണ്ടിയായിരുന്നു വിക്ഷേപണം എന്നാണ് അറിയിപ്പ്. അമേരിക്കയുടെ യുഎസ്എ-314 എന്ന ഉപഗ്രഹം ഇതേ ഭ്രമണപഥത്തിലുണ്ട്. യുക്രെയ്ൻ സേനയെ സഹായിക്കുന്ന അമേരിക്കൻ ഉപഗ്രഹങ്ങളെ ലക്ഷ്യമിടുമെന്ന് റഷ്യ നേരത്തേ ഭീഷണി മുഴക്കിയിട്ടുള്ളതാണ്. ബഹിരാകാശത്തെ യുദ്ധമേഖലയാക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം റഷ്യയും അമേരിക്കയും പരസ്പരം ഉന്നയിക്കാറുള്ളതാണ്.
Source link