‘ആ രഹസ്യം മോഹൻലാൽ വെളിപ്പെടുത്തുമോ?’


വില്യം ഷേക്സ്പിയർ എഴുതിയ ‘ഹാംലെറ്റ്’ എന്ന നാടകത്തിനുള്ളിൽ വേറൊരു നാടകമുണ്ട് – ‘ദ് മൗസ് ട്രാപ്പ്’. പിതാവിനെ കൊലപ്പെടുത്തിയതിൽ ക്ലോഡിയസ് രാജാവിനു പങ്കുണ്ടോ എന്നു പരിശോധിക്കുന്നതിനായി പ്രിൻസ് ഹാംലെറ്റ് നടത്തുന്ന നിർണായക പരീക്ഷണമാണ് ഈ നാടകം. പരിശീലനത്തിനിടയിൽ ഹാംലെറ്റ് പല നിർദേശങ്ങളും നടീനടന്മാർക്കു നൽകുന്നുണ്ട്.  ഉദാഹരണമായി ഹാംലെറ്റ് പറയുന്നു- ‘‘ദയവായി ഞാൻ നിങ്ങളെ പഠിപ്പിച്ച വരികൾ സുഗമമായും സ്വാഭാവികമായും പറയുക. എന്നാൽ പല അഭിനേതാക്കളും ചെയ്യുന്നതുപോലെ, നിങ്ങൾ അവയ്ക്ക് അമിത പ്രാധാന്യം നൽകുകയാണെങ്കിൽ, എന്റെ വരികൾ,  നഗരത്തിലെ വിളംബരക്കാരന്  കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’’ ഹാംലെറ്റ് ഇതും ഓർമിപ്പിക്കുന്നുണ്ട്- ‘‘നിങ്ങളുടെ ക്രിയകളെ  നിങ്ങളുടെ വാക്കുകളുമായി പൊരുത്തപ്പെടുത്തുക. നിങ്ങളുടെ വാക്കുകളെ നിങ്ങളുടെ ക്രിയകളുമായി പൊരുത്തപ്പെടുത്തുക.’’ ഞാൻ മനസിലാക്കിയിടത്തോളം ‘ഹാംലെറ്റി’ലൂടെ ഷേക്സ്പിയർ രേഖപ്പെടുത്തിയ അഭിനയനിയമങ്ങളെ അതുപടി പാലിക്കുന്ന നാട്യപ്രതിഭയാണ്  മോഹൻലാൽ. അഥവാ ഇതല്ലേ, മോഹൻലാലിന്റെ അഭിനയകലയുടെ മർമംതന്നെ! ഇതിൽ വിശദമായ പരിശോധന നടത്തുന്നതിനായി ലാൽ അഭ്രപാളിയിൽ അനശ്വരമാക്കിയ ഏതാനും ചില ദുരന്തകഥാപാത്രങ്ങളിലൂടെ സഞ്ചരിച്ചു നോക്കാം.
മോഹൻലാലിന്റെ നായക സങ്കൽപങ്ങളെ അടിമുടി മാറ്റിമറിച്ച ചിത്രമാണ് ‘സുഖമോ ദേവി’. ജീവിതത്തെയും സൗഹൃദത്തെയും ആഘോഷമാക്കി മാറ്റുന്ന സണ്ണി പ്രണയത്തിൽപോലും പുതുമകൾ പരീക്ഷിച്ചു. കാമുകിയുമായി ബാറിലിരുന്ന് കൊച്ചുവർത്തമാനം പറയുന്ന, ചാർമിനാർ സിഗരറ്റിന്റെ മണമുള്ള  ധൈര്യശാലിയായ കാമുകൻ പ്രണയത്തെപ്പറ്റി പറയുന്നത് – ‘‘ഇത് എന്റെ രീതി. എന്റേത് മാത്രമായ രീതി. സകല തൊട്ടിത്തരങ്ങളുമായി പ്രേമിക്കുക….ചുരുക്കത്തിൽ ഒട്ടും റൊമാന്റിക്കല്ല’’ എന്നാണ്. പ്രതിനായക സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന സണ്ണിയെ യുവാക്കൾ ആരാധിച്ചു. അയാളുടെ തന്റേടത്തെ നെഞ്ചിലെടുത്തു.

