CINEMA

കെജിഎഫ് പോലൊരു ‘ടിക്കി ടാക്ക’; വിധിച്ചതേ കിട്ടൂ: ആസിഫ് അലി അഭിമുഖം


മലയാള സിനിമാ പ്രേക്ഷകർക്ക് ഫീൽഗുഡ് ചിത്രങ്ങളുടെ പര്യായമാണ് ആസിഫ് അലി- ജിസ് ജോയ് കോംബോ. ഇവർക്കൊപ്പം ബിജു മോനോനും എത്തുമ്പോൾ മറ്റൊരു ഫീൽ ഗുഡ് ബ്ലോക്ബസ്റ്റർ പ്രതീക്ഷിച്ച പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടാണ് തലവൻ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ‌ എത്തിയത്. രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെയും അവർ കടന്നുപോകുന്ന ഉദ്വേഗജനകമായ അന്വേഷണ വഴികളുടെയും കഥപറയുന്ന തലവൻ 24ന് തിയറ്ററുകളിലേക്ക് എത്തുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങളുമായി ആസിഫ് അലി…
എന്താണ്, ആരാണ് തലവൻ

കുറ്റാന്വേഷണമാണ് ഈ ചിത്രത്തിലെ കഥാതന്തു. സാധാരണ ഇത്തരം ചിത്രങ്ങൾ ക്ലൈമാക്സിലാകും പ്രേക്ഷകനെ ത്രില്ലടിപ്പിക്കുക. എന്നാൽ തലവനിൽ തുടക്കം മുതൽ ആ ത്രിൽ നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട്. കുറ്റാന്വേഷണം പടിപടിയായി പുരോഗമിക്കുന്നത് കൃത്യമായി ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. ഇതിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവവുമായി കഥയ്ക്കു ബന്ധമുണ്ട്. പിന്നെ, ചിത്രത്തിലെ യഥാർഥ തലവൻ ആരാണെന്നു പടം കണ്ടശേഷം പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്.

ജിസ് ജോയിയും ഫീൽ ഗുഡ് ചിത്രങ്ങളും
ജിസിന്റെ കൂടെ ഇത് അഞ്ചാമത്തെ സിനിമയാണ്. അവസാന ചിത്രമായ ‘ഇന്നലെ വരെ’ ഒഴികെ ഞങ്ങൾ ഒന്നിച്ച മറ്റു ചിത്രങ്ങളെല്ലാം ഏറക്കുറെ ഫീൽഗുഡ് ജോണറിലായിരുന്നു. തലവന്റെ കഥപറയാൻ ജിസ് വന്നപ്പോഴും ഒരു ഫീൽഗുഡ് ചിത്രമാണു ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ, കഥ കേട്ടപ്പോൾ ഞാൻ തന്നെ അതിശയപ്പെട്ടുപോയി. തന്റെ മുൻകാല ചിത്രങ്ങളിൽ നിന്നു തീർത്തും വ്യത്യസ്തമായാണ് ജിസ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഞങ്ങൾ ഒരുമിച്ച് ചെയ്ത ചിത്രങ്ങളിൽ എല്ലാംകൊണ്ടും ഏറ്റവും വലിയ ചിത്രമാണിത്.
ആസിഫ് – ബിജു മേനോൻ കോംബോ

പൊലീസ് വേഷങ്ങളുടെ ഒരു മാസ്റ്ററാണ് ബിജുച്ചേട്ടൻ. അതുകൊണ്ടുതന്നെ അദ്ദേഹം ഒരു പൊലീസ് വേഷം തിരഞ്ഞെടുക്കണമെങ്കിൽ അതിൽ എന്തെങ്കിലും കാര്യമുണ്ടാകും. അച്ഛൻ പൊലീസിലായിരുന്നതിനാൽ ഒരു പ്രായം വരെ ബിജുച്ചേട്ടൻ വളർന്നത് പൊലീസ് ക്വാർട്ടേഴ്സിലാണ്. അതുകൊണ്ടുതന്നെ പൊലീസുകാരുടെ രീതികളെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാം.

ആസിഫ് അലിയും സ്ക്രിപ്റ്റ് സിലക്‌ഷനും
സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുന്നയാളാണ് ഞാൻ. പക്ഷേ, പ്രധാന പ്രശ്നം എക്സൈറ്റ്മെന്റാണ്. വളരെ ചെറിയ കാര്യങ്ങൾ പോലും എന്നെ ആവേശംകൊള്ളിക്കും. പല തിരക്കഥകളും ആ ആവേശത്തിന്റെ പുറത്ത് തിരഞ്ഞെടുക്കുന്നതാണ്. പക്ഷേ, ചെയ്തു വരുമ്പോൾ പല ചിത്രങ്ങളും ഞാൻ വിചാരിച്ച രീതിയിലാകില്ല പുറത്തുവരുന്നത്. പിന്നെ നമ്മൾ എത്രയൊക്കെ ശ്രദ്ധിച്ചാലും ഒരുക്കങ്ങൾ നടത്തിയാലും പ്രേക്ഷകരാണ് ആത്യന്തികമായി സിനിമയുടെ വിജയം തീരുമാനിക്കുന്നത്.

