‘എന്താ ആന്റണി അവർ കുട്ടികളല്ലേ ? കണ്ണിറുക്കി ചിരിയോടെ ലാലേട്ടൻ പറഞ്ഞു’

‘എന്താ ആന്റണി അവർ കുട്ടികളല്ലേ ? കണ്ണിറുക്കി ചിരിയോടെ ലാലേട്ടൻ പറഞ്ഞു’ | Manu Jagadh Mohanlal

‘എന്താ ആന്റണി അവർ കുട്ടികളല്ലേ ? കണ്ണിറുക്കി ചിരിയോടെ ലാലേട്ടൻ പറഞ്ഞു’

മനോരമ ലേഖകൻ

Published: May 21 , 2024 04:06 PM IST

2 minute Read

മോഹൻലാലിനൊപ്പം മനു ജഗദ്

മലയാളത്തിന്റെ മോഹൻലാലിനു പിറന്നാളാശംസകൾ നേർന്ന് കലാസംവിധായകൻ മനു ജഗദ്. സിനിമയിൽ എത്തിപ്പെടുന്നതിനു മുൻപ് അവിചാരിതമായി മോഹൻലാലിനെ കണ്ടതും സംസാരിച്ചതും സരസമായി പങ്കുവയ്ക്കുന്ന ‍ദീർഘമായ കുറിപ്പിലൂടെയാണ് മനു താരത്തിന് ജന്മദിനാശംസകൾ നേർന്നത്. കിളിച്ചുണ്ടൻ മാമ്പഴം, ശിക്കാർ തുടങ്ങിയ സിനിമകളിലെ രസകരമായ ഓർമകളും മനു മോഹൻലാൽ ആരാധകർക്കായി വെളിപ്പെടുത്തി. 
മനുവിന്റെ വാക്കുകൾ ഇങ്ങനെ: ആദ്യമായി ലാൽ സാറിനെ കാണുന്നത് മദ്രാസിലെ റെഡ് ഹിൽസിലെ ഷോളവാരം എയർ സ്ട്രിപ്സിൽ വച്ചായിരുന്നു. ജയൻ സർ അപകടത്തിൽ പെട്ട സ്ഥലം കാണാനായി ഫൈൻ ആർട്സ് കോളജിൽ പഠിക്കുന്ന സമയത്തു സിആർപിഎഫ് ഐടിഐയിൽ ഉള്ള എന്റെ കുറച്ചു സുഹൃത്തുക്കൾക്കൊപ്പം സൈക്കിളിൽ ആണ് പോയത്. ഞങ്ങൾ സൈക്കിൾ പാർക്ക്‌ ചെയ്ത സ്ഥലത്ത് ഒരു പജേറോ കാർ കിടപ്പുണ്ടായിരുന്നു. വെയിലിന്റെ കാഠിന്യം കൊണ്ട് കാറിന്റെ അകത്തേയ്ക്കു വെയിലോ ചൂടോ തട്ടാതിരിക്കാൻ വിൻഡോസിൽ തുണികൾ കൊണ്ട് മറച്ചുകൊണ്ടിരുന്ന ഒരാൾ അവിടെ നിന്നും സൈക്കിൾ മാറ്റി വയ്ക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ചെറിയൊരു സംസാരമായി അതു നീണ്ടപ്പോൾ പുറകിലെ ഡോർ ഗ്ലാസ്‌ പതുക്കെ താഴ്ന്നു. മോഹൻലാൽ സർ!