പക്ഷേ പ്രിയപ്പെട്ടവരെ  ദുഃഖഗർത്തത്തിൽ തള്ളിവിട്ടുകൊണ്ട് പൊടുന്നനെ സണ്ണി വിടവാങ്ങുന്നു. ‘സുഖമോ ദേവി’യിൽ മോഹൻലാൽ പകർന്നാടിയ സണ്ണി ഒരു കഥാപാത്രം എന്ന നിലയിൽ മാത്രമാണ് ദുരന്ത നായകനാകുന്നത്. വ്യക്തിപരമായി അയാൾ സംഘർഷങ്ങൾ അനുഭവിക്കുന്നില്ല. സംഘർഷങ്ങളത്രയും  പ്രേക്ഷക മനസുകളിലാണ്. ഇവിടെ അഭിനയംകൊണ്ടല്ല, അസാന്നിധ്യംകൊണ്ടാണ് സണ്ണി കാണികളുടെ ഹൃദയത്തിൽ ഉണങ്ങാത്ത സങ്കടമായി മാറുന്നത്. പാത്ര പരിചരണത്തിലൂടെ അത്രമേൽ അഗാധമായ ആത്മബന്ധം സണ്ണി പ്രേക്ഷകരുമായി സ്ഥാപിച്ചെടുത്തിരുന്നു. നിസ്സന്ദേഹം പറയട്ടെ, സണ്ണിയുടെ വളർച്ചയാണ് പിൽക്കാലത്ത് മോഹൻലാലിന് ആരാധകസേനയെ സമ്പാദിച്ചുകൊടുത്ത പ്രതിനായക സ്വഭാവമുള്ള  കഥാപാത്രങ്ങളത്രയും!
കഥയും പശ്ചാത്തലവും മാറുന്നുണ്ടെങ്കിൽപോലും ‘താളവട്ടം’ ചിത്രത്തിനു പ്രചോദനമായ സിനിമയാണെന്നു പറയാം. ഇതിലെ നായകനായ വിനു മനോരോഗിയാണ്. തുടക്കത്തിൽ ഇക്കാര്യം ഡോക്ടർമാർക്കുപോലും കണ്ടുപിടിക്കാൻ സാധിക്കുന്നില്ല. ഇങ്ങനെ ബോധാബോധങ്ങൾക്കിടയിൽ ഊയലാടുന്ന കഥാപാത്രം ഏതു നടനും വെല്ലുവിളിതന്നെ. വിനുവിൻ്റെ മനോനിലകളിൽ വന്നുപോകുന്ന വ്യത്യാസങ്ങളെ ചിരികളിലൂടെയും നോട്ടങ്ങളിലൂടെയും ചലനങ്ങളിലൂടെയും മോഹൻലാൽ അവതരിപ്പിക്കുന്നു. രോഗിയായ വിനുവും രോഗവിമുക്തനായ വിനുവും തമ്മിൽ ഏറെ വ്യത്യാസമാണുള്ളത്. ദുരന്തപൂർണമായ കഥാന്ത്യത്തിൽ എല്ലാ വികാരങ്ങളും അനുഭവിക്കാമെന്നല്ലാതെ ഒന്നിനോടും പ്രതികരിക്കാവാത്ത അവസ്ഥയിൽ  കൺകോണിലൂടെ ഒലിച്ചിറങ്ങുന്ന ഒരു നീർമണിത്തുള്ളികൊണ്ട് ലാൽ വിനുവിന് സമ്പൂർണത നേടിക്കൊടുക്കുന്നു.

ദശരഥം സിനിമയിൽ നിന്നും

മോഹൻലാൽ ഉയിർ പകർന്ന എക്കാലത്തെയും മികച്ച കഥാപാത്രമാണ്, ഒരിക്കലും മോചനം നേടാനാവാത്ത പാപബോധത്തിൽ നീറിക്കഴിയുന്ന ഡോക്ടർ ഹരിദാസ്. ഡ്രഗ്സിൻ്റെ രാക്ഷസക്കോട്ടയിൽനിന്നു പുറത്തുകടക്കാൻ അയാൾ കഠിനമായി ശ്രമിക്കുന്നു, പരാജയപ്പെടുന്നു. ഇത്രയും ഭാരിച്ച വേഷം അവതരിപ്പിക്കുമ്പോൾ മോഹൻലാലിന് വെറും ഇരുപത്താറു വയസ്സേയുള്ളൂ! എന്നിട്ടും, പാപഭാരത്തിനും ലഹരിക്കും മധ്യേ ഉഴറുന്ന ഹരിദാസിനെ  തലമുടി മുതൽ കാൽനഖം വരെ മോഹൻലാൽ യഥാതഥമായി അവതരിപ്പിച്ചു.  അങ്ങേയറ്റത്തെ അഭിനയ സാധ്യതകൾക്കൊപ്പം ധാരാളം വെല്ലുവിളികളും ഉയർത്തിയ ഹരിദാസിന് ഒട്ടേറെ രൂപ-ഭാവാന്തരങ്ങളുണ്ട്. ഹോസ്റ്റലിലെ കിരാതമൂർത്തിയായ റാഗിങ് വീരൻ, മുറപ്പെണ്ണിന് തണുപ്പനായ കാമുകൻ, അയാളുടെ മൃഗയാവിനോദത്തിൽ ഹൃദയം പൊട്ടിമരിച്ച നമ്പൂതിരിക്കുട്ടിയുടെ  മാതാപിതാക്കൾക്കു മുന്നിൽ മോക്ഷം അർഹിക്കാത്ത കൊടുംപാതകി, ഉണ്ണിയുടെ സഹോദരി ശ്രീദേവിക്ക് രക്ഷകൻ. ഒരു ജ്വാലാമുഖം ഒന്നാകെ നെഞ്ചിലേറ്റുന്ന ഹരിദാസ് ‘ഒരു ജീവനു പകരം മറ്റൊരു ജീവൻ തന്നാൽ…’ എന്നു ചോദിക്കുന്ന രംഗം ഏതു കഠിന ഹൃദയത്തെയും നെടുകെ പിളർത്തിക്കളയും.

