അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ പ്ലേ ഓഫ് എലിമിനേറ്റർ ജയിച്ച് രാജസ്ഥാൻ റോയൽസ് ക്വാളിഫയർ രണ്ടിന് യോഗ്യത സ്വന്തമാക്കി. എലിമിനേറ്ററിൽ നാല് വിക്കറ്റ് തോൽവിയുമായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പുറത്തായി. ആറ് പന്ത് ബാക്കിവച്ചാണ് രാജസ്ഥാൻ റോയൽസ് ജയം സ്വന്തമാക്കിയത്. സ്കോർ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 172/8 (20). രാജസ്ഥാൻ റോയൽസ് 174/6 (19). 173 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ റോയൽസിനു വേണ്ടി ഓപ്പണർ യശസ്വി ജയ്സ്വാൾ 30 പന്തിൽ 45 റൺസുമായി ടോപ് സ്കോറർ ആയി. റിയാൻ പരാഗ് 26 പന്തിൽ 36 റൺസ് നേടി. എട്ട് പന്തിൽ 16 റൺസുമായി റോവ്മാൻ പവൽ പുറത്താകാതെ നിന്നു. ലോക്കി ഫെർഗൂസനെ സിക്സർ പറത്തിയാണ് പവൽ രാജസ്ഥാന്റെ വിജയ റൺ കുറിച്ചത്. ഷിംറൺ ഹെറ്റ്മയർ 14 പന്തിൽ 24 റൺസ് നേടി. കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ ഫൈനൽ ടിക്കറ്റിനായി രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. വെള്ളിയാഴ്ച ചെന്നൈയിലാണ് രാജസ്ഥാനും ഹൈദരാബാദും തമ്മിലുള്ള ക്വാളിഫയർ രണ്ട് പോരാട്ടം. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് ബൗളിംഗ് തെരഞ്ഞെടുത്തു. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ റണ്‍സ് നേടാൻ ബുദ്ധിമുട്ടിയ വിരാട് കോഹ്ലിയും (24 പന്തിൽ 33) ഫാഫ് ഡുപ്ലെസിയും (14 പന്തിൽ 17) സന്ദീപ് ശർമയെയും ആവേശ് ഖാനെയും ശിക്ഷിച്ചു. അഞ്ചാം ഓവറിൽ ഡുപ്ലെസി ബോൾട്ടിന്റെ പന്തിൽ റോവ്മാൻ പവലിന്റെ മിന്നും ക്യാച്ചിലൂടെ പുറത്ത്. കാമറോണ്‍ ഗ്രീനും (22 പന്തിൽ 34) ഗ്ലെൻ മാക്സ്വെല്ലും (0) ആർ. അശ്വിനു മുന്നിൽ കീഴടങ്ങി. മാക്സ്വെൽ ഗോൾഡൻ ഡക്കാവുകയായിരുന്നു. രജത് പാട്ടിദാർ (22 പന്തിൽ 34), ദിനേശ് കാർത്തിക് (13 പന്തിൽ 11), മഹിപാൽ ലോമർ (17 പന്തിൽ 32) എന്നിവരെ ആവേശ് ഖാൻ പുറത്താക്കി. 19-ാം ഓവറിലാണ് കാർത്തികിനെയും ലോമറിനെയും ആവേശ് മടക്കിയത്. ആവേശ് ഖാൻ 44 റണ്‍സിന് മൂന്നും ആർ. അശ്വിൻ 19 റണ്‍സിന് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. കോഹ്ലി 8000 ഐപിഎല്ലിൽ 8000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റർ എന്ന ചരിത്രം കോഹ്ലി കുറിച്ചു. രാജസ്ഥാനെതിരേ 29 റണ്‍സ് പിന്നിട്ടതോടെയായിരുന്നു ഇത്. ഐപിഎല്ലിൽ 7000 റണ്‍സ് കടക്കാൻ മറ്റൊരു താരത്തിനും ഇതുവരെ സാധിച്ചിട്ടില്ല. കോഹ്ലിയെ പുറത്താക്കിയതോടെ രാജസ്ഥാൻ റോയൽസിനുവേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് എന്ന നേട്ടം യുസ്വേന്ദ്ര ചഹലും (66) സ്വന്തമാക്കി.
Source link