ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇറേനിയൻ പ്രസിഡന്റ് റെയ്സിയുടെയും വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ അടക്കമുള്ള മറ്റ് ഏഴു പേരുടെയും സംസ്കാരച്ചടങ്ങുകൾ ഇന്നലെ ആരംഭിച്ചു. ഹെലികോപ്റ്റർ തകർന്ന ഈസ്റ്റ് അസർബൈജാൻ പ്രവിശ്യയിലെ തബ്രീസ് നഗരത്തിൽ മൃതദേഹങ്ങളുമായി ഇന്നലെ രാവിലെ നടന്ന വിലാപയാത്രയിൽ പതിനായിരങ്ങൾ പങ്കെടുത്തു. ഷിയാ മുസ്ലിംകളുടെ പുണ്യഭൂമിയായ ഖോം നഗരത്തിലേക്കാണു തുടർന്ന് മൃതദേഹങ്ങൾ കൊണ്ടുപോയത്. വൈകുന്നേരം ഇവിടത്തെ പുണ്യസ്ഥലങ്ങളിലൂടെയുള്ള വിലാപയാത്രയിലും വൻ ജനസാന്നിധ്യമുണ്ടായിരുന്നു. തുടർന്ന് തലസ്ഥാനമായ ടെഹ്റാനിൽ എത്തിച്ച മൃതദേഹം ഗ്രാൻഡ് മൂസാള്ള മോസ്കിൽ കയറ്റി പ്രത്യേക പ്രാർഥനകൾ നടത്തി. ഇന്ന് ടെഹ്റാനിൽ നടക്കുന്ന ചടങ്ങുകൾക്ക് ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയ് നേതൃത്വം നല്കും. നാളെ ദക്ഷിണ ഖുറാസാൻ പ്രവിശ്യയിലെ ബിർജണ്ടിൽ എത്തിക്കുന്ന മൃതദേഹം തുടർന്ന് റെയ്സിയുടെ ജന്മസ്ഥലമായ മഷ്ഹദിൽ സംസ്കരിക്കും. ഇമാം റേസയുടെ തീർഥാടന കേന്ദ്രത്തിലായിരിക്കും റെയ്സിയെ ഖബറടക്കുക. അന്വേഷണം ഞായറാഴ്ചയുണ്ടായ അപകടത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. മൂടൽമഞ്ഞടക്കമുള്ള മോശം കാലാവസ്ഥയിൽ ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയെന്നാണ് ഇറേനിയൻ അധികൃതർ പറയുന്നത്. വർഷങ്ങളായി ഉപരോധം നേരിടുന്ന ഇറാന്റെ വിമാനങ്ങളും കോപ്റ്ററുകളും ഏറെ പഴക്കമുള്ളവയാണ്. ഉന്നതതല സമിതി അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനു സായുധസേനാ മേധാവി മേജർ ജനറൽ മുഹമ്മദ് ഹുസൈൻ ബാഗേരി ഉത്തരവിട്ടതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്വേഷണ സമിതി അപകടസ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണത്തിൽ സഹായിക്കാമെന്ന വാഗ്ദാനം റഷ്യ നല്കിയിട്ടുണ്ട്. അപകടകാരണത്തെക്കുറിച്ച് അമേരിക്കയ്ക്ക് വ്യക്തതയില്ലെന്ന് പെന്റഗൺ മേധാവി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ദുഃഖാചരണം ഇറാനിൽ അഞ്ചു ദിവസത്തെ ദുഃഖാചരണം നടക്കുന്നു. ഇന്ന് പൊതു അവധിയാണ്. ഇറാന്റെ മിത്രങ്ങളായ സിറിയയും ലബനനും മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തുന്നു. ഇന്ത്യ, ഇറാക്ക്, പാക്കിസ്ഥാൻ, തുർക്കി രാജ്യങ്ങളിൽ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം നടത്തി. അധിക്ഷേപം വച്ചുപൊറുപ്പിക്കില്ല പ്രസിഡന്റ് റെയ്സിയുടെ അകാലനിര്യാണത്തിൽ ഇറാനിലെ മുഴുവൻ ജനതയും ദുഃഖത്തിലല്ലെന്നു പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നപ്പോൾ മുതൽ ചിലർ ഇന്റർനെറ്റിൽ സന്തോഷപ്രകടനങ്ങൾ നടത്തി. പ്രസിഡന്റ് മരിച്ചതായി സ്ഥിരീകരിച്ചോൾ പടക്കം പൊട്ടിച്ചു സന്തോഷിക്കുന്നവർ എന്ന പേരിലുള്ള ചില വീഡിയോകൾ പോസ്റ്റ് ചെയ്യപ്പെട്ടു. റെയ്സിക്കെതിരായ അധിക്ഷേപങ്ങൾ പോസ്റ്റ് ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാൻ ഇറേനിയൻ പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് കാസിം മുവാഹിദ്ദി ആസാദ് ഉത്തരവിട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു. ഇറേനിയൻ നേതൃത്വത്തിലെ തീവ്രനിലപാടുകാർക്ക് റെയ്സി സ്വീകാര്യനെങ്കിലും ജനങ്ങളിൽ കുറച്ചുപേർക്ക് അദ്ദേഹം വെറുക്കപ്പെട്ടവനാണ്. പണ്ട് രാഷ്ട്രീയത്തടവുകാർ കൂട്ടക്കൊല ചെയ്യപ്പെട്ടതിൽ റെയ്സിക്കുള്ള പങ്കാണു കാരണം. എൺപതുകളിൽ രാഷ്ട്രീയത്തടവുകാരുടെ ഭാവി നിശ്ചയിക്കുന്ന കമ്മിറ്റിയിൽ റെയ്സിയും അംഗമായിരുന്നു. 5000-ത്തിനു മുകളിൽ തടവുകാർക്കാണ് കമ്മിറ്റി വധശിക്ഷ നല്കിയത്. റെയ്സിയുടെ പ്രസിഡന്റ് ഭരണത്തിൽ ഇറാനിലെ സാന്പത്തികനില കാര്യമായി മെച്ചപ്പെടുകയുണ്ടായില്ല. കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാനുള്ള നടപടികളും അഴിമതിയും കൈക്കൂലിയുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരുടെ ബന്ധുക്കൾ അറസ്റ്റിലായതുമാണ് ആകെ പറയാവുന്ന നേട്ടങ്ങൾ.
Source link