പ്രേക്ഷകർ ഉൽസവ ലഹരിയിൽ കൊണ്ടാടിയ സിനിമയാണ് ‘ചിത്രം’. ആരാധകർ ഇന്നും പുതുമയോടെ കണ്ടുകൊണ്ടിരിക്കുന്ന ചിത്രം ആദ്യ പകുതിയിൽ ചിരിയുടെ ഉഗ്ര വിസ്ഫോടനങ്ങൾ തീർത്തുകൊണ്ടു മുന്നേറുന്നു. വിഷ്ണുവിന്റെ പാട്ടിനും കളിതമാശകൾക്കും പിന്നാലെ കടന്നു വരാനിരിക്കുന്ന വിപത്തിനെപ്പറ്റി ചിന്തിക്കാൻ യാരൊരവസരവും ലാൽ പ്രേക്ഷകർക്കു നൽകുന്നില്ല. അതുകൊണ്ട്  അവർ ചിരിച്ച ചിരികളത്രയും സിനിമയുടെ രണ്ടാംപകുതിയിൽ  വിങ്ങിപ്പൊട്ടലായി മാറിപ്പോകുന്നു. നേരംപോക്കുകളും കുസ്യതിത്തരങ്ങളുമായി എല്ലാവരെയും രസിപ്പിച്ചു കൊണ്ടിരുന്നയാൾ തൂക്കുമരം വിധിക്കപ്പെട്ട കുറ്റവാളിയാണെന്നു വെളിപ്പെടുന്നതോടെ മോഹൻലാൽ അഭിനയസിദ്ധിയെ മറ്റൊരു കൊടുമുടിയിലേക്കു കൊണ്ടുപോകുന്നു, കഥാപാത്രത്തെ അടിസ്ഥാനപരമായി വ്യത്യാസപ്പെടുത്താതെതന്നെ അതുവരെ കാണാത്ത പുതിയൊരു മുഖം നിർമിച്ചെടുക്കുന്നു.  വിധിയുടെ മുന്നിൽ നിസ്സഹനായി നിന്നുകൊണ്ട് ‘സാർ, ജീവിക്കാൻ ഇപ്പോൾ ഒരു മോഹം തോന്നുന്നു…എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ’ എന്നു ചോദിക്കെ, അയാളുടെ ഇരുൾപടർന്ന കണ്ണുകളിലെ ഇടറിയ പ്രകാശനാളംപോലും മോഹൻലാൽ വ്യക്തതയോടെ പ്രതിഫലിപ്പിച്ചു.