മനു ജഗദ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രം

ഞങ്ങൾ എല്ലാരും ഒരേപോലെ സ്തബ്ധരായ ഒരു നിമിഷം. “എന്താ ആന്റണി അവർ കുട്ടികളല്ലേ, അവർ സൈക്കിൾ അവിടെ വച്ചോട്ടെ”. സ്വതസിദ്ധമായ ചിരിയോടെ ലാലേട്ടൻ ഞങ്ങളെ നോക്കി കണ്ണിറുക്കി. “എല്ലാരും മലയാളികളാ..? ഇവിടെ എന്താ പരിപാടി,” അങ്ങനെ കുഞ്ഞു കുശലം. കാലാപാനി ഷൂട്ടിനു വേണ്ടി ഒരു ഗാനരംഗത്തിനായി എത്തിയതായിരുന്നു ലാൽ സർ. ഷൂട്ട്‌ നടക്കുന്നത് കുറച്ചുമാറി അതിനോടടുത്തുള്ള ഒരു സ്ഥലത്തായിരുന്നു. “ഞാനിത്തിരി റസ്റ്റ്‌ എടുക്കട്ടെ. പോയി ഷൂട്ടിങ് കണ്ടോളൂ,” എന്ന് പറഞ്ഞു ലാൽ സർ വിൻഡോ ഉയർത്തി. ഞങ്ങൾക്ക് അന്ന് അത് ഒരു വല്ലാത്ത അനുഭവമായിരുന്നു. ജയൻ സാറിനോപ്പം ചേർന്നഭിനയിച്ച ഒരാളെ വളരെ അടുത്തു കണ്ടു സംസാരിച്ചു എന്നതായിരുന്നു അന്നത്തെ എന്റെ ഏറ്റവും വലിയ സന്തോഷം. അന്ന് വൈകിട്ട് വരെ ഷൂട്ടും കണ്ട് മോഹൻലാൽ സാറിനൊപ്പവും, പ്രിയൻദർശൻ സാറിനൊപ്പവും കൈവശമുണ്ടായിരുന്ന ഒരു കുഞ്ഞു ഓട്ടോ ഫോക്കസ് ക്യാമറയിൽ ഫോട്ടോയും എടുത്ത് ഓട്ടോഗ്രാഫും വാങ്ങിയാ ഞങ്ങൾ തിരിച്ചത്.

മനു ജഗദ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രം

പിന്നീട് വർഷങ്ങൾക്കിപ്പുറം സാബു സിറിൽ സാറിനോപ്പം കലാസംവിധാന സഹായി ആയി ചേർന്ന ശേഷം ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന സിനിമയിലാണ് മോഹൻലാൽ സാറിനോപ്പം ആദ്യമായി സിനിമയിൽ ഒരു വർക്ക്‌ ചെയ്യാനായി അവസരം ലഭിക്കുന്നത്. ഒരുപാട് നല്ല മുഹൂർത്തങ്ങൾ ആ സിനിമയിൽ ലാലേട്ടനൊപ്പം ആസ്വദിക്കാൻ സാധിച്ചു. ഒരു ഫൈറ്റ് സീൻ എടുക്കുന്ന സമയത്ത് ലാലേട്ടൻ എന്നെ അരികിൽ വിളിച്ചു ആർട്ടിലാണോ വർക്ക്‌ ചെയ്യുന്നേന്നു ചോദിച്ചു. ഒരു വള്ളത്തിന്റെ തുഴയെടുത്തു ഇതിന്റെ ഡമ്മി ഉണ്ടോയെന്ന് അന്വേഷിച്ചു. 

