ഡോക്ടർ അടക്കം ഏഴു പേർ വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടു
ജറൂസലെം: അധിനിവേശ വെസ്റ്റ്ബാങ്കിലെ ജനിനിൽ ഇസ്രേലി സേന നടത്തിയ റെയ്ഡിൽ ഒരു ഡോക്ടർ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒന്പതു പേർക്കു പരിക്കേറ്റു. ജനിൻ ഗവ. ആശുപത്രിയിൽ സർജനായിരുന്ന ഡോ. അസീദ് ജബറീൻ (50) രാവിലെ ജോലിക്കു പോകവേ വെടിയേറ്റു മരിക്കുകയായിരുന്നു. ഒന്പതാം ക്ലാസ് വിദ്യാർഥിയും കൊല്ലപ്പെട്ടതായി പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടുകളെക്കുറിച്ച് അന്വേഷിക്കുന്നതായി ഇസ്രേലി സേന അറിയിച്ചു. ഭീകരവാദികളെ നേരിടാനായി ജനിനിൽ ഓപ്പറേഷൻ ആരംഭിച്ചതായി സേന അറിയിച്ചിരുന്നു. ജനിനിൽ ഇസ്രയേലുമായി പോരാട്ടം നടക്കുന്നതായി പലസ്തീൻ ഇസ്ലാമിക് ജിഹാദ് തീവ്രവാദികൾ പറഞ്ഞു. ഗാസ യുദ്ധം ആരംഭിച്ചശേഷം വെസ്റ്റ്ബാങ്കിലെ ഇസ്രേലി നടപടികളിൽ 480 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നാണു യുഎൻ കണക്ക്. ഇസ്രേലി ഭാഗത്ത് ആറു സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം പത്തു പേർ കൊല്ലപ്പെട്ടു.
Source link