മോഹൻലാലും സുചിത്രയും

 മുഴുക്കുടിയനും ധൂർത്തനുമായ  രാജീവ് മേനോന്റെ അനാഥത്വത്തെ ചുറ്റിപ്പറ്റി വളരുന്ന ‘ദശരഥം’ അതിസങ്കീര്‍ണവും ധീരവുമായ  ഒരു പ്രമേയത്തെ ലളിതമായി  അവതരിപ്പിച്ച സിനിമയാണ്. ഇതിന്റെ സങ്കീർണതയെ ലഘൂകരിക്കുന്നതിൽ മോഹൻലാലിന്റെ അഭിനയമികവ് ഏറെ സഹായിച്ചു. ജീവിതത്തിന്റെ അർഥം അറിയാൻ അവസരമില്ലാതെപോയ ഒരു ദുരന്തകഥാപാത്രത്തിന്റെ ആന്തരികസത്തയെ ശരീരഭാഷയിലൂടെ പുറത്തെടുക്കുന്ന കലയുടെ മികച്ച മാതൃകയായി ‘ദശരഥം’ കാലാതീതമായി ഓർക്കപ്പെടും. നിരവധി അഭിനയ മുഹൂർത്തങ്ങളാൽ സമൃദ്ധമായ തിരക്കഥയിലെ വൈകാരികരംഗങ്ങൾ മുപ്പത്തഞ്ചു വർഷങ്ങളായി ഹൃദയത്തിൽ പതിഞ്ഞുകിടക്കുന്നു. കുഞ്ഞിനെ ഏറ്റുവാങ്ങുന്ന സന്ദർഭത്തിലും ‘എന്റെ മോനെ എനിക്ക് തരുമോ’ എന്നു വിഹ്വലപ്പെടുന്ന രംഗത്തും ‘എല്ലാ അമ്മമാരും ആനിയെപോലെയാണോ’ എന്നു ചോദിക്കുമ്പോഴും മഹാനടന്റെ ഓരോ പരമാണുവും ത്രസിക്കുന്നത് പ്രേക്ഷകർ തിരിച്ചറിയുന്നുണ്ട്.
ഒരാളുടെ വ്യക്തിത്വ രൂപീകരണത്തിൽ സമൂഹം വഹിക്കുന്ന പങ്കിനെ അടയാളപ്പെടുത്തുന്ന ‘കിരീട’വും ‘ചെങ്കോലും’ ഏതു കാലഘട്ടത്തിലും  പുതിയതായി നിലനിൽക്കുന്ന സിനിമകളാണ്. ജീവിതത്തിൽ നിനച്ചിരിക്കാതെ ഇടിച്ചുകയറിയ ദുരന്തത്തെ ഏറ്റുവാങ്ങുന്ന  സേതുമാധവൻ  കണ്ണീർത്തുള്ളികൾ നിറയെ പൂത്തുനിൽക്കുന്ന സങ്കടനാളുകളുടെ മനോഭാരമായി നമ്മളിൽ ഇപ്പോഴും നീറിക്കൊണ്ടിരിക്കുന്നു. ഒരു ശരാശരി യുവാവിൽ തുടങ്ങി തെരുവു ഗുണ്ടയിൽ എത്തിച്ചേരുന്ന കഥാപാത്രത്തിന് സ്വാഭാവികമായും ഒട്ടേറെ ദുരിത സന്ദർഭങ്ങളിലൂടെ കടന്നുപോകണമല്ലോ. 
ആ വൈരുധ്യങ്ങൾക്കു നടുവിലും ചില സമാനതകളെ  നിലനിർത്താനുള്ള ബാധ്യത മോഹൻലാൽ നിറവേറ്റുന്നുണ്ട്.  അതുകൊണ്ടാണ്, കഥാപരമായ തുടർച്ച പാലിക്കുന്നുണ്ടെങ്കിലും രണ്ടു സിനിമകളിലും ലാൽ അവതരിപ്പിക്കുന്നത് രണ്ടു സേതുമാധവൻമാരെയാണെന്നു പറയേണ്ടിവരുന്നത്. ‘കിരീട’ത്തിനും ‘ചെങ്കോലി’നും ഇടയിൽ  നാലു വർഷങ്ങളുടെ ദൂരമുണ്ടെങ്കിലും അതിലേറെ ദൂരമുണ്ട്, രണ്ടു സേതുമാധവൻമാർക്കും നടുവിൽ! അവരുടെ ശരീരഭാഷകളും ഭാവപ്പകർച്ചകളും സമീപനങ്ങളുംപോലും രണ്ടാണ്. ഇതിനോടു താരതമ്യപ്പെടുത്താൻ ഉതകുന്ന ശൈലീകൃത അഭിനയവൈഭവം  അതിനുമുമ്പു നമ്മൾ പരിചയിച്ചത്  പി.ജെ. ആന്റണിയിലും ഭരത് ഗോപിയിലുമാണ്. കൂട്ടത്തിൽ ഡാനിയേൽ  ഡേ ലുവിസ്, ഗാരി  ഓൾഡ്മൻ, ഡെൻസൽ വാഷിങ്ടൻ, ടോം ഹാങ്ക്സ്, ലീയം നീസൺ ഇങ്ങനെ ചിലരെയും ഞാൻ ഓർത്തുപോകുന്നു.
 വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സത്യനാഥൻ അപൂർവത്തിൽ അപൂർവമായ കഥാപാത്രമാണ്. പ്രതീക്ഷകളില്ല, പശ്ചാത്താപമില്ല.  അയാൾ കരയുന്നില്ല, വൈകാരികമായി യാതൊന്നും പ്രതികരിക്കുന്നില്ല. കണ്ണുകളിൽ വല്ലപ്പോഴും മിന്നിമറയുന്ന തീത്തരികൾ മാത്രം. ചിത്രകാരനാണെങ്കിലും സത്യനാഥന്റെ ജീവിതത്തിന് യാതൊരു വർണ ഭംഗിയുമില്ല. ചാരത്തിനടിയിൽ കനലുകൾ നീറുന്നതുപോലെ നിഗൂഢതകൾ നിറഞ്ഞ ഒരു മനുഷ്യൻ. എന്നാൽ സിനിമയുടെ അവസാനത്തെ മുപ്പതു മിനിട്ടിൽ ഒരു കേവല മനുഷ്യ ജീവിതം കടന്നുപോകുന്ന സകലമാന സഹനങ്ങളുടെയും കുത്തൊഴുക്കിൽ സത്യനാഥൻ കരകവിയുന്നു. നെഞ്ചിലെ വിങ്ങലിനെ അന്ത്യനിമിഷംവരെ മറച്ചു പിടിക്കുവാൻവേണ്ടി അയാൾ എടുത്തണിഞ്ഞ നിർവികാരതയുടെ മുഖപടം തോലോടുകൂടി ചീന്തപ്പെടുന്നു. പൂർണ നടൻ എന്ന നിറവിലേക്കു മോഹൻലാൽ നടന്നുകയറിയ വഴിയിൽ വെള്ളിവെളിച്ചം പരത്തുന്ന സത്യനാഥൻ എനിക്കും നടുക്കുന്ന ഓർമയാണ്.

