24.75 കോടി വസൂൽ

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം എന്ന റിക്കാർഡ് കുറിച്ചായിരുന്നു കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 2024 സീസണ് ലേലത്തിൽ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെ സ്വന്തമാക്കിയത്. 24.75 കോടി രൂപ സ്റ്റാർക്കിനെ സ്വന്തമാക്കാനായി കെകെആർ വാരിയെറിഞ്ഞു. പ്ലേ ഓഫ് ക്വാളിഫയറിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കാൻ കെകെആറിനെ സഹായിച്ചത് സ്റ്റാർക്കിന്റെ തീതുപ്പിയ പന്തുകളായിരുന്നു. സണ്‍റൈസേഴ്സിന്റെ നിർണായക ബാറ്റർമാരായ ട്രാവിസ് ഹെഡ് (0), നിതീഷ് കുമാർ റെഡ്ഡി (9), ഷഹബാസ് അഹമ്മദ് (0) എന്നിവരെ പുറത്താക്കിയ സ്റ്റാർക്ക് പ്ലെയർ ഓഫ് ദ മാച്ചുമായി. 4-0-34-3 എന്നതായിരുന്നു സ്റ്റാർക്കിന്റെ ബൗളിംഗ്. പ്ലേ ഓഫ് ക്വാളിഫയറിനു മുൻപ് ഈ മാസം മൂന്നിന് മുംബൈ ഇന്ത്യൻസിന് എതിരേ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതും ഏപ്രിൽ 14ന് ലക്നോ സൂപ്പർ ജയ്ന്റ്സിനെതിരേ 28 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയതും മാത്രമായിരുന്നു സ്റ്റാർക്കിന്റെ മികച്ച പ്രകടനങ്ങൾ. ആ രണ്ട് പ്രാവശ്യവും പ്ലെയർ ഓഫ് ദ മാച്ച് നേടാൻ സ്റ്റാർക്കിനു സാധിച്ചുമില്ല. 24.75 കോടി രൂപയ്ക്കുള്ള പ്രകടനം പ്ലേ ഓഫിൽ മാത്രമായിരുന്നു സ്റ്റാർക്കിൽനിന്ന് കോൽക്കത്തയ്ക്ക് ലഭിച്ചതെന്നു ചുരുക്കം. 2015 സീസണിനുശേഷം സ്റ്റാർക്ക് ഐപിഎല്ലിൽ തിരിച്ചെത്തിയ വർഷമാണ് 2024. 13 മത്സരങ്ങളിൽനിന്ന് 15 വിക്കറ്റ് സ്റ്റാർക്ക് ഇതുവരെ സ്വന്തമാക്കി. മുംബൈക്കെതിരായ 4/33 ആണ് സീസണിലെ മികച്ച ബൗളിംഗ്. ഐപിഎല്ലിൽ ആകെ 49 വിക്കറ്റായി ഈ ഓസീസ് പേസറിന്. 26ന് നടക്കാനിരിക്കുന്ന ഐപിഎൽ ഫൈനലിൽ 50 വിക്കറ്റ് നേട്ടം സ്റ്റാർക്ക് കടക്കുമോ എന്നറിയാനാണ് കെകെആർ ആരാധകരുടെ കാത്തിരിപ്പ്.
Source link