ബാങ്കോക്ക്: അത്യപൂർവ സംഭവത്തിൽ എയർ പോക്കറ്റിൽപ്പെട്ട് ആടിയുലഞ്ഞ വിമാനത്തിലെ യാത്രക്കാരൻ മരിച്ചു. ലണ്ടനിൽനിന്നു സിംഗപ്പൂരിലേക്കു പറന്ന സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. വിമാനം വഴിതിരിച്ച് ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിൽ ഇറക്കി. പരിക്കേറ്റവർക്കായി തായ്ലൻഡ് അധികൃതർ ആംബുലൻസുകളും മറ്റു സേവനങ്ങളും ഒരുക്കിയിരുന്നു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽനിന്നു യാത്ര തുടങ്ങിയ ബോയിംഗ് 777-300 ഇആർ വിമാനമാണ് എയർ പോക്കറ്റിൽപ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 73 വയസുള്ള ബ്രിട്ടീഷ് പൗരനാണു മരിച്ചത്. ഹൃദയസ്തംഭനമാണു മരണകാരണമെന്ന് കരുതുന്നു. പരിക്കേറ്റ 30 പേരിൽ ഏഴു പേരുടെ നില ഗുരുതരമാണ്. ഇത്തരം സംഭവങ്ങളിൽ പരിക്കും മരണവും അത്യപൂർവമാണ്. കാലാവസ്ഥാ റഡാറുകൾ എയർ പോക്കറ്റ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതാകാം അപകടത്തിനു വഴിവച്ചത്. വിമാനം പൊടുന്നനെ താഴേക്കു വീഴുകയും വിമാനത്തിലുണ്ടായിരുന്ന വസ്തുക്കൾ തെറിച്ചുപോകുകയും ചെയ്തു.
Source link