വേദിയിൽ പച്ച വേഷങ്ങളാടുന്ന കുഞ്ഞിക്കുട്ടൻ എന്ന കഥകളി നടൻ കിരിടം അഴിച്ചു കൊടുത്തുകൊണ്ട് ‘ഇതാ എന്റെ തല മുറിച്ചു തന്നിരിക്കുന്നു. ഇന്നുമുതൽ എനിക്ക് സത്വിക ഭാവം വേണ്ട, രൗദ്രഭാവം മാത്രം മതി’ എന്ന ദൃഢ തീരുമാനത്തിൽ എത്തിച്ചേരുന്ന കഥയാണ് ‘വാനപ്രസ്ഥം’ പറയുന്നത്. എനിക്ക് കുഞ്ഞിക്കുട്ടൻ ഒറ്റ കഥാപാത്രമല്ല, ഒരുപാടു കഥാപാത്രങ്ങളുടെ സമുച്ചയമാണ്. അയാളിൽ അർജുനനുമുണ്ടെന്നു മാത്രം. എന്നാൽ വേഷം അഴിച്ചുവച്ച്  മുഖച്ചായം മായിക്കുന്നതോടെ വെറും സാധാരണക്കാരനായി മാറുന്ന വ്യക്തിക്ക് താങ്ങാവുന്ന തിരസ്കാരമല്ല, ജീവിതത്തിൽ അയാൾ നേരിട്ടത്. ഇങ്ങനെ അഭിനേതാവിനെ അഭിനയിച്ചു കാട്ടുക എന്ന ദൗത്യത്തെ സാക്ഷാത്കരിക്കുന്നതിലൂടെ ലാൽ ഒരു അഭിനേതാവിൻ്റെ സകല പരിമിതികളെയും അതിജീവിക്കുന്നു. കലയിൽ  കഥാപാത്രവും കലാകാരനും തമ്മിലുള്ള  വൈരുദ്ധ്യാത്മകതയെ തിരിച്ചറിയുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന കുഞ്ഞിക്കുട്ടൻ സത്യത്തിൽ മോഹൻലാൽ എന്ന നടൻതന്നെയല്ലേ!
‘തന്മാത്ര’യിൽ മറവി എന്ന മഹാരോഗത്തിന്റെ പിടിയിൽ പെട്ടുപോയ ഒരു ഇടത്തരക്കാരനെ അവതരിപ്പിക്കാൻ മോഹൻലാൽ യാതൊരുവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടാവില്ല. വാക്കുകളുടെ സഹായത്താൽ  മാത്രം  സംവിധായകൻ പരിചയപ്പെടുത്തിക്കൊടുത്ത രമേശൻ ലാലിന് ജീവിതത്തിൽ തീർത്തും അപരിചിതനായിരുന്നു. എന്നിട്ടും അൾഷിമേഴ്സ് ബാധിച്ച വ്യക്തിയുടെ കണ്ണുകളിലെ വിഹ്വലത, വിഷാദം തുടങ്ങി കണ്ണുകളിലെ ശൂന്യതപോലും മോഹൻലാൽ അഭിനയിച്ചെടുത്തു. കഥാപാത്രത്തിലൂടെ ക്ഷമയോടെ സഞ്ചരിച്ചുകൊണ്ട് അയാളുടെ  ആന്തരികലോകത്തെ കണ്ടെത്തുക എന്ന സാഹസികത ‘തന്മാത്ര’യിൽ ലാൽ കാണിച്ചുതന്നു. നാവിന്റെ ചലനങ്ങൾ, നോട്ടങ്ങളിലെ വഴുതൽ, ഭാവശൂന്യമായ ഭാവങ്ങൾ, രോഗതീവ്രതയിൽ കാണിച്ചുകൂട്ടുന്ന പ്രവൃത്തികൾ  എന്നിവയിലൂടെ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം ഇൻഡ്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ദുരന്തകഥാപാത്രമായി പ്രേക്ഷകരുടെ മനസുകളിൽ വിങ്ങിക്കൊണ്ടിരിക്കുന്നു.