മാറുന്ന മലയാള സിനിമ

മലയാള സിനിമ അതിന്റെ ഏറ്റവും നല്ല കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വിജയകരമായ ഇൻഡസ്ട്രിയാണ് ഇന്നു നമ്മൾ. കോവിഡ് വന്നതോടെ സിനിമകൾ ഇനി തിയറ്ററിലേക്ക് വരില്ലെന്നു കരുതിയ കാലമുണ്ടായിരുന്നു. എന്നാൽ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്ന സിനിമകൾ ഉണ്ടായാൽ അതു തിയറ്ററിൽ വൻ വിജയമാകുമെന്നു കഴിഞ്ഞ കുറെ മാസങ്ങളായി നമ്മൾ കാണുകയാണ്. പണ്ടു നമ്മൾ ഡബ് ചെയ്താണ് മറ്റു സംസ്ഥാനങ്ങളിൽ സിനിമ ഇറക്കിയിരുന്നതെങ്കിൽ ഇന്നു മലയാളത്തിൽ തന്നെ സിനിമ മറ്റ് ഇൻഡസ്ട്രികളിൽ റിലീസ് ചെയ്യാൻ സാധിക്കുന്നു. വലിയ സിനിമകൾ സ്വപ്നം കാണാൻ നമുക്കു സാധിക്കുന്നു.

ട്രെയിലറിൽ നിന്നും

ഭ്രമയുഗത്തിലേത് ഉൾപ്പെടെ നഷ്ടപ്പെട്ട കഥാപാത്രങ്ങൾ
പല തിരക്കുകൾ മൂലം നഷ്ടപ്പെട്ട എത്രയോ നല്ല കഥാപാത്രങ്ങളുണ്ട്. എന്നെക്കുറിച്ച് ഏറ്റവും കൂടുതൽ പറഞ്ഞുകേട്ട പ്രശ്നം എന്നെ ഫോൺ വിളിച്ചാൽ കിട്ടില്ലെന്നാണ്. പല ഹിറ്റ് സിനിമകളുടെയും വിജയാഘോഷത്തിൽ പങ്കെടുക്കുമ്പോൾ നിന്നെയാണ് ആദ്യം ഈ സിനിമയിലേക്ക് ഉദ്ദേശിച്ചത്, നിന്നെ കിട്ടാതെ വന്നതോടെ അടുത്തയാളിലേക്ക് പോകുകയായിരുന്നു എന്നൊക്കെ പറഞ്ഞ സംവിധായകരുണ്ട്. അതൊക്കെ കേൾക്കുമ്പോൾ വിഷമം തോന്നും. പക്ഷേ, വിധിച്ചതേ കിട്ടൂ എന്നു വിശ്വസിക്കുന്നയാളാണു ഞാൻ.

ടീസറിൽ നിന്നും

കെജിഎഫ് പോലൊരു മാസ് ചിത്രം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു

അത്തരത്തിലൊരു ചിത്രമാണ് രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക. ഒരു കംപ്ലീറ്റ് ആക്‌ഷൻ സിനിമയാണ് ടിക്കി ടാക്ക. അതിന്റെ ഷൂട്ടിനിടയിൽ എനിക്കു ചെറിയൊരു അപകടം പറ്റി. അതോടെയാണ് പടം നിർത്തിവയ്ക്കേണ്ടിവന്നത്. എല്ലാം ഒത്തുവന്നാൽ സെപ്റ്റംബർ പകുതിയോടെ ഷൂട്ട് പുനരാംരഭിക്കും.

ടിക്കിടാക്ക സിനിമയിൽ നിന്നും

പ്രതീക്ഷയുള്ള പുതിയ ചിത്രങ്ങൾ
ദിൻജിത്ത് കിഷ്കിന്ധാ കാണ്ഡമാണ് പുതുതായി റിലീസ് ചെയ്യാനുള്ള ചിത്രം. നഹാസ് നാസർ സംവിധാനം ചെയ്ത്, ഞാനും സുരാജ് വെഞ്ഞാറമ്മൂടും ലീഡ് റോളുകളിൽ എത്തുന്ന അഡിയോസ് അമിഗോസ് എന്ന ചിത്രമായിരിക്കും അതിനു ശേഷം റിലീസിനായി എത്തുന്നത്.
ബിജു മേനോൻ : കുറെ അധികം പൊലീസ് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. രൂപത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങൾ ഇല്ലെങ്കിലും കഥ പറച്ചിലിന്റെ രീതിയാണ് ഓരോ പൊലീസ് വേഷത്തെയും വ്യത്യസ്തമാക്കുന്നത്. അത്തരത്തിൽ ഇതുവരെ കൈകാര്യം ചെയ്യാത്ത രീതിയിലുള്ള ഒരു പൊലീസ് വേഷമാണ് തലവനിലേത്. അച്ഛൻ പൊലീസിൽ ആയതിനാൽ പൊലീസ് ക്വാർട്ടേഴ്സിലെയും ക്യാംപിലെയും ജീവിതങ്ങൾ കണ്ടാണ് ഞാൻ വളർന്നത്. ഇത്തരത്തിൽ ഒട്ടേറെ പൊലീസുകാരുമായി അടുത്തിടപഴകിയതിനാൽ അവരിൽ നിന്ന് പല കാര്യങ്ങളും അറിയാതെ തന്നെ എന്നിലേക്കു വന്നിട്ടുണ്ട്. അതിന്റെ സ്വാധീനം ചെയ്യുന്ന കഥാപാത്രങ്ങളിലും വന്നിട്ടുണ്ടാകും.


Source link

Related Articles

Back to top button