മനു ജഗദ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രം

ഇല്ലായെന്നു പറഞ്ഞപ്പോ നാളെ ഇതിന്റെ ഡമ്മി വേണമെന്നും ഞാൻ തന്നോട് രാവിലെ ചോദിക്കുമെന്നും പറഞ്ഞു. അന്നുരാത്രി ഒറ്റപ്പാലത്തെ ഹോട്ടലിലിരുന്നു അഞ്ചോളം ഡമ്മി ഞാൻ തന്നെ ചെയ്തു. അടുത്ത ദിവസം രാവിലെ ലാൽ സർ വന്നതും എന്നെ അന്വേഷിച്ചു. ഞാൻ ഓടി അടുത്തുചെന്നപ്പോ ഡമ്മി റെഡിയല്ലേയെന്നാണ് ആദ്യം അന്വേഷിച്ചത്. ഡമ്മി കണ്ട് സർ “കൊള്ളാം,  നന്നായിട്ടുണ്ട്” എന്നു പറഞ്ഞു. ഫൈറ്റ് മാസ്റ്റർ ത്യാഗരാജൻ സാറും ഡമ്മി നന്നായിട്ടുണ്ടെന്നു പറഞ്ഞു. അന്നത്തെ ഒരു സന്തോഷം പറഞ്ഞറിയിക്കുന്നതിലും എത്രയോ അധികമായിരുന്നു. പിന്നീട് ഗാനരംഗത്തിൽ ലാൽ സാറിന്റെ കോസ്റ്റ്യൂം ഒന്നും നനയാതെ ചുമലിൽ താങ്ങി ഭാരതപ്പുഴയിലൂടെ  ( വെള്ളം കുറവായിരുന്നു ) അക്കരെ കൊണ്ടു പോയത്.. പിന്നീട് ലാലേട്ടൻ കയറിയ വള്ളം വെള്ളം കുറഞ്ഞഭാഗത്തിലൂടെ ലാലേട്ടന്റെ തമാശകൾ ആസ്വദിച്ചു തള്ളിയത്. അങ്ങനെ ആ സിനിമ മറക്കാനാവാത്ത കുറെ നല്ല ഓർമകൾ സമ്മാനിച്ചു.

മനു ജഗദ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രം

വർഷങ്ങൾക്കിപ്പുറം വീണ്ടും ‘ശിക്കാർ’എന്ന സിനിമയിൽ വരുമ്പോൾ ഞാനൊരു സ്വതന്ത്ര കലാസംവിധായകൻ ആയിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം ലാലേട്ടന്റെ ഒരു സൂപ്പർ ഹിറ്റ്‌ മൂവി ആയിരുന്നു ശിക്കാർ. ആ സിനിമയിലെ സെറ്റ് വർക്കുകൾക്കും ലാൽ സർ അഭിനന്ദിച്ചത് എന്റെ കലാജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷങ്ങളായി കരുതുന്നു. ശിക്കാറിലെ ‘എന്തെടി എന്തെടി പനങ്കിളിയെ’ എന്ന സോങ് ഉപേക്ഷിക്കപ്പെടേണ്ടി വരും എന്നൊരു സാഹചര്യത്തിൽ ഞാനും രാജഗോപാൽ സാറും (പ്രൊഡ്യൂസർ) രാമോജി സ്റ്റുഡിയോയിൽ നേരിട്ടു സംസാരിച്ചു ഒരു പാക്കേജ് ആയി തന്നതും ആ സോങ് വളരെ നന്നായി ഷൂട്ട്‌ ചെയ്യാൻ പറ്റിയതും സുഖമുള്ള ഓർമയാണ്. ആ ലൊക്കേഷനിൽ കോതമംഗലം ക്ലൗഡ് 9 ഹോട്ടലിൽ ലാലേട്ടന്റെ ഒരു പിറന്നാളാഘോഷത്തിൽ കലാഭവൻ മണി ചേട്ടനൊപ്പം ഡപ്പാം കൂത്താടി തകർത്താഘോഷിച്ചതൊക്കെ ഇന്നും മനസ്സിലെ മായാത്ത ഓർമ്മകൾ ആണ്. അനുഭവങ്ങളും ഓർമകളും ഇനിയും ഒരുപാടുണ്ട്.

മോഹൻലാലിനൊപ്പം മനു ജഗദ്

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ലാലേട്ടന് എല്ലാവിധ ആശംസകൾ നേരുന്നതോടൊപ്പം ഐശ്വര്യങ്ങളും ആയുസ്സും ആരോഗ്യവും ഈശ്വരൻ നൽകട്ടെയെന്നു പ്രാർഥിക്കുന്നു. ”പിറന്നാളാശംസകൾ” പ്രിയ മോഹൻലാൽ സർ!

English Summary:
Manu Jagadh about Mohanlal

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 2l6771nis7acgc8urfcdo0leph


Source link
Exit mobile version