കിരീടം സിനിമയിൽ നിന്നും

‘ദൃശ്യം’ ഒന്നും രണ്ടും അടിസ്ഥാനപരമായി ത്രില്ലറുകളാണ്. എന്നാൽ സാധാരണക്കാരനായ, വേണ്ടത്ര  വിദ്യാഭ്യാസമില്ലാത്ത ഒരു നാട്ടിൻപുറത്തുകാരന്റെ വിശ്വസനീയത പുലർത്തുന്ന കൽപ്പന ജോർജുകുട്ടിയെയും ദുരന്ത കഥാപാത്രമാക്കി മാറ്റിയിട്ടുണ്ട്. വേട്ടമൃഗങ്ങളുടെ മുന്നിൽ അകപ്പെട്ട ഇരയുടെ വിഹ്വലതകളും നിസ്സഹായതകളും മാനസിക പിരിമുറുക്കങ്ങളും അയാളും അനുഭവിക്കുന്നു. ഏതു വ്യക്തിയുടെയും ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും വന്നു ഭവിച്ചേക്കാവുന്ന ദുരന്തം എന്ന നിലയിലാണ് ജോർജ്കുട്ടിയുടെ കഥ ലാൽ അവതരിപ്പിക്കുന്നത്. മുൻകാലങ്ങളിലെ ദുരന്ത കഥാപാത്രങ്ങളിൽനിന്ന് ഇയാൾ കുറച്ചൊന്നു വേറിട്ടു നിൽക്കുന്നുണ്ട്. ഇവിടെ വിധിക്കുമുന്നിൽ തളരുന്ന നായകനല്ല. കുടുംബത്തിന്റെ നിലനിൽപ്പിനായി കൊടിയ സംഘർഷങ്ങളുടെ നടുവിലും അയാൾ ഏകാംഗ പ്രതിരോധമുയർത്തുന്നു. വലിയ ശിക്ഷ അർഹിക്കുന്ന കൊലപാതകം നടത്തിയ വ്യക്തിയാണെങ്കിലും ജോർജുകുട്ടിയുടെ നേരെ പ്രേക്ഷകരുടെ അനുകമ്പ വളർത്തിയെടുക്കാൻ  മോഹൻലാലിന്റെ വികാരഭരിതമായ അഭിനയം ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്.  സ്നേഹം, ഭയം, സഹനം, സന്ദേഹം, ആശങ്ക, മനക്കരുത്ത്, ബുദ്ധിശക്തി എന്നിവയത്രയും ഒരേസമയം സംയോജിക്കുന്ന  ജോർജുകുട്ടിയെ മോഹൻലാൽ വളരെ വിദഗ്ധമായി സന്തുലനപ്പെടുത്തി നിർത്തുന്നു.
 തീർച്ചയായും ഈ സൂചിക പൂർണമല്ല. കേവലം ഒരു ലേഖനത്തിനുള്ളിൽ ഒതുക്കാൻ സാധിക്കുന്നതിലധികം ദുരന്തകഥാപാത്രങ്ങളെ നാൽപത്താറു വർഷത്തിനുള്ളിൽ മോഹൻലാൽ അവതരിപ്പിച്ചു കഴിഞ്ഞു. എനിക്കുതന്നെ ബോധ്യമുണ്ട്, ഈ പരമ്പരയിൽ അനിവാര്യമായും കണ്ണിചേർക്കേണ്ടതായ സിനിമകൾ ഇനിയും ഏറെയുണ്ട്. പഞ്ചാഗ്നി, ആര്യൻ, താഴ്‌വാരം, ധനം, ഉള്ളടക്കം, കമലദളം, അഹം, പവിത്രം, പക്ഷേ തുടങ്ങിയ സിനിമകൾ സവിശേഷമായി ഉദ്ധരിക്കട്ടെ. സകലമാന ആത്മപീഡകളും വിധിഹിതവും അഗ്നിപരീക്ഷകളും ഉള്ളിൽ ഒതുക്കിപ്പിടിച്ചു ജീവിച്ച റഷീദ്, ദേവനാരായണൻ, ബാലൻ, ഉണ്ണി, ഡോ. സണ്ണി, നന്ദഗോപൻ, സിദ്ധാർഥൻ, ചേട്ടച്ഛൻ ഉണ്ണികൃഷ്ണൻ, ബാലചന്ദ്രൻ എന്നിങ്ങനെ  മലയാളിയുടെ  മറവിയിലേക്കു മറയാൻ വിസമ്മതിക്കുന്ന എത്രയോ നിസ്സഹായരായ കേവല മനുഷ്യരെ  മോഹൻലാൽ അഗാധമായി പരിചയപ്പെടുത്തിത്തന്നു. ഇതിൽ  ഇനിയും കൂട്ടിച്ചേർക്കലുകൾ വരുത്താൻവേണ്ട വിപുലമായ ചലച്ചിത്രാനുഭവങ്ങൾ സൂക്ഷിക്കുന്നവരാണ് ഇതു വായിക്കുന്നവരിൽ പലരും എന്ന യാഥാർഥ്യം ഞാനും മനസിലാക്കുന്നു.

