കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ച അഞ്ചുവയസ്സുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരി ജിപ്‌മെർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ച കുട്ടിയുടെ സ്രവത്തിന്റെ പിസിആർ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അപൂർവമെങ്കിലും വളരെ അപകടകാരിയാണ് നെഗ്ലേറിയ ഫോളേരി എന്ന അമീബയിൽ നിന്നുണ്ടാകുന്ന ഈ രോഗം.
നമ്മുടെ നാട്ടിലെ ശുദ്ധജലതടാകങ്ങൾ, പുഴകൾ, ചെറിയ തോടുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ നീന്തുന്നതിലൂടെയാണ് ഈ അമീബ ശരീരത്തിെലത്തുന്നത്. നീന്തുമ്പോൾ മൂക്കിനുള്ളിലൂടെ ഈ അമീബ ശരീരത്തിൽ പ്രവേശിച്ച് തലച്ചോറിലെത്തുകയും അവിടെയുള്ള കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. അമീബ ശരീരത്തിലെത്തി 1 മുതൽ 18 ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിക്കുന്നു. തോടുകൾ കൂടാതെ ശരിയായി അണുനശീകരണം നടത്താത്ത സ്വിമ്മിംഗ് പൂളുകൾ, അമ്യൂസ്മെന്റ് പാർക്കുകളിലെ േവവ് പൂൾസ്, കുട്ടികള്‍ക്കു കളിക്കാനുള്ള വാട്ടർ സ്പ്ലാഷ് ഇവിടെയൊക്കെ അമീബ പകരുന്നതിനുള്ള സാധ്യതയുണ്ട്. ശരിയായി ക്ലോറിനേഷൻ നടത്താത്ത ടാപ്പ് വാട്ടർ ഉപയോഗിച്ച് മൂക്കിന്റെ അകം ക്ലീൻ ചെയ്യുകയാണെങ്കിലും ഈ അസുഖം വരുന്നതിനുള്ള സാധ്യതയുണ്ട്.
Representative image. Photo Credit: lakshmiprasad S/istockphoto.com
അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ∙ശക്തമായ പനി∙തലവേദന∙ഛർദ്ദി∙കഴുത്തിനു വരുന്ന മറുക്കം (കഴുത്ത് കുനിയാൻ പറ്റാതെയിരിക്കുക)∙ബോധ നിലയിലുള്ള വ്യത്യാസം∙ബോധക്ഷയം
അസുഖം ബാധിച്ചവരിൽ 97–100 ശതമാനം ആൾക്കാരും മരണപ്പെടുകയാണ് ചെയ്യുന്നത്. മരുന്നുകളുണ്ടെങ്കിലും ഫലപ്രദമായ ചികിത്സകൾ ഇല്ലെന്നുള്ളതാണ് വാസ്തവം. ഈ അസുഖം പ്രധാനമായിട്ടും വരുന്നത് വേനൽക്കാലത്താണ്. വേനൽക്കാലത്ത് രണ്ടു കാര്യങ്ങളാണ് ഈ അമീബ പകരുന്നതിന് ഇടയാക്കുന്നത്. ഒന്ന് പുഴകളിലെയും ആറുകളിലേയും ജലാശയങ്ങളിലേയും ജലത്തിന്റെ താപനില കൂടുതലായിരിക്കും. രണ്ടാമത് അവിടെ വെള്ളത്തിന്റെ അംശവും കുറവായിരിക്കും. അതിനാൽ ഒരു മില്ലിലിറ്ററിലുള്ള ഈ അമീബയുടെ എണ്ണം കൂടുതലായിരിക്കുന്നതു കൊണ്ട് അത് ശരീരത്തിലെത്താനുള്ള സാധ്യത അധികമാണ്. ആ രോഗം കൂടുതലും കുട്ടികളെയാണ് ബാധിക്കുക. പ്രത്യേകിച്ചും വേനലവധിക്ക് കുട്ടികൾ നാടുകളിൽ പോകുമ്പോൾ അമീബ കലർന്നിട്ടുള്ള ഈ വെള്ളത്തിൽ നീന്തുകയും മറ്റും െചയ്യും. സ്വാഭാവികമായും മൂക്കിലൂടെ അമീബ ഉള്ളിൽ കയറുകയാണ് ചെയ്യുന്നത്. എന്നാൽ വെള്ളം കുടിക്കുന്നതിലൂടെ ഈ അമീബ നമ്മുടെ ശരീരത്തെ ബാധിക്കുന്നില്ല. ഇതിന് ഫലപ്രദമായിട്ടുള്ള ചികിത്സകൾ നിലവിലില്ല. ഇത് വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.
Representative image. Photo Credit: formcreative/istockphoto.com
എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്∙പുഴകളിലോ കുളങ്ങളിലോ നീന്തുമ്പോൾ മൂക്ക് അടച്ചു പിടിച്ചു കൊണ്ടോ, മൂക്കിൽ ഒരു ക്ലിപ് (nose clips) ഇട്ടുകൊണ്ടോ നീന്തുക. അപ്പോൾ മൂക്കിനുള്ളിൽ ജലം പ്രവേശിക്കുന്നത് തടയാനാകും.
∙കഴിവതും ജലാശയങ്ങളിൽ നീന്തുമ്പോൾ തല പൊക്കിപ്പിടിച്ച് നീന്തുക.
∙കൂടുതൽ ആഴങ്ങളിലേക്ക് ഊഴിയിട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കുക.
∙ടാപ്പ് വെള്ളം ഉപയോഗിച്ച് മൂക്ക് കഴുകുകയാണെങ്കിൽ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിച്ച് മൂക്കിന്റെ അകം വൃത്തിയാക്കുക.
∙നമ്മുടെ പൊതുജനാരോഗ്യ വിഭാഗം ശ്രദ്ധിക്കേണ്ടത് സ്വിമ്മിംഗ് പൂളുകൾ എല്ലായിടത്തും കൃത്യമായ രീതിയിൽ അണുനശീകരണം നടത്തുന്നുണ്ടോ എന്നാണ്. അവധിക്കാലത്ത് വാട്ടർ തീം പാർക്കുകളിലേക്ക് കുട്ടികളുടെ പ്രവാഹമാണ്. അവിടങ്ങളില്‍ ശരിയായ രീതിയിൽ അണുനശീകരണം നടത്തുന്നുണ്ട് എന്ന് ഉറപ്പാക്കുക. വളരെ അപൂർവമാണെങ്കിലും അപകടകാരിയായിട്ടുള്ള ഒരു അസുഖമാണ് അതുകൊണ്ട് വേണ്ട മുൻകരുതലുകള്‍ എടുത്താൽ നമുക്കിത് തടയാന്‍ സാധിക്കും. ഇതിനെക്കുറിച്ച് കുട്ടികളെയും ബോധവാന്മാരാക്കുക.
വിവരങ്ങൾക്കു കടപ്പാട്:ഡോ.പി.വിനോദ് (ജനറൽ മെഡിസിൻ കൺസൽറ്റന്റ്, ജില്ലാ ആശുപത്രി, കോട്ടയം)
4 വയസ്സുള്ള കുഞ്ഞ് അവസാനശ്വാസം എടുക്കുന്ന കാഴ്ചയാണ് ഞാൻ അന്ന് കണ്ടത്: വിഡിയോ
Source link