മോഹൻലാൽ അവതരിപ്പിച്ച ദുരന്ത കഥാപാത്രങ്ങളുടെ അനന്യമായ വിജയത്തെ വിശകലനംചെയ്യുമ്പോൾ വിഖ്യാതരായ ചില നടന്മാരെ ഓർക്കേണ്ടി വരുന്നു. സ്വാഭാവിക അഭിനയത്തിന് പേരുകേട്ട റഷ്യൻ നടനും നാടക പരിശീലകനുമായ കോൺസ്റ്റന്റൈൻ സ്റ്റാനിസ്ലാവ്സ്കിയുടെ അഭിനയസിദ്ധാന്തങ്ങൾ മോഹൻലാലിൽ  എപ്പോഴുംതന്നെ  പ്രതിഫലിപ്പിക്കുന്നുണ്ട്. അങ്ങനെ, പ്രകടനത്തിൽ  വൈകാരികമായ  ആധികാരികത പകരുന്നതിന്  മനഃശാസ്ത്രപരമായ യാഥാർഥ്യത്തിൽ  ഊന്നൽ നൽകുന്ന ‘മെത്തേഡ്’ സമ്പ്രദായം ലാലും  അനുവർത്തിക്കുന്നു. പ്രേക്ഷകരിൽ ആധികാരിക വികാരങ്ങൾ പ്രതിധ്വനിപ്പിക്കുന്നതിനായി ‘ഇമോഷനൽ മെമ്മറി’ യും അദ്ദേഹം പ്രയോജനപ്പെടുത്തുന്നുണ്ടാവണം. കഥാപാത്രത്തിന്റെ ആഗ്രഹങ്ങളും പ്രേരണകളും ഗഹനതയിൽ  മനസിലാക്കുന്നതിലൂടെ, പ്രേക്ഷകരുടെ മുമ്പാകെ  അവരെ കൂടുതൽ ബോധ്യപ്പെടുത്തുന്ന രീതിയിൽ  വിശ്വസനീയമായും സൂക്ഷ്മമായും അവതരിപ്പിക്കുന്നതിനുള്ള പ്രേരകശക്തി മോഹൻലാലിന്‌ നൈസർഗികമായി ലഭിച്ചതാണല്ലോ. 
വൈവിധ്യമാർന്ന വിഭാഗങ്ങളിലും വ്യക്തിത്വങ്ങളിലുമുള്ള കഥാപാത്രങ്ങളെ ഫലപ്രദമായി ആൾമാറാട്ടം ചെയ്യുന്നതിലും  ഫ്രഞ്ച് നടൻ വിൻസെന്റ് കാസൽ പുലർത്തുന്ന കഴിവിനെ ഓർമിപ്പിക്കുന്നതരത്തിൽ  ഓരോ വ്യക്തിയുടെയും സാരാംശം പൂർണമായി ഉൾക്കൊള്ളാൻ ദുരന്തകഥാപാത്രങ്ങളുടെ അവതരണത്തിൽ മോഹൻലാൽ സവിശേഷമായി ശ്രദ്ധിച്ചിട്ടുണ്ട്. ഷേക്സ്പിയറുടെ നിരവധി ദുരന്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ലോറൻസ് ഒലീവിയർ സമാനതകളില്ലാത്ത സത്യസന്ധതയോടും നിർമലതയോടുംകൂടി വേഷങ്ങളെ  ജീവസുറ്റതാക്കുന്നതിൽ നൽകുന്ന വ്യാഖ്യാനങ്ങൾ മോഹൻലാലിലും കാണുന്നു. ഭാഷയിലെ വൈദഗ്ദ്ധ്യം, വൈകാരിക സാന്ദ്രത, സങ്കീർണമായ കഥാപാത്രങ്ങളുടെ നേർക്ക് കരുതലോടെയുള്ള സമീപനം എന്നിവ ദുരന്ത കഥാപാത്രങ്ങളുടെ രൂപകൽപ്പനയിൽ  മായാത്ത മുദ്ര പതിപ്പിച്ചുകൊടുക്കുന്നു.

മോഹൻലാലിനൊപ്പം ഡോ. മധു വാസുദേവൻ

 പൊതുവേ നിരീക്ഷിച്ചാൽ മോഹൻലാൽ അവതരിപ്പിച്ചിട്ടുള്ള ദുരന്ത കഥാപാത്രങ്ങളുടെ ചില സവിശേഷതകൾ വെളിപ്പെട്ടുകിട്ടുന്നുണ്ട്. അവർ ഒരിക്കലും ആവർത്തിക്കപ്പെടുന്നവരല്ല. കാരണം ഓരോ കഥാപാത്രത്തിനും യോജിച്ച പുനരാഖ്യാനം നൽകുന്നതിൽ ലാൽ  അസാധാരണമായ ജാഗ്രത പുലർത്തിയിട്ടുണ്ട്. അതിനുവേണ്ടി അഭിനയകലയുടെ പ്രമാണങ്ങളെല്ലാം സമൃദ്ധമായി ഉപയോഗിച്ചതിനോടൊപ്പം ഏറെ മനസികാധ്വാനവവും അദ്ദേഹം ചെലുത്തിയിട്ടുണ്ട്. എന്തെന്നാൽ വൈകാരിക സാന്ദ്രത ഏറി നിൽക്കുന്ന ദുരന്തകഥാപാത്രങ്ങളെ അഭിനയിക്കുമ്പോൾ ഓരോ ചലനവും സംഭാഷണങ്ങളുടെ ലയവിന്യാസവും അധികമായി ശ്രദ്ധിക്കേണ്ടി വരും. കഥാപാത്രങ്ങളെ സമ്പൂർണമായി ഉൾക്കൊള്ളുന്നതിനായി അവരുടെ മനോവ്യാപാരങ്ങളിലൂടെ ക്രമാനുഗത  വളർച്ചയിൽ നല്ല ജാഗ്രത വേണ്ടിവരും. പല ഘട്ടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയിൽ ഇതെപ്പോഴും പ്രയോഗികമാകണം എന്നില്ല. 
എന്നിട്ടും കഥാപാത്രങ്ങളുടെ, വിശേഷിച്ചും  ദുരന്തകഥാപാത്രങ്ങളുടെ അപകടകരമായ മാനസികാവസ്ഥകളുടെ തുടർച്ച നിലനിർത്താനും നിർത്തിയ ബിന്ദുവിൽനിന്നു മുന്നോട്ടു കൊണ്ടുപോകാനും മോഹൻലാലിനു സാധിക്കുന്നു. അത്രയും സമഗ്രമായിത്തന്നെ ലാൽ ഓരോ കഥാപാത്രത്തെയും കഥാസന്ദർഭങ്ങളെയും ബോധാബോധങ്ങളിൽ ലയിപ്പിച്ചിട്ടുണ്ടാവണം. ഇതുപക്ഷേ ലാൽ ഒരിക്കലും സമ്മതിച്ചുതരികയില്ല! അദ്ദേഹംതന്നെ പറയാറുണ്ട്- ‘‘അഭിനയത്തിന് ഒരു രഹസ്യമുണ്ട്. നിഭാഗ്യവശാൽ  ആ രഹസ്യം ആരും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.’’ ലാൽ ജീവൻ നൽകിയ ദുരന്തകഥാപാത്രങ്ങൾ മനസിൽ ഏൽപ്പിച്ച ആഘാതങ്ങൾ വർഷങ്ങൾക്കുശേഷവും അതേ തീവ്രതയിൽ തുടരുമ്പോൾ, ഈ വാക്കുകളിലെ നിഷ്കളങ്കതയെ  വിശ്വസിക്കാൻ  എനിക്കും ബുദ്ധിമുട്ടുണ്ടാകുന്നു. അതുകൊണ്ട് ഈ പിറന്നാൾ വേളയിൽ പ്രിയ നടൻ വെളിപ്പെടുത്തട്ടെ- ശൂന്യമായ ഒരു നോട്ടംകൊണ്ട്, വിരൽത്തുമ്പുകളുടെ നേർത്ത ചലനങ്ങൾകൊണ്ട്, മറച്ചുപിടിച്ച കരച്ചിൽകൊണ്ട്, പറയാത്ത  വാക്കുകൾകൊണ്ട്, വിളറിയ ചിരികൾകൊണ്ട്, ആഴമുള്ള മൗനങ്ങൾകൊണ്ട്, തണുത്തുറഞ്ഞ  നിർവികാരതകൊണ്ട് അങ്ങ് നിർമിച്ചെടുത്തിട്ടുള്ള  വികാരപ്രപഞ്ചങ്ങളുടെ ചിന്മയ രഹസ്യം എന്താണ് ? 

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളജിൽ പ്രഫസറുമാണ്. )


Source link
Exit mobile version